Saturday, 31 August 2013

പുതിയ പാഠം*

പുതിയ പാഠം


എന്റെ നെഞ്ചു നെരിപ്പോടാക്കി
 ദുഃഖത്തിൻ കനലൂതിയുണർത്തി
നിന്റെ കിനാവുകളൂഷ്മളമാക്കീ ഞാൻ.

കൂർത്ത വാക്കിൻ
 കുപ്പിച്ചില്ലുകൾ
ചിതറിയ വീഥിക്കിരുപുറമെന്നും
മുള്ളുവിടർത്തീ
കള്ളിപ്പൂച്ചെടികൾ.

ഹൃദയം കീറിയ പ്രണയവടുക്കൾ
കണ്ണീരുപ്പുപുരട്ടിയുണക്കി
നിനക്കശിക്കാൻ
വിഭവമൊരുക്കീ ഞാൻ.

ചോരമണത്തിട്ടാർത്തിയൊലിക്കും,
ചങ്ങല പൊട്ടിച്ചോടാൻ വെമ്പും,
കൊഴുത്തുകുറുകിയ വേട്ടപ്പട്ടികളെ,

മദിച്ചടുത്ത കൊടുങ്കാറ്റായി,
ദുരയുടെ പൂട്ടുതുറന്നതുപോലെ,
 നായാടാനായഴിച്ചുവിട്ടൂ നീ.

അവയ്ക്കു പല്ലിൻ മൂർച്ചയളക്കാൻ,
കുടൽ കടിച്ചു കുടഞ്ഞു രസിക്കാൻ,
ദ്രവിച്ച കരളിൻ ഭിത്തിതുരന്നെൻ
തകരപ്പെട്ടിയിൽ  പൂട്ടി മുറുക്കിയ
തണുത്ത സ്വപ്നങ്ങൾ,
തുറന്നുവിട്ടൂ ഞാൻ.

കണ്ണും കാതും കൊട്ടിയടച്ചെൻ
മുഖം കുനിച്ചും ബുദ്ധി മരച്ചും
മെഴുകിയ തിണ്ണയിൽ
തണുത്തിരിപ്പൂ ഞാൻ.

വലിച്ചിഴച്ചും കുടഞ്ഞെറിഞ്ഞും
 കടിച്ചു കീറട്ടെ.
സ്വപ്നശതങ്ങൾ പൂത്തൊരു ഹൃദയം
ചിതറി നുറുങ്ങട്ടെ.
രുധിരകണങ്ങൾ തെറിച്ചുവീണീ
മണ്ണു ചുവക്കട്ടെ.

ഇടയ്ക്ക കൊട്ടിപ്പാടുന്നൂ കവി
നാട്ടു നടപ്പത്രേ .
ഊട്ടിയ കയ്യ്യ്യിൽ കൊത്തി രസിപ്പതു
നാട്ടു നടപ്പത്രേ!
ഇന്ദ്രിയമഞ്ചും തുറന്നു വച്ചതു
 കണ്ടു പഠിച്ചോളൂ!!

                                                                                            (ആഗസ്റ്റ്‌ 2013)

2 comments: