Wednesday, 22 May 2013

ജന്മാന്തരം

ജന്മാന്തരം

ഈ വയൽ പൂവിതൾത്തുമ്പിലെത്തൂമഞ്ഞു
തുള്ളി ഞാനായിരുന്നെങ്കിൽ!
പ്രിയനേ നിനക്കു നിൻ മുഖമൊന്നു കാണുവാൻ 
കണ്ണാടിയായ് മാറിയേനെ.
കാറ്റായിരുന്നു ഞാനെങ്കിൽ നിൻ തോൾ ചേർന്നു
ചങ്ങാതിയായ് നടന്നേനെ.

കുളിരായി നിന്നെപ്പൊതിഞ്ഞുറങ്ങാൻ മഴ-
ച്ചാറലായിക്കിളിയാക്കാൻ,
കാറ്റിന്നലകളിൽ പാറും പരാഗമായ് 
നിന്മുഖം  ചുംബിച്ചു പോകാൻ,
നീയുറങ്ങുമ്പോൾ നിലാവിന്റെ ചിന്തായി 
കിളിവാതിലൂടെത്തിനോക്കാൻ,
മോഹം പൊറാഞ്ഞനുരാഗിണി ഞാൻ വൃഥാ
സ്വപ്നങ്ങളെത്രയോ നെയ്തു!

ഏറെത്തളർന്ന നിൻ പാദങ്ങൾ വല്ലാതെ 
നോവുമ്പൊഴൊന്നിളവേൽക്കാൻ,
മാമരച്ചില്ലതൻ ശീതളച്ഛായയായ് 
സുമശയ്യയായി ഞാൻ മാറാം.
രാഗമായൊഴുകിപ്പരക്കട്ടെ ഞാൻ നിന്റെ-
യുള്ളിലും ചുറ്റുമെന്നെന്നും,

കാത്തിരുന്നീടാമനന്തജന്മങ്ങളിൽ
പ്രാണനേ നിന്നിൽ ലയിക്കാൻ.
തപമാണു ജന്മങ്ങളോരോന്നുമെൻ സഖേ
നീതന്നെയാകുന്നു വരവും!

                                                                                   (മെയ് 2013)

3 comments: