താൻ ഒരു ഭയങ്കര സംഭവമാണെന്ന പരിവേഷം സ്വയം പേറുന്നവർ.
ഒരു ശരാശരി കൂട്ടുകെട്ടിന് എന്തുകൊണ്ടും സ് ത്രീകളേക്കാൾ യോജിച്ചവർ.
വിശാലമനസ്കർ,സ്വതന്ത്ര ചിന്താഗതിക്കാർ,ഉദാരശീലർ,സേവന,സഹായസന്നദ്ധർ.
പക്ഷെ ഇതെല്ലാം അന്യ സ് ത്രീകളുടെ കാര്യത്തിലാണ്. സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ നേരെ തിരിയും.പറ്റുമെങ്കിൽ ഏഴുപൂട്ടിനകത്തുവച്ച് അവളെ പൂട്ടും. സ്വാർഥതയുടെ ആൾരൂപമാവും എന്നിട്ട് പൊസ്സെസ്സീവ്നെസ്സ് എന്ന ഒരു ഓമനപ്പേരും."എന്റെ ഭാര്യയുടെ കാര്യത്തിൽ ഞാനല്പം
പൊസ്സെസ്സീവ് ആണെ"ന്ന് അല്പം ജാഡയും.....അന്യസ് ത്രീകളുടെ കഴിവും സാമർത്ഥ്യവുമെല്ലാം അംഗീകരിക്കും, വാനോളം പുകഴ്ത്തും .എല്ലാ സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കും. അതും സർവാത്മനാ.അസൂയയുടെ ലവലേശം പോലുമില്ലാതെ. സ്വന്തം ഭാര്യയാണെങ്കിൽ അവളെ ചവിട്ടിത്താഴ്ത്തും.
അടുത്തറിഞ്ഞാൽ ഈ ഊതിവീർപ്പിച്ച കുമിളകളുടെ വർണ്ണശബളിമകൾ ഒന്നൊന്നായി അഴിഞ്ഞുവീണ് ഇല്ലാതാവുന്നതുകാണാം.പപ്പും പൂടയും പറിച്ച ഒരു പക്ഷിക്കുഞ്ഞിനേപ്പോലെ
നിസ്സഹായതയുടെ പ്രതിരൂപമായി നമ്മുടെ മുൻപിൽ വിറയ്ക്കും.എന്നാൽ ഇത്തിരി സഹതാപം
കാണിക്കാമന്നു വച്ചാലോ, എന്നേ കൊഴിഞ്ഞില്ലാതായ സട കുടഞ്ഞ് വിറപ്പിച്ച് ഒരു പൗരുഷത്തിന്റെ ഉണർവ്വ് കാണിക്കലുണ്ടാകും. പുച്ഛമല്ല തോന്നുക ,അതു കാണുമ്പോൾ.യജമാനൻ ചമയുന്ന അടിമയുടെ അറിവില്ലായ്മയോടു തോന്നുന്ന ഭാവമാണ് : സഹതാ...പം!
എന്നൽ അത്ര പാവങ്ങളൊന്നുമല്ല ഈ പുരുഷന്മാർ. ഏതെങ്കിലും ഒരു സ് ത്രീ അവരുടെ ബുദ്ധിവൈഭവത്തെയോ അഭിമാനത്തെയോ ചോദ്യം ചെയ്യാൻ മാത്രം വളർന്നാൽ, അവരുടെ അപ്രമാദിത്ത്വത്തിനു നേരെ ചെറുവിരൽ എങ്കിലും ഉയർത്തിയാൽ, സംഹരിച്ചുകളയും അവളെ. ചിത്രവധമോ സ്വഭാവ ഹത്യയോ എന്തുമാവാം അത്.അസൂയയും അപമാനവും കൊണ്ട് വരഞ്ഞുകീറപ്പെട്ട മനസ്സിൽ മുളകരച്ചു തേയ്ക്കുന്നതുപോലെ അവളുടെ ഓരോ നേട്ടങ്ങളും അയാളെ ഭ്രാന്തനാക്കും.ഒരു നപുംസകത്തേക്കാൾ തരം താണ രീതിയിൽ അവളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും.അസൂയ നിറഞ്ഞ പുരുഷൻ പക നിറഞ്ഞ പുരുഷനേക്കാൾ എത്രയോ അപകടകാരിയാണ്!ഒരു സൈക്കോപാത്തിന്റെ ചിത്തവിഭ്രമങ്ങളായിരിക്കും അയാളെ ഭരിക്കുക.
എങ്കിലും ഒരു ശരാശരി സൗഹൃദത്തിന് ഏറ്റവും യോജിച്ചവരാണ് പുരുഷന്മാർ.കൂടതൽ അടുക്കാതിരുന്നാൽ മതി.അഥവാ കൂടുതൽ അടുത്താൽത്തന്നെ അവനു മതി എന്നു തോന്നുന്നതുവരെ ആ അടുപ്പം നിലനിർത്തിയാൽ മതി. സ് ത്രീയുടെ പക്ഷത്തുനിന്നുള്ള അകന്നുപോകൽ അവൻ വച്ചുപൊറുപ്പിക്കില്ല. അപ്പോൾ വ്രണപ്പെടും ആത്മാഭിമാനം എന്ന വികാരം. അതൊ ദുരഭിമാനം എന്ന വ്രണം വികാരപ്പെടും എന്നണോ പറയേണ്ടത്?
ഇതൊക്കെയാണങ്കിലും പൊതുവെ ചില നല്ല ഗുണങ്ങൾ സൂക്ഷിക്കുന്നുണ്ട് പുരുഷന്മാർ. സ്വന്തം സ്വാതന്ത്ര്യത്തിനു് വളരെയേറെ വില കല്പിക്കുന്നവർ . സ് ത്രീ കളേക്കാൾ മെച്ചപ്പെട്ട സാമൂഹ്യബന്ധങ്ങൾ സൂക്ഷിക്കുന്നവർ. അസ്വാരസ്യങ്ങളും പിണക്കങ്ങളും കൊണ്ടുനടക്കാത്തവർ,ഉള്ളിലുള്ളതു വെട്ടിവിളിച്ചു പറയുന്ന ശുദ്ധാത്മാക്കൾ.തെളിനീരിനടിയിലെ വെള്ളാരങ്കല്ലുകളാണവരുടെ വികാരങ്ങൾ.സുതാര്യമായ മനസ്സിൽ അവ നമുക്കു കാണാം.അത് സ്നേഹമായാലും,കോപമായാലും, പകയായാലും, അസൂയയായാലും.എന്നാൽ സ് ത്രീയുടെ മനസ്സോ? ഒരിക്കലും തെളിയാത്ത കലക്കവെള്ളവും!.കൈക്കുമ്പിളിൽ കോരിയാലും അടിയിലടിയുന്ന ചെളിയുടെ ഉള്ളിൽ മറ്റെന്തെങ്കിലും കൂടി കാണും.
No comments:
Post a Comment