കവി
നീലവാനത്തിൻ മാറിൽ രത്നമാലിക പോലെ
പ്രോജ്വലം കവേ നിന്റെയക്ഷരനക്ഷത്രങ്ങൾ!
ഗഹനം പാരാവാരം എത്രയോ നിഗൂഢമായ്
കാത്തുവയ്ക്കുന്നു ഗർഭഗൃഹത്തിൽ രത്നങ്ങളെ.
ഘനഗംഭീരം നിന്റെ വാക്കുകൾക്കുള്ളിൽമിന്നി-
ത്തെളിഞ്ഞേ വിളങ്ങുന്നിതർത്ഥവും ഭാവങ്ങളും.
അന്ധകാരത്തിൽ പൂക്കും കാഞ്ചന ശലാകപോൽ
ഹൃദയം തരിപ്പിക്കും ഭാവനാവിലാസങ്ങൾ.
കാമരൂപിയാം മേഘമാലപോൽ വിഭൂഷകൾ,
മാരിവില്ലുപോൽ നയനോത്സവം പദാവലി.
ലാസ്യമോഹിനീ നൃത്തരൂപമോ ഛന്ദസ്സാക്ഷാൽ
രുദ്രതാണ്ഡവം പോലെ ചടുലം പദക്രമം.
വാക്കുമർത്ഥവും തമ്മിൽ പിരിയാതദ്വൈതമായ്
ശിവശക്തികൾപോലെ മെയ്പകുത്തൊഴുകുന്നു.
ഫാലനേത്രത്തിൽ നിന്നമുയരും ജ്വാലാമുഖീ
നർത്തനം-ജടാടവീ നിർഝരി, സുധാമയം.
വാമവക്ഷോജം ചുരന്നൊഴുകിപ്പരക്കുന്നു,
സർവപാലകം പ്രേമം, ഭാസുരം സനാതനം.
വായ്ത്തലമിന്നും ഭീതിദായകം പിനാകമോ
ക്ഷുദ്രസംഹാരം ചെയ്യും ധീരമാമാഭൂഷണം.
സ്വയം ഭൂ മഹാസൃഷ്ടി ചിഹ്നമോ സർഗ്ഗക്രിയാ -
ലോലുപം ദിക്കാലതിവർത്തിയായ് രമിക്കുന്നു.
കാമരൂപനേ നിന്റെ വിരൽത്തുമ്പുകൾ ചലി-
ക്കുമ്പൊഴി മഹാവിശ്വമണ്ഡലം തിരിയുന്നു.
നിന്റെ സ്വപ്നങ്ങൾ മധുവേന്തിടും പുഷ്പങ്ങളായ്.
ശോകമോ മഹാവർഷപാതമായ് പൊഴിയുന്നു
.ഹേ കവേ, മഹാ കാലപൂരുഷൻ നീയാണല്ലോ
നിന്നിലുൾച്ചേരും പരാശക്തിയിപ്രപഞ്ചവും.
(ജൂലായ് 2013)