Thursday, 9 August 2012

മകന്*

മകന്

അറിയാവിഷാദത്തിൻ ഭാരവും പേറിയെൻ
മനമലയുന്നൊരീയന്തിനേരം,
നറുവെണ്ണിലാവിൻ കുളിർത്തൊരു സ്പർശമായ്
ഒരു പൂവിതളിൻ മൃദുലതയായ്,
ഒരു കുഞ്ഞു താരാട്ടുപാട്ടിന്റെയീണമായ്,
മുഗ്ദ്ധ മന്ദസ്മേര സ്നിഗ്ദ്ധതയായ്,
നിറയുന്ന മാറിലെ വിങ്ങുന്ന നോവിലും
ഒഴുകിപ്പരക്കും മധുരമായി,
മുന്തിരിക്കൺകളിൽ പൂക്കുന്ന സ്വപ്നമായ്
തുടുവിരൽത്തുമ്പിലെ രോമാഞ്ചമായ്,
നീയെന്റെ പുണ്യമേ ജന്മജന്മാന്തര
 സ്നേഹപ്രവാഹമേ മുന്നിൽ വന്നു.

യാഗാഗ്നിജ്വാലപോൽ ജീവിത ദുഃഖങ്ങൾ
ആളിപ്പടർന്നെന്റെ ചുറ്റുമാർക്കെ,
നറുവെണ്ണപോലെ മൃദുലമായ് ചന്ദന-
ലേപനം പോലെ കുളിർമ്മയായി,
പൂർവ്വജന്മത്തിലെ സൽക്കർമ്മ സാരമായ്
നിന്മുഖം ഉള്ളിലുദിച്ചിടുന്നു.
ഈയേകതാരയിൽ സപ്തസ്വരങ്ങളും
മീട്ടുമദൃശ്യ കരാംഗുലികൾ
ഞാനറിയാതെയെൻ ഹൃദ്സ്പന്ദനങ്ങളിൽ
ജീവനസംഗീതമായിവന്നു.
'അമ്മ'യെന്നാദ്യമായ് നീ വിളിച്ചപ്പോൾ ഞാൻ
നീലക്കടമ്പുപോൽ പൂത്തുപോയി.
ആലിലക്കണ്ണനായ് ആരോമലുണ്ണിയായ്
നീയെന്റെ ജീവന്റെ താളമായി.

നിൻപാദമുദ്രകളാദ്യമായ് പൂക്കളം
തീർത്തതെന്നന്തരംഗത്തിലല്ലോ!
ചെറുകാറ്റിലിളകിടുമളകങ്ങൾ മാടി നിൻ
മൃദുല കപോലത്തിലുമ്മ വയ്ക്കെ,
ഓളങ്ങളിളകുന്ന കാളിന്ദിയാറുപോൽ
അലതല്ലിയാർക്കുന്നിതെന്റെ നെഞ്ചം.
തേൻ തുളുമ്പുന്ന നിൻ ചോരിവായ്ക്കുള്ളിലീ-
യീരേഴുലോകങ്ങളമ്മ കാണ്മൂ.
വിണ്ണിലെ നക്ഷത്രക്കുഞ്ഞുങ്ങളെല്ലാം നിൻ
കണ്ണിലിരുന്നല്ലോ പുഞ്ചിരിപ്പൂ.
അമ്പിളിമാമനെക്കണ്ടു ചിരിച്ച   നിൻ
 പൊന്മുഖം പൂർണ്ണേന്ദുബിംബമല്ലൊ.
നറുനിലാവേൽക്കവേയാർദ്രമാകും ചന്ദ്ര-
കാന്തമാണമ്മതൻ നെഞ്ചമുണ്ണീ.

നേരുന്നു നന്മകൾ  ഓമനേ നീയിനി
നേർവഴി മാത്രം നടക്കുവാനായ്.
കത്തും മെഴുതിരിനാളമായ് അമ്മ നിൻ
പാദങ്ങൾ കാക്കാം പൊലിയുവോളം


                                                      (ആഗസ്റ് 2012 )

1 comment:

  1. 'അമ്മ'യെന്നാദ്യമായ് നീ വിളിച്ചപ്പോൾ ഞാൻ
    നീലക്കടമ്പുപോൽ പൂത്തുപോയി.

    ഹൃദ്യം...ആര്‍ദ്രം....

    ReplyDelete