Thursday, 1 August 2013

ഒരു കർക്കിടകക്കൊതി



ഒരു കർക്കിടകക്കൊതി

രാമനാമം ജപിക്കേണ്ട നേരത്തു നീ
കാമചാപം കുലയേറ്റുന്നതെന്തിദം?

കർക്കിടകക്കഞ്ഞി വേവുമടുക്കള
ക്കോലായിലും കാറ്റു ശൈത്യം പരത്തിയോ!
കാച്ചെണ്ണ തേച്ച നിൻ കാർകൂന്തൽ കെട്ടഴി-
ഞ്ഞാകെ പടർന്നു കിടക്കുന്നു വശ്യമായ്.

തൂവിയർപ്പിൽ പാതിമാഞ്ഞ നിൻ  കുങ്കുമം
അന്തിവാനത്തിൽ പടർന്ന ചെഞ്ചായമൊ?
പ്രൗഢയാണെങ്കിലും ഓമനേ കാന്തി നിൻ
മെയ് ചേർന്നു നിൽക്കുന്നു പൂവിൽ സുഗന്ധമായ്.

സാരിചെരിച്ചേറ്റി നിൽക്കവെ മൈലാഞ്ചി
ചിന്നിച്ചുവന്ന നിൻ ചാരുപാദങ്ങളെ,
കൈവെള്ളയിൽ വച്ചു മെല്ലെത്തലോടിയൊ-
ന്നുമ്മ വച്ചീടാൻ കൊതിച്ചുപോകുന്നു ഞാൻ.

തെന്നി നീങ്ങുന്നെന്റെ കണ്ണുകൾ കൗതുകാൽ
കേളീവിലോലമാം മധ്യമവീചികൾ!
ഉമ്മവച്ചീടുന്നു കൺകളാൽ ശംഖൊളി
ചേരും കഴുത്തിലും കാതിൻ ചുവട്ടിലും.

ചെമ്പനീർ മൊട്ടിൽ പനിനീരുപോലെമേൽ-
ചുണ്ടിൽ കിനിഞ്ഞിറങ്ങുന്ന തൂമുത്തുകൾ,
ഒപ്പിയെടുക്കാൻ കൊതിക്കുന്നു ചുണ്ടുകൾ
ചഞ്ചലം മർക്കടസന്നിഭം മാനസം!

രാമരാമേതി ജപിക്കേണ്ട നേരത്തു
മാരശരമാരി പെയ്യുന്നു ചുറ്റിലും....

                                                                                                   (ആഗസ്റ്റ്‌ 2013)

5 comments:

  1. രാമനാമം ജപിക്കേണ്ട നേരത്തു
    കാമചാപം കുലയ്ക്കുന്നതെന്തു നീ?

    ഒപ്പിയെടുക്കാൻ കൊതിക്കുന്നു ചുണ്ടുകൾ
    ചഞ്ചലം മർക്കടസന്നിഭം മാനസം!

    മർക്കടാ നീയങ്ങു മാറിക്കിടക്കടാ!

    പാരായണം ചെയ്ക രാമായണം മഹാ-
    നാചാര്യനേയും സ്മരിക്കണം സന്തതം...

    ReplyDelete
  2. താളം പോകുന്നല്ലോ ഷാജി !!!

    ReplyDelete
  3. രാമനാമം ജപിക്കേണ്ട നേരത്തു
    കാമചാപം കുലയ്ക്കുന്നതെന്തു നീ? - ദ്രുതകാകളി

    ഒപ്പിയെടുക്കാൻ കൊതിക്കുന്നു ചുണ്ടുകൾ
    ചഞ്ചലം മർക്കടസന്നിഭം മാനസം! കാകളി

    പാരായണം ചെയ്ക രാമായണം മഹാ-
    നാചാര്യനേയും സ്മരിക്കണം സന്തതം... കാകളി

    ReplyDelete