Wednesday, 8 August 2012

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ

നാം നമ്മുടെ കുട്ടികളെ എങ്ങനെയാണ്  വളർത്തുന്നത്?
പല മാതാപിതാക്കളും അവരുടെ   മക്കളോട് പറയുന്നത് കേട്ടിട്ടുണ്ട്,
"നിനക്കൊക്കെ ആവശ്യത്തിലേറെ സുഖവും സൗകര്യവും ഉണ്ടായതാണ് കുഴപ്പം"
 എന്ന്.എന്നിട്ട് കുറച്ചുകൂടി സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
നമ്മുടെ പുതിയ തലമുറ ആവശ്യത്തിലേറെ secure   ആണ്.അതിസുരക്ഷിതത്വം അവരെ കൂടുതൽ അരക്ഷിതരാക്കുകയും ചെയ്യുന്നു.
     ഒരു കൗമാരക്കാരന്റെ എല്ലാ ആഗ്രഹങ്ങളും യഥാർത്ഥത്തിൽ ആവശ്യങ്ങളാകണമന്നില്ല.
അവയെല്ലാം സാധിച്ചു കിട്ടപ്പെടേണ്ടതുമല്ല.ആവശ്യങ്ങൾ സാധിക്കാതെ പോകുന്നതും പ്രകൃതിയിലെ ഒരു സാധാരണ പ്രതിഭാസമാണന്ന് തിരിച്ചറിയാനുള്ള അവസരങ്ങൾ ചിലപ്പോഴെങ്കിലും അവനോ അവൾക്കോ ഉണ്ടാകട്ടെ.
       കൂട്ടിലടച്ച കിളിക്ക് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവുംസുഭിക്ഷമായ ഭക്ഷണവും ഉറപ്പാണ്.എന്നാൽ തികച്ചും സ്വകാര്യമായ സഞ്ചാര സ്വാതന്ത്ര്യം അതിനു നിഷേധിക്കപ്പെടുകയാണ്.പറക്കൽ എന്ന സ്വാഭാവികപ്രക്രിയ നഷ്ടമാക്കിക്കൊണ്ട് നേടേണ്ട ഒന്നാണോ  കൂടിന്റെഅരക്ഷിതമായ കപട   സുരക്ഷിതത്വം?! മറ്റൊരുവന്റെ ഇഷ്ടത്തിനുള്ള സമൃദ്ധമായ ആഹാരമെന്നത് ഒരു പ്രലോഭനം ആണോ? സംരക്ഷകന്റെ വേഷം എപ്പോഴാണ് ഇരപിടിയന്റേതാവുക എന്നത് പ്രവചനാതീതമായിരിക്കെ വിശേഷിച്ചും.
     കുട്ടികളിലേക്ക് മടങ്ങിവരാം. എന്തിനാണ് മാതാപിതാക്കൾ അനാവശ്യമായി കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത്? പലപ്പോഴും കേൾക്കാറുണ്ട് "നിനക്ക് സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള പ്രായ മൊന്നും ആയില്ല" എന്ന്.സ്വാതന്ത്ര്യത്തിനു് പ്രായഭേദമില്ല.   കുട്ടികളുടെ സ്വാതന്ത്ര്യം   പക്ഷെ മുതിർന്നവർ ചെയ്യുന്നതെല്ലാം അതേപടി ചെയ്യുക എന്നതല്ല.പ്രകൃതിക്ക് അതിന്റേതായ ചില നിയമങ്ങൾ ഉണ്ട്.അവ മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടുള്ള കപടനിയമങ്ങളേക്കാൾ (നിയമനിർമ്മാതാവ് അവന്റെ / അവളുടെ സൗകര്യത്തിനു് വളച്ചൊടിച്ചതാവും അവ) എത്രയോ മഹത്തരമാണ്!  പ്രായത്തിനനുസരിച്ചല്ല പ്രാപ്തിക്കനുസരിച്ചാണ് സ്വാതന്ത്ര്യം. അതിനെ ശാരീരിക , മനസിക, ബൗദ്ധിക, വൈകാരിക പ്രാപ്തി എന്ന് വേണമങ്കിൽ തരം തിരിക്കാം.

അതിസുരക്ഷിതത്വം നൽകി ഷണ്ഡീകരിച്ച / വന്ധ്യംകരിച്ച ഒരു യുവതയെയാണ് ഈ തലമുറയിലെ മാതാപിതാക്കൾ അടുത്ത തലമുറയ്ക്ക് സംഭാവന  നൽകിയിരിക്കുന്നത്.സ്വാഭാവികമായ എല്ലാ സാധ്യതകളിൽ നിന്നും അകറ്റി എല്ലാം കൃത്രിമമായി നൽകി(ക്ലീഷേ ആണെങ്കിലും മറ്റൊന്നും കിട്ടാത്തതിനാൽ ക്ഷമാപണത്തോടെ പറയട്ടെ) ബ്രോയ് ലർ ഫാമിൽ ജീവികളെ വളർത്തുന്നപോലെ 'ഉണ്ടാക്കി' വയ്ക്കപ്പെട്ട / നിർമ്മിക്കപ്പെട്ട ഒരു തലമുറ!
അതിനു് സ്വാഭാവികമായ ഒന്നുമറിയില്ല. പ്രതിരോധങ്ങളോ, ആക്രമണങ്ങളോ. എന്തിനു് പ്രതികരണങ്ങളോ പോലുമില്ല! പ്രണയിക്കാനൊ ,കലഹിക്കാനൊ, രക്ഷപ്പെടാനൊ, കീഴടക്കാനൊ, ബുദ്ധി പ്രയോഗിച്ച് അതിജീവിക്കാനൊ അറിയില്ല: അനുസരിക്കാൻ മാത്രം അതും അന്ധമായി അറിയും അവറ്റയ്ക്ക്. 'മനുഷ്യൻ'എന്ന മഹത്തയ പദം കൊണ്ട് വ്യവഹരിക്കപ്പെടാൻ അർഹതയുള്ള എത്രയെണ്ണം കാണും അതിനകത്ത്?

    എന്റെ കുട്ടി ഇന്ന് ഒരു ഗ്ലാസ് വെള്ളം കൂടുതൽ കുടിച്ചിരിക്കുന്നു,ഒരു മണിക്കൂർ കുറച്ച് ഉറങ്ങിയിരിക്കുന്നു, കുളിമിറിയിൽ പതിനഞ്ച് മിനിറ്റ് കൂടുതൽ ചെലവഴിച്ചിരിക്കുന്നു എന്ന് മനശ്ശാസ്  ത്രജ്ഞനെ തേടി ഓടാത്ത  എത്ര  മാതാപിതാക്കൾ ഉണ്ട് നമ്മുടെ ഇടയിൽ?വാസ്തവത്തിൽ ആർക്കാണ് ചികിത്സ വേണ്ടത്!

 കുട്ടികളെ   അവരുടെ പാട്ടിനു വിടൂ. ചിലപ്പോഴൊക്കെ. അവർ കലഹിക്കെട്ടെ,അപമാനിതരാകട്ടെ,
പ്രണയിച്ച് പൂത്തുലയട്ടെ, അഭിമാനം കൊണ്ട് നിറയട്ടെ, ഇടയ്ക്കൊക്കെ പരാജിതരായി  ശിരസ്സു കുനിക്കട്ടേ ഗർവ്വം കൊള്ളട്ടെ,ലജ്ജിക്കട്ടെ.അവർ എല്ലാം അനുഭവിക്കട്ടെ. നല്ലതും ചീത്തയും എല്ലാം.  എന്നിട്ട് സ്വാഭാവികമായ ചിത്തശുദ്ധിയോടെ  അനുയോജ്യമായതു് സ്വാംശീകരിക്കട്ടെ.

     നിങ്ങൾ വിടർന്ന കണ്ണുകളോടെ അഭിമാനം തുളുമ്പുന്ന മനസ്സോടെ കാണുക അവർ പുഴുവിൽനിന്ന് പൂമ്പാറ്റയാകുന്ന ജാലവിദ്യ!



  

No comments:

Post a Comment