20/ 09 /2014
ജീവിച്ചിരുന്നു എന്ന്‍
പുറംലോകം അറിയാതെ
ഒരു പകല്‍ മാത്രം
ജീവിച്ചു പൊലിയുന്ന വനപുഷ്പങ്ങള്‍.
ഒരു സ്വീകരണമുറിയിലും
അലങ്കാരവസ്തുവാകാതെ,
കാര്‍കൂന്തലഴകിനു മാറ്റുകൂട്ടാതെ,
ഒരു വിഗഹത്തിനു മുന്നിലും
തലകുനിക്കാതെ,
ഒരു കാമുകിയുടെയും നേര്‍ക്കും
നീട്ടപ്പെടാതെ,
ഒരു മണിയറയിലും ക്ഷതമേല്‍ക്കാതെ,
ജീവിച്ചിരുന്നതിന് ഒരു കയ്യൊപ്പുപോലും
അവശേഷിപ്പിക്കാതെ
മാഞ്ഞുപോകുന്നവ......
ഒരു വസന്തത്തെ മുഴുവന്‍
ഉള്ളില്‍ വഹിച്ചിരുന്നു എന്ന്
കാര്‍വണ്ടുകള്‍ അറിഞ്ഞിട്ടുണ്ടാവും .
ഒരു പക്ഷെ കാട്ടുതേനീച്ചകളും.........................
പുറംലോകം അറിയാതെ
ഒരു പകല്‍ മാത്രം
ജീവിച്ചു പൊലിയുന്ന വനപുഷ്പങ്ങള്‍.
ഒരു സ്വീകരണമുറിയിലും
അലങ്കാരവസ്തുവാകാതെ,
കാര്‍കൂന്തലഴകിനു മാറ്റുകൂട്ടാതെ,
ഒരു വിഗഹത്തിനു മുന്നിലും
തലകുനിക്കാതെ,
ഒരു കാമുകിയുടെയും നേര്‍ക്കും
നീട്ടപ്പെടാതെ,
ഒരു മണിയറയിലും ക്ഷതമേല്‍ക്കാതെ,
ജീവിച്ചിരുന്നതിന് ഒരു കയ്യൊപ്പുപോലും
അവശേഷിപ്പിക്കാതെ
മാഞ്ഞുപോകുന്നവ......
ഒരു വസന്തത്തെ മുഴുവന്‍
ഉള്ളില്‍ വഹിച്ചിരുന്നു എന്ന്
കാര്‍വണ്ടുകള്‍ അറിഞ്ഞിട്ടുണ്ടാവും .
ഒരു പക്ഷെ കാട്ടുതേനീച്ചകളും.........................
12/09/2014
മണ്‍ ചെരാതിൽ തെളിഞ്ഞു കത്തുന്നു പ്രണയത്തിൻറെ നാളം.
കാമം കാട്ടുതീയായി അവസാനത്തെ പൂമൊട്ടിനേയും
നക്കി നുണയുന്നു.
കരിമ്പാറക്കൂട്ടത്തിലെ കാണാമറയത്തുന്നും
ഉറന്നു വരുന്നു
പ്രണയത്തിന്റെ നീർച്ചാൽ.
എത്ര തിരയടിച്ചിട്ടും
ശമിക്കാത്ത കടലായി കാമം.
തളിരുകളെ നോവാതെ മുകർന്ന്
പുളകം കൊള്ളിച്ച് പ്രണയത്തെന്നൽ.
ഇല തല്ലിക്കൊഴിച്ചും ശിഖരങ്ങൾ പിരിച്ചെറിഞ്ഞും
വന്മരങ്ങളെ കടപുഴക്കുന്നു
പ്രചണ്‍ഡകാമം.
04/08/2014
മഴയും മഞ്ഞും കുളിര്‍കാറ്റും ഒക്കെ പ്രണയികള്‍ക്ക് ആനന്ദവും പ്രചോദനവും ആണ്. അതില്‍ത്തന്നെ മഴയ്ക്ക് സവിശേഷമായ ഒരു കാല്പനിക ഭാവമുണ്ട്. വിസ്മയിപ്പിക്കുന്ന എത്രയോ അവസ്ഥാന്തരങ്ങളുണ്ട് മഴയ്ക്ക് !
മഴനൂലുകള്‍ വാരിവിതറുന്ന ചാറ്റല്‍മഴ മുതല്‍ സംഹാരതാണ്ഡവമാടുന്ന മഹാമാരിവരെ ..... കവികള്‍ക്കും മഴ ഉത്സവം തന്നെ. എത്ര വര്‍ണ്ണിച്ചാലും വാഴ്ത്തിപ്പാടിയാലും മതിവരാത്ത വശ്യ സൌന്ദര്യമുണ്ട് ഈ സുന്ദരമായ പ്രകൃതി പ്രതിഭാസത്തിന്.
രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മഴ അവധിയുടെ മോഹങ്ങള്‍ നിറയ്ക്കുന്നു കുട്ടികളിലും അധ്യാപകരിലും .കലക്ടര്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ ഉള്ളിലെ മടി സ്വയമറിയാതെ അതാഘോഷിക്കുന്നുമുണ്ട് . ഫേസ്‌ബുക്ക് സ്റ്റാറ്റസ് മഴക്കവിതകളാല്‍ കവിഞ്ഞൊഴുകുന്നു .(എന്റേതടക്കം )
മഴയും വെള്ളപ്പൊക്കവും ആഘോഷമാക്കി മാറ്റുമ്പോള്‍ ചിലമുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നു.കുറ്റബോധത്തിന്റെ ഒരു ചാട്ടയടി സ്വപ്നലോകത്തില്‍നിന്ന് ഇറങ്ങി വന്ന്‍ പച്ച മണ്ണില്‍ കാല്‍ ചവിട്ടി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സുരക്ഷിതരായി മാളികമുകളില്‍ ഇരുന്നു ചായയും പലഹാരവും കഴിച്ച് ഗൃഹാതുരത്വത്തോടെ മഴയഴകുകളെക്കുറിച്ച് എഴുതി സായുജ്യമടയാം. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതങ്ങളെ മഴ നനച്ചു കുതിര്‍ത്തി കളയുന്നില്ലേ?
പാടവും വീടും തോടും ഒന്നാക്കി മാറ്റുന്ന മഴയെ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ എങ്ങനെയാവും കാണുക?
അടുപ്പിന്റെ നിരപ്പിലും കിടപ്പിന്റെ നിരപ്പിലും ഒഴുകിയെത്തുന്ന ജലനിരപ്പിനെ അവര്‍ എങ്ങനെ പ്രണയിക്കും? തീ പുകയാത്ത അടുപ്പുകള്‍ ! അടുപ്പിലെ തീ കെടുത്തുന്ന മഴ വയറ്റിലെ തീ ആളിക്കത്തിക്കും . ചുറ്റും നിറഞ്ഞൊഴുകി പരന്നുകിടക്കുന്ന ജലപ്രളയത്തില്‍ കുടിവെള്ളം പോലുമില്ലാത്ത ഒരു ദുരവസ്ഥ .. പ്രായം തികഞ്ഞ പെണ്‍കുട്ടികളും സ്ത്രീകളും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെ .................... ടോയ്‌ലറ്റില്‍ പോകുന്ന കാര്യമാണ് ഏറെ കഷ്ടം ... വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന രോഗദുരിതങ്ങളും ക്ഷുദ്രജീവികളും ... ചുറ്റും ഒഴുകിനടക്കുന്ന വിസര്‍ജ്യങ്ങള്‍ .....എത്ര മനോഹരമായ കാഴ്ചകള്‍ അല്ലെ !! ദുരിതാശ്വാസ ക്യാമ്പുകളിലെ സുഖവാസം ...മടങ്ങിയെത്തുമ്പോഴേയ്ക്കും സ്വന്തമായുണ്ടായിരുന്നതെല്ലാം കൊണ്ടുപോയി അറബിക്കടലില്‍ തള്ളിയിട്ടുണ്ടാവും മഴയും വെള്ളവും കൂടി ...... ഇനിയും തോന്നുന്നുണ്ടോ പ്രണയകവിതകള്‍ ?
ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ ഒരു സുഖകരമായ ദൃശ്യം കൂടിയാവാം ..
ഓരോ തുള്ളി മഴയ്ക്കും ചങ്കില്‍ പെരുമ്പറ മുഴങ്ങുന്ന മുല്ലപ്പെരിയാര്‍ നിവാസികളുടെ മുഖം .... തുള്ളിതോരാതെ പെയ്യുന്ന മഴയിലൂടെ വല്ലപ്പോഴുമൊക്കെ ഈ നേര്‍ക്കാഴ്ചകള്‍ കൂടി കടന്നു പോകട്ടെ . ഇവര്‍ നമ്മളെക്കാളധികം പാപമൊന്നും ചെയ്തിട്ടുണ്ടാവില്ല ..... അധികമൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും സമഭാവനയോടെ ഒന്ന് ഓര്‍മ്മിക്കയെങ്കിലും ആകാമല്ലോ .....
***************************
കണ്‍ നിറഞ്ഞൊഴുകാതെ,
ചുണ്ടുകൾ വിതുമ്പാതെ,
നെഞ്ചിലെ പാറക്കെട്ടിൻ
വിള്ളലിൽ വിരിഞ്ഞുവോ
ആത്മനൊമ്പരത്തിന്റെ-
യഗ്നിപുഷ്പങ്ങൾ നീളെ,
തീക്കനൽപരാഗങ്ങൾ
പാതയിൽ പൊഴിച്ചിടാൻ !!!
ചുണ്ടുകൾ വിതുമ്പാതെ,
നെഞ്ചിലെ പാറക്കെട്ടിൻ
വിള്ളലിൽ വിരിഞ്ഞുവോ
ആത്മനൊമ്പരത്തിന്റെ-
യഗ്നിപുഷ്പങ്ങൾ നീളെ,
തീക്കനൽപരാഗങ്ങൾ
പാതയിൽ പൊഴിച്ചിടാൻ !!!
നീരവമെൻ കിളിവാതിലിൻ
ചാരെ നീ
നീലനിലാവുപോൽ
നിന്നിരുന്നോ!
ശയ്യാതലത്തിലെ
രാപ്പൂക്കളിൽ മനം
നിത്യസുഗന്ധമായ്
ചേർന്നിരുന്നോ!
കാറ്റിൻ ചിറകിൽ
കടന്നുവന്നുമ്മകൾ
കട്ടെടുത്തോടിയൊളിച്ചതെങ്ങോ !!?
*******************
വരവേൽക്കാം വിഷുവിനെ ......
ഒരു മേടവിഷുകൂടി
വന്നണഞ്ഞു കണി-
ക്കൊന്നയിൽ
പുഞ്ചിരിപ്പൂവിരിഞ്ഞു.
പീതാംബരത്തുകിൽ
മേലെഞാലും മണി-
പ്പൊന്നരഞ്ഞാണിന്റെ
ഞാലി പോലെ .....
************************ 1/6/13
എത്ര പ്രിയതരങ്ങൾ
ഈ അപഥഗമനങ്ങൾ !
മോഹങ്ങൾക്കുണ്ടോ
വീണ്ടുവിചാരങ്ങൾ?
പാതി തുറന്ന
ഒരു കിളിവാതിൽ,
ഒരു വളത്തുണ്ടിന്റെ,
ചിലമ്പൊലിയുടെ
പ്രലോഭനം,
ശകാരിച്ചാലും കൂട്ടാക്കാത്ത
കണ്‍കേളികൾ!
ചില്ലുമേട ചമയ്ക്കുന്ന
കിനാക്കളികൾ,
ചുണ്ടിന്റെ കോണിൽ
ഒളിച്ചിരിക്കുന്ന
കള്ളച്ചിരികൾ,
കരളിൽ പ്രണയത്തിന്റെ
വേലിയേറ്റം.
പ്രിയതരം,സുഖദം
ഈ അരുതുകൾ.
ശരിയല്ലെന്നുണ്ടോ???
20/6/13
എത്ര പെയ്തിട്ടും തെളിയാത്ത വാനം പോലെ,
ഏറെ ഒഴുകിയിട്ടും തെളിയാത്ത
പുഴ പോലെ,
ഉള്ളിൽ കനത്തു നിൽക്കുന്നു
ഈ ശ്യാമവിഷാദം.
കരഞ്ഞു തീരാനും തോരാനും
വയ്ക്കാത്ത,
തെളിവും വെളിവും പ്രതിരോധിച്ചു നിർത്തുന്ന
ഈ മേഘഭിത്തികൾ ഒരു കാറ്റത്ത് ചിതറിയെങ്കിൽ!!!
എങ്കിലും വല്ലപ്പോഴും ആരും കാണാതെ സങ്കടപ്പെടാൻ
മറ്റൊരു ഒളിയിടമില്ലല്ലൊ എനിക്ക്; സ്വകാര്യസ്വപ്നങ്ങൾ കാണാനും!!!
5/6/13
എന്തോ പറയാനുണ്ട്.
എന്തെന്നും എങ്ങനെയെന്നും
അറിയില്ലല്ലൊ!
ഇതായിരുന്നു ഒരു വല്യേ
സങ്കടം .
ഇപ്പൊ അത് മാറി .
എനിക്കു പറയാനുള്ളതെല്ലാം
ഈ മഴത്തുള്ളികൾ പറയുന്നുണ്ടല്ലൊ.
ഒരായിരം കാതുകളുമായി അതു കേൾക്കുന്നുണ്ടാവും
എന്റെ പ്രിയൻ!
അതുകൊണ്ടല്ലേ തോർച്ച നോക്കി മിന്നാമിനുങ്ങുമ്മകളുമായി
എന്നെത്തേടി വരുന്നത് !!
10/6/13
മഴയുടെ രതിഭാവവും മഞ്ഞിന്റെ ഉന്മാദവും
വേനൽ വിയർപ്പിന്റെ
ക്ഷിപ്രകാമവും ഒക്കെ കിനാവിലും കവിതയിലും തുളുമ്പി നിറയണമെങ്കില്
ആദ്യം അരവയറെങ്കിലും നിറയണം.
ആത്മനിന്ദ തോന്നുന്നു ചിലപ്പോഴെങ്കിലും.
മക്കളുടെ വിശപ്പിന്റെ തീയണയ്ക്കാൻ മടിക്കുത്ത്തഴിക്കേണ്ടിവരുന്ന അമ്മമാർ.
അവരുടെ മുൻപിൽ
അതിലും നിസ്സഹായരായ, സ്വയം ശപിച്ചു ജന്മം തള്ളി നീക്കുന്ന വഴി മുട്ടിയ
അച്ഛന്മാർ .
രോഗവും ദുരന്തങ്ങളും ചേർന്ന പെരും ചുഴി
നീക്കിയിരിപ്പുകൾ ഒന്നാകെ
പാതാളത്തിലേയ്ക്ക് വലിച്ചു താഴ്ത്തുമ്പോൾ
മറുഗതി എന്തെന്നറിയാത്ത വറുതിയിൽ
കുഞ്ഞു വയറുകൾ
കാഞ്ഞു പിടയുമ്പോൾ,
നാലുനേരം വെട്ടിവിഴുങ്ങി വിസർജിച്ചതോർത്ത് ,
ഇനിയും അതുതന്നെ ചെയ്യാൻ പോകുന്നതോർത്ത്, ആത്മനിന്ദ തോന്നുന്നു .
വിശപ്പിനോളം വലിയ സത്യവും ദാരിദ്ര്യത്തോളം വലിയ ദു:ഖവും. ഇല്ല തന്നെ..
ഒന്ന്,
കനപ്പിച്ചു മുഖം വീർപ്പിച്ചു നിന്ന മാനം
കോലാഹലങ്ങളോടെ
പെയ്തൊഴിഞ്ഞു ഇന്നു്!
വിഷം കുടിച്ച കേൾവികൊണ്ട്
കറപിടിച്ച എന്റെ മനസ്സ്
പെയ്തു തുടങ്ങുന്നതെന്ന്???
രണ്ട്,
സങ്കടങ്ങൾ
എത്ര കഴുകിക്കളഞ്ഞാലും
പോവില്ല,
പെരുമഴയത്ത്
താനേ
ഒഴുകിപ്പോവുകതന്നെ വേണം.
മൂന്ന്
വറുതി........
കനിവു വറ്റിയ മണ്ണുപോലെ,
കാമനകൾ കരിഞ്ഞ മനസ്സുപോലെ,
ഭക്തിയറിയാത്ത ജപം പോലെ,
പിഞ്ചുചുണ്ടിൽ ചുരത്താത്ത മുലപോലെ
പ്രണയം ഒഴുകിത്തീർന്ന കാമം !!!!!
നാല്
നീളൻ പാവാടത്തുമ്പ് മണ്ണിലിഴച്ചും കൊണ്ട്,
വാലിട്ടെഴുതിയ കരിമഷി കവിളാകെ പടർത്തി,
ചുവന്നകുപ്പിവള കൈത്തണ്ടയിൽ
കലപിലാന്ന് പിണങ്ങുമാറ്,
തൊടിയിലെ മഞ്ഞക്കിങ്ങിണിയുടെ
എത്താക്കൊമ്പിലേയ്ക്ക് ചാടുന്ന
കൊതിക്കുറുമ്പോടെ,
എന്റെ മുറ്റത്തേയ്ക്കും എത്തിനോക്കുന്നു
ഒരു പീതാംബരത്തിന്റെ മിന്നലൊളി!!!
കാലവർഷം വന്നെന്നു
കാലാവസ്ഥ പ്രവചിക്കുന്നവർ പെരുമ്പറ കൊട്ടിയതു
പാഴായിപ്പോയോ ?!!
ഒന്ന് ചിണുങ്ങിക്കാട്ടിയിട്ടു പെണ്ണങ്ങു പൊയ്ക്കളഞ്ഞു .
ഇങ്ങനെ രഹസ്യക്കാരിയെപ്പോലെ
വല്ലപ്പോഴും ഒളിച്ചും പാത്തും വരാതെ
കുലവധുവിനെപ്പോലെ
പെരുമാറൂ പെണ്ണേ!!
5.
ഞാൻ മഴയെ പ്രണയിക്കുന്നു
അക്ഷരങ്ങളേയും .
കാലഭേദമോ
ഭാഷാഭേദമോ ഇല്ലാതെ.
കനവുകളിൽ നിലാവു പോലെ പെയ്യുന്ന മഴയും
അവയ്ക്കിടയിലൂടെ
വർണ്ണച്ചിറകു വീശി പറക്കുന്ന അക്ഷരങ്ങളും.
മഴയ്ക്കും അക്ഷരങ്ങ
ള്ക്കും ലിംഗഭേദം ഇല്ലെന്നു തോന്നുന്നു .
അല്ലെങ്കിൽ സെൻസർ ചെയ്ത്
നനയേണ്ടിയും എഴുതേണ്ടിയും വന്നേനെ!
6.
നിരാസത്തിന്റെ
വേനലറുതികളെത്ര കരിച്ചുണക്കിയാലും,
വാക്കിന്‍റെ കനല്‍ക്കല്ലേറുകള്‍
എത്ര പൊള്ളിത്തിണര്‍പ്പിച്ചാലും,
കണ്ണുനീര്‍ കുത്തൊഴുക്ക്
തായ് വേര് പുഴക്കിയാലും,
എന്റെ പ്രണയശാഖി
പച്ച ചൂടി പൂത്തുലഞ്ഞു നില്‍ക്കും
....... കാരണം അത് വേരുകളൂന്നിയിരിക്കുന്നതും
ശാഖകള്‍ പടര്‍ത്തിയിരിക്കുന്നതും
നിന്നിലത്രേ ........
ding dong
ReplyDeleteഞാൻ മഴയെ പ്രണയിക്കുന്നു
ReplyDeleteഅക്ഷരങ്ങളേയും .
കാലഭേദമോ
ഭാഷാഭേദമോ ഇല്ലാതെ.
കനവുകളിൽ നിലാവു പോലെ പെയ്യുന്ന മഴയും
അവയ്ക്കിടയിലൂടെ
വർണ്ണച്ചിറകു വീശി പറക്കുന്ന അക്ഷരങ്ങളും.
മഴയ്ക്കും അക്ഷരങ്ങ
ള്ക്കും ലിംഗഭേദം ഇല്ലെന്നു തോന്നുന്നു .
അല്ലെങ്കിൽ സെൻസർ ചെയ്ത്
നനയേണ്ടിയും എഴുതേണ്ടിയും വന്നേനെ!