Monday, 12 January 2015

സഹ്യന്‍റെ മകനും മൃഗലൈംഗികതയും

അടിസ്ഥാന ചോദനകളുടെ (basic instincts) കൂടെ ലൈംഗികത ഏതായാലും വരുമല്ലോ. ജീവന്‍ നിലനിര്‍ത്താനും അത് വര്‍ദ്ധിപ്പിക്കാനും ഏകകോശജീവികള്‍ പോലും ശ്രമിക്കുന്നു എന്നത് പ്രപഞ്ചസത്യമാണ്.. പ്രത്യുല്പാദനം ലൈംഗികമോ അലൈംഗികമോ ആവട്ടെ അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിജീവികളില്‍ ഏറ്റവും പരാശ്രിതനായ മനുഷ്യന്‍ (മനുഷ്യന്‍ ഭൂമിയില്‍ ഇല്ലെങ്കില്‍ ഭൂമി പൂര്‍വ്വാധികം ഭംഗിയായി നിലനില്‍ക്കും; പക്ഷെ ചില സൂക്ഷ്മജീവികള്‍ ചില പക്ഷിമൃഗാദികള്‍ ഒക്കെ ഇല്ലെങ്കില്‍ പകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നത് കാണാം) മറ്റു ജീവജാലങ്ങളെ തന്ത്രവും കൌശലവും ഉപയോഗിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കി അവന്റെ സ്വാര്‍ഥതയ്ക്കും കാര്യലാഭത്തിനും ഉപയോഗപ്പെടുത്തി.
എല്ലാ കൃത്രിമ ഉപാധികളും കണ്ടെത്തി മനുഷ്യന്‍ അവന്റെ ആനന്ദം വര്‍ദ്ധിപ്പിക്കാന്‍ അനാദികാലം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് അത് അത്യുച്ചകോടിയില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ അവന്‍ താന്‍ ഇണക്കിവളര്‍ത്തിയ മൃഗങ്ങളുടെ മേല്‍ കാണിക്കുന്ന ക്രൂരത (അതിനെ മുഗീയത എന്നോ പൈശാചികത എന്നോ പോലും പറഞ്ഞുകൂടാ) സമാനതകള്‍ ഇല്‍ലാത്തതാണ്.
വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന അതുല്യമായ കാവ്യത്തിലെ പ്രതിപാദ്യം മനുഷ്യന്‍ നിര്‍ദ്ദയമായി അടിച്ചമര്‍ത്തിയ ഒരു കൊമ്പനാനയുടെ ലൈംഗികമായ ജൈവചോദന ഗത്യതരന്മില്ലാതെ അക്രമമാര്‍ഗ്ഗം തേടുന്നതാണ്. ആനയുടെ ഉടമസ്ഥന്‍ അതിനു സ്വാഭാവികമായ ഇണചേരലിന് സാഹചര്യം നല്‍കിയില്ലെന്ന് മാത്രമല്ല (അത് ആനയുടെ അവകാശമാണ് അയാളുടെ ഔദാര്യമല്ല ) മദപ്പാടുള്ള
കൊമ്പനെ കുറഞ്ഞപക്ഷം വിശ്രമിക്കാന്‍ എങ്കിലും അനുവദിക്കേണ്ടതാണ്.അതിനുപകരം അവനെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിടമ്പേറ്റി എഴുന്നെള്ളിക്കാനും കൂട്ടി. ആന ഗാന്ധിജിയോ മദര്‍ തെരെസയോ അല്ലല്ലോ!! കൊമ്പന്‍ അക്രമത്തിലേയ്ക്ക് തിരിഞ്ഞില്ലെങ്കിലാണ് അത്ഭുതപ്പെടെണ്ടത്.
ഇവിടെ ധിഷണാശാലിയും പ്രതിഭാധനനുമായ കവി പക്ഷെ മാനുഷിക വികാരങ്ങള്‍ വ്യാപരിക്കുന്ന സര്‍വ്വസാധാരണമായ മേച്ചില്‍ പുറങ്ങളില്‍നിന്നു ഭാവനയുടെ പുഷ്പകത്തിലേറ്റി അവനെ വനദേവതമാര്‍ വിഹരിക്കുന്ന ഉയരങ്ങളില്‍ പ്രത്ഷ്ഠിച്ചു. അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സ്വപ്നത്തിലെങ്കിലും അനുഭവിച്ച് ശമം തേടുവാന്‍ ശ്രമിക്കുകയാണ് അവന്‍. ഫ്രോയിഡിയന്‍ ആശയങ്ങളുടെ മൂര്‍ത്തഭാവം. എന്നാല്‍ സ്വപ്നത്തിന്റെയും ജാഗരത്തിന്റെയും ഇടയിലുള്ള നേര്‍ത്ത നൂലിഴ ആയിരം മത്താപ്പുകള്‍ ഒരുമിച്ചു കത്തുന്ന അവന്റെ ശിഥിലബോധത്തില്‍ തെളിഞ്ഞില്ല.
"കരുതീലവയൊന്നുമാ പ്രൌഡമസ്തിഷ്കത്തിന്‍
ഇരുളില്‍ ഭ്രാന്തിന്‍ നിലാവോലുമാക്കൊലകൊമ്പന്‍ "
തന്റെ സ്വപ്നത്തില്‍ സഹ്യകാനനത്തില്‍ എത്തിപ്പെടുന്ന അവന്‍ അവിടെ കൂട്ടരോടൊത്ത് ആര്‍ത്തുല്ലസിക്കുന്നു.വികൃതികള്‍ കാട്ടുന്നു.പ്രണയിക്കുന്നു.ഇണയുടെ വടിവില്‍ ഹര്ഷോന്മത്തനായി മതിമറക്കുന്നു.അവളുടെ പ്രണയം പങ്കുവയ്ക്കുവാന്‍ വന്ന എതിര്കൊമ്പനെ മസ്തകത്തില്‍ കൊമ്പുകുത്തിയിറക്കി വകവരുത്തി ധീരോദ്ധത നായകനാവുന്നു. എന്നാല്‍ ഈ വിക്രിയകളെലാം നടന്നത് ഉത്സവപ്പറമ്പില്‍ത്തന്നെ ആണെന്ന ആന്റി ക്ലൈമാക്സ്‌ കവിതയെ അനിതരസാധാരണമായ ഒരു ആസ്വാദനനിലവാരത്തില്‍ എത്തിക്കുന്നു.നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയ കൊമ്പനെ ഒരു പട്ടാളക്കാരന്‍ വെടിയുണ്ടയ്ക്കിരയാക്കുന്നു.അശരണം ആരെയോ വിളിച്ചു അവന്‍ ചെരിഞ്ഞു. 'മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം' അവന്റെ വിളി കേട്ടില്ല ; പക്ഷെ 'പുത്രസങ്കടം സഹിയാത്ത സഹ്യന്‍' അത് കേള്‍ക്കുക തന്നെ ചെയ്തു.
സഹ്യപുത്രന്മാര്‍ ആവര്‍ത്തിക്കപ്പെടുന്നു .പ്രോക്രൂസ്റ്റസ്മാര്‍ പല ഭാവഹാവാദികളില്‍ വരുന്നെന്നു വയലാര്‍ പറഞ്ഞപോലെ!! മനുഷ്യന്റെ ദുര, മനുഷ്യനു മാത്രം സാധ്യമാകുന്ന സ്വാര്‍ഥത,ഇപ്പോഴും അഭംഗുരം തുടരുന്നു. ആനയുടെ കാര്യത്തില്‍ മാത്രമല്ല.ഒട്ടെല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തിലും. ലൈംഗികതയുടെ ആനന്ദം എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതി നല്‍കിയ അവകാശവും സ്വാതന്ത്ര്യവും ആണ്. കൂടുതല്‍ മെച്ചപ്പെട്ട പിന്തലമുറയ്ക്കുവേണ്ടി (മനുഷ്യന് കൂടുതല്‍ ലാഭം നല്‍കുന്ന എന്ന അളവുകോലില്‍ മാത്രം) മൃഗങ്ങളില്‍ നിന്ന് നൈസര്‍ഗ്ഗികവും ജൈവികവുമായ ആ ആനന്ദവും മനുഷ്യന്‍ അപഹരിച്ചു. വരിയുടച്ചും ബീജം ഊറ്റിയെടുത്തും അത് വലിയ വിലയ്ക്ക് വിലപേശി വിറ്റും അവന്‍ കൂട്ടിക്കൊടുപ്പുകാരനെക്കാള്‍ അധപ്പതിച്ചു.അതുകൊണ്ട് മെച്ചപ്പെട്ട ഗര്‍ഭങ്ങള്‍ ഉണ്ടാക്കി പോഷിപ്പിച്ചു വളര്‍ത്തി വീണ്ടും വിറ്റ്..അങ്ങനെയങ്ങനെ .....ഒരിക്കല്‍പോലും ആനന്ദം പ്രദാനം ചെയ്യുന്ന ഒരു കണികപോലും വേണ്ടെന്നു വയ്ക്കാത്തവന്‍. ബലഹീനരുടെ ചെറിയ സന്തോഷങ്ങളെ നിരന്തരം കൊള്ളയടിക്കുന്നവന്‍......പിശാചു പോലും ലൈഗികതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. അതുകൊണ്ടാണ് അവന്‍റെ പ്രവൃത്തിയെ പൈശാചികം എന്ന് വിളിക്കില്ല എന്ന് ആദ്യം പറഞ്ഞത്.
ഒരു മൃഗവും ബലാല്‍ ഭോഗിക്കില്ല എന്നും ഇണചേരാന്‍ പ്രായമാകാത്ത വയെയും, അവശതയനുഭവിക്കുന്നവയേയും പീഡിപ്പിക്കില്ല എന്നും സംഘ ഭോഗം നടത്തില്ല എന്നും ഇവനറിയുമോ? മൃഗങ്ങളുടെ നിഘണ്ടുവിലെ ഏറ്റം വലിയ ചീത്ത വാക്ക് 'മനുഷ്യന്‍' എന്നതാകും. അതാണ്‌ ശരിയും..

Friday, 2 January 2015

തനിയെ *

തനിയെ
പ്രിയപ്പെട്ടവരെല്ലാം
അവരുടെ പ്രിയപ്പെട്ടവരുടെയൊപ്പം
യാത്ര പോയിരിക്കുന്നു.
ചിലര്‍ കാട് തേടി
മറ്റുചിലര്‍
കാടും മേടും താണ്ടി
ചിലര്‍
കുന്നുകളുടെ  മുകളില്‍ കയറിനിന്ന്
ആകാശത്തെ തൊട്ടുനോക്കാന്‍.

കടല്‍ത്തിരകളില്‍ നനഞ്ഞുനില്‍ക്കുന്നവരോട്
അസൂയ തോന്നിയിട്ടില്ല.
അതിലും വലിയ കടലല്ലേ
എന്‍റെയുള്ളില്‍ ആര്‍ത്തിരമ്പുന്നത്

കാട് കേറിയവരെക്കുറിച്ചു
പേടിയും തോന്നിയിട്ടില്ല.
എന്‍റെ കാടകങ്ങളിലെ ഇരുട്ട്
എന്നെപ്പോലും ഭയപ്പെടുത്തുന്നു.

സ്വപ്നങ്ങളുടെ നൂലേണിയില്‍
മേഘങ്ങളിലേയ്ക്ക്  ചേക്കേറിയവര്‍
തിരികെവരുമോ  എന്ന്
ആകുലപ്പെട്ടിട്ടുമില്ല.
അവര്‍ സ്വയം  പ്രണയികള്‍ക്കുള്ള
സന്ദേശങ്ങളായി മാറിയിട്ടുണ്ടാവും.

മൂടല്‍മഞ്ഞിലൂടെ നടന്ന് നടന്ന്
മാഞ്ഞുപോവാന്‍
ഞാനും ഒരു യാത്ര തിരിക്കട്ടെ.
താഴ്വരകളുടെ  തണുത്ത അടിവയറില്‍
മുഖം ചേര്‍ത്ത്
സ്വസ്ഥമായി ഒന്നുറങ്ങണം.

(ഡിസംബർ 2014)

Friday, 26 December 2014

ജലശയ്യ *

ജലശയ്യ  
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.
പാപമോ? പാരാവാരം പോലെയെന്‍ ചുറ്റും കാണും
കൂരിരുള്‍, കേള്‍ക്കാകുമീയിരുളിന്‍ വിലാപങ്ങള്‍
ഭൂതകാലമോ തൂങ്ങിയാടുന്നു മുടിനാരില്‍
കാലഖഡ്ഗമായ്  മാത്രയെണ്ണി ഞാന്‍ തികയ്ക്കുന്നു.
അറ്റുവീണിരുന്നെങ്കില്‍ മോക്ഷമായേനെ വെട്ടി-
ത്തിളയ്ക്കും നോവിന്‍ പാനപാത്രമൊന്നുടഞ്ഞേനെ

കണ്ണടയ്ക്കുകില്‍ മുന്നില്‍ വാപിളര്‍ക്കുന്നു നിണ-
ത്തുള്ളികളിറ്റും ദംഷ്ട്ര,  നീള്‍നഖമുനകളും
ആഴ്ന്നിറങ്ങുന്നു  പച്ചമാംസത്തിലല്ല പേടി-
പ്പനിയാല്‍ വിറയ്ക്കുമെന്‍ ചിന്തതന്‍ തായ് വേരിന്മേല്‍.

 കണ്‍തുറക്കുകില്‍  മുന്നില്‍ പല്ലിളിക്കുന്നു ക്രൂരം
നരകത്തീവാതിലൂടെത്തിനോക്കീടും  സത്യം
ആശ്രമമൃഗത്തിനെയാക്രമിച്ചീടും ചെന്നായ്
പറ്റമായ് രുധിരാര്‍ത്തി പൂണ്ടു പിന്‍തുടരുന്നു.
അവ മേഞ്ഞുപേക്ഷിച്ച ചുടുകാടല്ലീ മോഹ -
ച്ചിതകള്‍ ദഹിച്ചമര്‍ന്നവശേഷിക്കും ദേഹം

കൈവിരല്‍ത്തുമ്പൊന്നുയര്‍ത്തീടുവാന്‍  കണ്‍പോളകള്‍
ചിമ്മുവാന്‍ ചുണ്ടില്‍ നിനക്കായ്‌  ചിരി നിറയ്ക്കുവാന്‍
ഒന്നിനുമാവാതെയീ  ജലശയ്യ*യില്‍   ജഡ-
മായി ഞാന്‍ കിടക്കുന്നു പ്രജ്ഞയോ തിളയ്ക്കുന്നു.
രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
.
മാത്രകള്‍ തോറും നെഞ്ചില്‍ കനക്കും നോവിന്‍  കരിം-
പാറയില്‍ നിന്നും തുള്ളിക്കന്മദം തുളിയ്ക്കുംപോല്‍
നേരിന്‍റെയൊറ്റത്തുള്ളിമാത്രമായ് മിഴിക്കോണില്‍
ചാലുതീര്‍ക്കാതെ സ്വയം തിളച്ചേയടങ്ങുന്നു.
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.


*  ജലശയ്യ - (water bed)  കോമാ അവസ്ഥയില്‍ ഉള്ളവരെയും  ചലനശേഷി കുറഞ്ഞവരെയും ഒക്കെ കിടത്താന്‍,  ശരീരത്തില്‍, വിശേഷിച്ച് പുറത്ത്  വ്രണങ്ങള്‍ (ബെഡ് സോര്‍)  ഉണ്ടാവാതിരിക്കാനായി  ഉപയോഗിക്കാറുണ്ട്

ഡിസംബര്‍ 2014

                       

Saturday, 20 December 2014

പരിച്ഛേദിത

പരിച്ഛേദിത

നാല് വയസ്സായിരുന്നു അന്നെനിക്ക്
അമ്മയും മൂത്ത ചേച്ചിയും കൂടി
ഒരു  ഗൂഢാലോചനയുടെ ബാക്കിപത്രം പോലെ
അങ്ങോട്ട്‌ കൊണ്ടുപോകുമ്പോള്‍.

അമ്മയുടെ  മുഖം
ഒട്ടകത്തിന്റേതുപോലെ  നിര്‍വ്വികാരമായിരുന്നു.
ചേച്ചി  ഇടയ്ക്കിടയ്ക്ക്
സഹതാപം പുരട്ടിയ
ചെറിയ ചെറിയ നോട്ടങ്ങള്‍
എന്‍റെനേര്‍ക്കയച്ചുകൊണ്ടിരുന്നു.

കരിങ്കല്ലില്‍ കണ്ണുകള്‍ തുളച്ചപോലെ
കടുപ്പമുള്ള മുഖവുമായി ഒരാള്‍,
സ്ത്രീയോ പുരുഷനോ എന്ന്
തിരിച്ചറിയാത്ത ഭാവവും വേഷവും,
സഹായികളായി
മദ്ധ്യവയസ്കരായ  രണ്ടു രൂപങ്ങളും.

എല്ലാവരും കുറ്റിക്കാടുകള്‍ കടന്ന്
ഒരു വെളിമ്പുറത്തെത്തി നിന്നു.
അമ്മ (?) നിലത്തിരുന്ന്
എന്‍റെരണ്ടു കൈകളും
പിന്നിലേക്ക് ചേര്‍ത്തുപിടിച്ചു
മടിയില്‍ ബലമായിക്കിടത്തി
 വലത്തേ മുട്ടുകാല്‍
 നെഞ്ചില്‍ കയറ്റിവച്ചു.
സഹായികള്‍  എന്‍റെ തുടകള്‍
ബലമായി പിടിച്ചകറ്റി.
(ചിലപ്പോള്‍ കടുത്തും ചിലപ്പോള്‍ അലിഞ്ഞും
മൂകസാക്ഷിയായി ചേച്ചി )
ഒടിച്ചെടുത്ത കൂര്‍ത്തമുള്ളുകള്‍
അകറ്റിയ തുടകള്‍ക്കിടയിലേക്ക്*.
നൂറ്റാണ്ടുകള്‍ക്കപ്പുറം,അനേകജന്മങ്ങള്‍ക്കപ്പുറം
എന്നില്‍നിന്നൊരു നിലവിളി
 വാപൊത്തിയ     കൈത്തലങ്ങള്‍ക്കും
 പഴന്തുണിത്തുണ്ടുകള്‍ക്കും
ഇടയില്‍ കുരുങ്ങിയ
പെണ്‍തലമുറകളുടെ നിലവിളി ....
ഇരുണ്ട ഗുഹാമുഖങ്ങളില്‍നിന്ന്
ചീറ്റിയൊഴുകുന്ന ചുടുചോര,
മറയുന്ന ബോധത്തിന്റെ മിന്നലുകള്‍ക്കിടയില്‍.
ഭദ്രമായി തുന്നിച്ചേര്‍ക്കപ്പെട്ട
മെരുക്കപ്പെട്ട പെണ്ണായി മാറി ഞാന്‍!


വിവാഹരാത്രിയില്‍
തുന്നിക്കെട്ടിന്റെ ചരടുകള്‍
ഭേദിക്കുന്ന ചടങ്ങിന്
ഭര്‍ത്താവ് കാര്‍മ്മികനും
ചോരത്തുള്ളികള്‍ അഭിഷേകതീര്‍ഥവുമായി.
കിട്ടിയ ചരക്കിന്റെ
പുതുമയില്‍ അഭിമാനിക്കുന്ന
തൃപ്തിനിറഞ്ഞ അയാളുടെ കച്ചവടമുഖം
ബാധയായി എന്നെ ആവേശിച്ചു.
ഒറ്റക്കൊമ്പില്‍  ചോരപുരണ്ട  കൊലയാന
എന്റെ സ്വപ്നങ്ങളില്‍
ചിഹ്നം വിളിച്ചു.

കാലുകള്‍ അടുപ്പിച്ചുവച്ച്
മാന്യമായി നടക്കാന്‍
ഇനിയും കഴിയാത്തവിധം
'അത്' എന്‍റെ തുടകള്‍ക്കിടയില്‍
ഇപ്പോഴും ഉള്ളതുപോലെ .........


*സൊമാലിയ പോലെയുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍  പെണ്‍കുട്ടികളുടെ ഭഗാധരങ്ങള്‍  ഛേദിച്ചുകളഞ്ഞ് യോനീമുഖം  തുന്നിച്ചേർക്കുന്ന ദുരാചാരം ഇപ്പോഴും നിലവിലുണ്ട്. കന്യകാത്വം നിലനിർത്താനാണ് ഈ പ്രാകൃത ശസ്ത്രക്രിയ . വളരെ അപരിഷ്കൃതമായ രീതിയിൽ മുള്ളുകൾ കൊണ്ടും മറ്റുമാണ് അത് ചെയ്തുവരുന്നത്. അയാൻ ഹിർസി അലിയുടെ 'ഇൻഫിഡൽ മൈ ലൈഫ്' എന്ന പുസ്തകത്തിൽ ഈ രംഗം പരാമർശിക്കപ്പെടുന്നുണ്ട്.'ഫീമെ യിൽ സർക്കംസിഷൻ'  എന്നാണ് ഇതറിയപ്പെടുന്നത്.

(ഡിസംബർ 2014)

Tuesday, 9 December 2014

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍, നിനക്കോര്‍മ്മിച്ചു
വേദനിച്ചീടാനൊരുവാക്കുരയ്ക്കാതെ,
മിഴി കവിഞ്ഞൊഴുകാതെ, യാത്രചോദിക്കാതെ 
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.
മൂകമാണെന്നനുരാഗം സഖേ നിന്റെ
ചില്ലയില്‍ പൂവായ് വിരിഞ്ഞില്ലൊരിക്കലും
ജാലകത്തില്‍ കിളിക്കൊഞ്ചലായില്ല ഞാന്‍
കാറ്റായി വന്നതുമില്ല ചുംബിക്കുവാന്‍ .
നിന്‍ നടപ്പാതയില്‍ കാട്ടുപുല്ലായ് നീല-
നീരദച്ഛായയായ് കൂടെ നടന്നു ഞാൻ
ഗ്രീഷ്മതാപത്തിലോ പൂമരമായ് നിന്റെ
കൈക്കുമ്പിളിൽ വീണ മാരിനീർത്തുള്ളിയായ്
അത്രമേൽ സ്നേഹിക്കയാലെന്റെയോമനേ
നീയറിയാതെ നിനക്കായ് തപിക്കുവാൻ
കരളുലഞ്ഞീടിലും കണ്ണീരൊഴുക്കാതെ
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.

Sunday, 23 November 2014

പേടിദീനം*

പേടിദീനം 

കുട്ടിക്കാലത്തെ സാറ്റുകളിയില്‍
ഉടുമുണ്ടിനടിയില്‍
ആരും കാണാതെ
ഏറെ നേരം ഒളിപ്പിച്ചു നിര്‍ത്തിയ
നേരമ്മാവന്‍

വൈകുന്നേരത്തെ കണക്കു ക്ലാസ്സില്‍
പട്ടികകള്‍  പെരുക്കിപ്പെരുക്കി
ജീവശാസ്ത്രത്തിലേയ്ക്ക് ചുവടുമാറ്റി
'ജനിതക ഗോവണി'വച്ച്
കാല്‍മുട്ടിലേയ്ക്കും
അവിടെനിന്നു മുകളിലേയ്ക്കും
വലിഞ്ഞുകയറിയ ട്യൂഷന്‍ മാഷ്

പനിക്കുളിരിന്റെ  ത്രിസന്ധ്യയില്‍
ഇടം നെഞ്ചില്‍ കുഴലുവച്ചും
വലം നെഞ്ചില്‍
തണുത്ത ശവവിരലുകള്‍ കൊണ്ടു പരതിയും
ഹൃദയമിടിപ്പളന്ന ഡോക്ടര്‍

എല്ലാവരേം വല്ലാതെ ഭയക്കുന്ന
പേടിദീനം മാറ്റാന്‍
ഇരുട്ടുമുറിയില്‍
കണ്ണുകള്‍ ഇറുകെ പൂട്ടിയിരുത്തി
മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍
മേലാകെ ഭസ്മമുഴിഞ്ഞ
നീണ്ടമുടിക്കാരന്‍ സ്വാമി

എല്ലാ പേടിയും ഉരുകിത്തീര്‍ന്നത് പക്ഷെ
കോടതിമുറിയില്‍.
വസ്ത്രാക്ഷേപ നാടകത്തിനു
തിരശ്ശീല ഉയരും മുന്‍പേ,
സ്വയം ദിഗംബരയായപ്പോള്‍ ..

(ആത്മാവില്‍  നഗ്നയായവളെ
ആര് ഭയപ്പെടുത്തും .....!!)

                                                         (നവംബര്‍  2014 )

Saturday, 15 November 2014

കെണി

കെണി 

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
വലിയ വ്യത്യാസം ഒന്നും ഇല്ലെന്ന്
എനിക്ക് മനസ്സിലായത്
രാവിലെ സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍
അകന്നകന്ന് പോയപ്പോഴാണ്.

ഉച്ചയൂണ്‍ മേശയുടെ ഏകാന്തത
പതിവുതെറ്റാതെ
എന്നെ  കാത്തിരിക്കുമ്പോള്‍
ജീവന്റെയും ജഡത്വത്തിന്റെയും
ഇടയ്ക്കുള്ള അബോധത്തില്‍
ഞാന്‍ തളയ്ക്കപ്പെട്ടുപോകുന്നു.

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
പ്രകടമായ വ്യത്യാസം ഉണ്ടെന്നും
ജീവിച്ചിരിക്കുന്നതിനെക്കാള്‍
എത്രയോ ഭേദമാണ്
മരിച്ചിരിക്കുന്നതെന്നും
ഞാന്‍ തിരിച്ചറിഞ്ഞത്
രാത്രിയുമ്മ തന്ന്
മക്കള്‍ പോയപ്പോള്‍.......
പിന്നെ കട്ടില്‍കൂട്ടില്‍
കുടുങ്ങിപ്പോയ എന്‍റെമേല്‍
ഇരുട്ടില്‍ തിളങ്ങുന്ന
കണ്ണുകളും കോമ്പല്ലുകളും
ആഞ്ഞുപതിച്ചപ്പോള്‍.