ഞാൻ തുളുമ്പിപ്പോകുമ്പോൾ ഏറ്റുവാങ്ങാൻ
ദാഹം തിളയ്ക്കുന്ന മണ്ണായ്,
വരണ്ടുണങ്ങുമ്പോൾ വേരുകൾക്ക്
ആഴങ്ങളിൽനിന്ന് ഉറവപൊട്ടുന്ന കനിവായ്,
തളർന്നുറങ്ങുമ്പോൾ
ചുറ്റും നിറയുന്ന സ്നേഹമായ്,
പൊതിയുന്ന കരുത്തായ്,
നോവുമ്പോൾ തലചായ്ക്കാൻ
എന്നിലേയ്ക്കു ചായുന്ന ചുമലായ്,
കൈപ്പിടിയിൽനിന്നൂർന്നു പോകാത്ത
ചെറുവിരൽത്തുമ്പായ്,
പേടികൾക്ക് ഒളിക്കാൻ കാടായ്,
കൗതുകങ്ങൾക്ക് മഴവിൽച്ചന്തമായ്,
എന്നിലെ നിറവുകൾക്ക്
ഒഴുകിയെത്താൻ കടലായ്,
പെരുകുന്ന കണ്ണീരിനുപ്പായ്,
എന്റെ പ്രണയത്തിനു കുറുകാൻ
ഇളം ചൂടുള്ള കൂടായ്,
ഉള്ളില്‍ തിളയ്ക്കുന്ന തിരമാലകള്‍ക്ക്
വാക്കിന്റെ രൂപാന്തരമായി,
ലിപികൾ തോൽക്കുന്നിടത്ത്
നെഞ്ചിടിപ്പുകൾക്ക് മേൽ
ഒരു സർപ്പചുംബനത്തിന്റെ നിർവൃതിയായ്
നീ ഉണ്ടാവുമോ?
കാതുകൾ തേടുകയാണു നിരന്തരം
കാണാമറയത്തെ ഇടനാഴിയിൽ
നിന്റെ തണുത്ത കാലൊച്ച!!!