Monday, 24 August 2015

സ്ത്രീകളും ശിവനും തമ്മിൽ

 സ്ത്രീകളും ശിവനും തമ്മിൽ

     വിവാഹിതരോ അല്ലയോ എന്ന വേര്‍തിരിവ് കൂടാതെ ഏതാണ്ടെല്ലാ സ്ത്രീപുരുഷന്‍മാര്‍ക്കും  മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പ്രണയസങ്കല്‍പം കാണും.
എന്റെ പുരുഷ സങ്കല്പങ്ങളുടെ പരിപൂര്‍ണതയും  പ്രണയസങ്കല്പങ്ങളുടെ സാഫല്യവുമായി ഞാന്‍ കണ്ടിരുന്നത് -കാണുന്നത്- ശിവനെ ആണ്. ശിവന്‍ എന്ന് പറയുമ്പോള്‍  സക്ഷാൽ  ശിവശങ്കരന്‍ തന്നെ ...മതബോധത്തിനുമെത്രയോ മേലെ നില്‍ക്കുന്ന കേവലമായ പ്രണയമാണ് പരമശിവനെ എന്റെ പ്രണയിയായി ഞാന്‍  സ്വീകരിച്ചതിനു പിന്നില്‍ ..അതിനു വൈകാരികമായ അനേകം കാരണങ്ങള്‍ ഉണ്ട് ...അര്‍ദ്ധശരീരം പകുത്തുനല്‍കിയ താഗോജ്ജ്വലമായ അനുരാഗവിശേഷവും, താരപരിവേഷങ്ങളില്ലാത്ത അതിസാധാരണമായ ലളിത ജീവിത ശൈലിയും, വരേണ്യതയുടെ പ്രഭാവലയമില്ലായ്മയും അങ്ങനെ പലതും. പിന്നെ സ്വാഭാവികമായും പൌരുഷം തുടിക്കുന്ന മുഖഭാവവും,  ചലനങ്ങളും, ആകര്‍ഷകമായ ശരീരഘടനയും .പിന്നെ കലാപരമായ മികവ്.സ്നേഹത്തിന്റെ സാഗരഗരിമ .ഇതെല്ലാം ശിവശങ്കരനെ എന്റെ ഇഷ്ടദേവനാക്കി ,പ്രണയത്തോളം എത്തുന്ന  (അല്ല പ്രണയം തന്നെയാണത്)  ആരാധന  ...

ബിരുദാനന്തര പഠനകാലത്താണ് ഈ പ്രണയം മുളച്ചു തുടങ്ങിയത്.മഹാരാജാസില്‍ എം എ യ്ക്ക് പഠിക്കുന്ന കാലത്ത് എറണാകുളത്തപ്പന്‍റെ അമ്പലത്തില്‍ (ടിഡിഎം ഹാളിനടുത്തുള്ള ശിവക്ഷേത്രം) സ്ഥിരം സന്ദര്‍ശകയായിരുന്നു ഞാന്‍ .ബി എഡിനു പഠിക്കുന്ന കാലഘട്ടത്തില്‍ തൃശൂര്‍ വടക്കുന്നാഥന്റെ സന്നിധിയിലും.   വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അദ്ദേഹത്തെ കണ്ടില്ലെങ്കില്‍ ഭയങ്കര നഷ്ടബോധമായിരുന്നു ..ഹിന്ദു സ്ത്രീകള്‍  അനുഷ്ഠിക്കുന്ന എല്ലാ ആചാരങ്ങളും, ശുദ്ധ വൃത്തികളും നോക്കിത്തന്നെയാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നതും..അത്  ജന്മം കൊണ്ട് അന്യമതസ്തയായിരുന്ന എന്റെ കരുതല്‍ ആയിരുന്നു.   സഹിഷ്ണുതയുടെ ഭാഗമായി ചെയ്തുപോന്നത്. ശാരീരികം മാത്രമാണ് ശുദ്ധി എന്നോ, ആര്‍ത്തവം സ്ത്രീയെ ആശുദ്ധയാക്കും എന്നോ അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സംവാദങ്ങളില്‍ എന്നും എതിര്‍ചേരിയില്‍ തന്നെയായിരുന്നു താനും .. എന്നിട്ടും അഹിന്ദുവായ ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ എന്റെ ഹിന്ദുസുഹൃത്തുക്കള്‍ ആരും ഒരിക്കല്‍പോലും ഒരെതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല ,വാസ്തവത്തില്‍ അവര്‍ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതിനെ പ്രോത്സാഹിപ്പിച്ചും ഇരുന്നു. വടക്കുന്നാഥക്ഷേത്രത്തിലെ കരിങ്കല്ലുപാകിയ  പ്രദക്ഷിണവഴികള്‍ ഇന്നും എനിക്ക് ഗൃഹാതുരത്വം തുളുമ്പുന്ന മധുരോദാരസ്മരണയാണ്.. വിവാഹത്തിന് ശേഷവും ഞാന്‍ ഇവിടെ പള്ളിക്കൂടത്തിനടുത്തുള്ള അമ്പലത്തിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും ഒക്കെ പോയി തൊഴുതിട്ടുണ്ട്.. പോകെപ്പോകെ ചില മുറുമുറുപ്പുകള്‍ സ്നേഹബുദ്ധ്യാ എന്നാ ഭാവേന ഉള്ള ഉപദേശങ്ങള്‍ ഒക്കെ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കേട്ടുതുടങ്ങി . 'അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല' എന്ന എഴുത്തുകൾ ക്ഷേത്ര കവാടങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഞാന്‍ ക്ഷേത്രദര്‍ശനം അവസാനിപ്പിച്ചു.. ഭയന്നിട്ടല്ല,  ഒരു മതാന്തരവൈരത്തിന്   കാരണമാകേണ്ട എന്ന് കരുതി.പക്ഷെ ഞാന്‍ തമാശ കലര്‍ത്തി എന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു നിങ്ങള്‍ ഭഗവാനെ തൊഴാന്‍ എന്നെ പുറത്തുനിര്‍ത്തി ക്ഷേത്രത്തിലെത്തുമ്പോൾ അങ്ങേര് യഥാര്‍ത്ഥ ഭക്തയെ തിരഞ്ഞ് മതില്‍ക്കെട്ടിനു പുറത്ത് എന്റെസമീപം എത്തിയിട്ടുണ്ടാവും എന്ന്. എന്റെ വിശ്വാസത്തിലെ എല്ലാ ഈശ്വരന്മാരും ഭക്തന്റെ അക്രീത ദാസന്മാര്‍ തന്നെ .. കൃഷ്ണന്‍ കുചേലന്റെ പാദസേവ ചെയ്തപോലെ ഏത് ഭഗവാനും ഭക്തന്റെ   പാദദാസന്‍  ആകും.


ഇത്രയും പറഞ്ഞുവന്നത്  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തില്‍ കണ്ടുവരുന്ന ഒരു എഴുത്തു കാരണമാണ്.  ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച ഒരു നിര്‍ദ്ദേശം.  ശിവക്ഷേത്രങ്ങളിലാണ്  പ്രായേണ കണ്ടിരിക്കുന്നത്. 'സ്ത്രീകള്‍ പന്ത്രണ്ടുരാതി കഴിഞ്ഞേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവൂ' എന്നാണ് ആ നിര്‍ദ്ദേശത്തിന്റെ സാരം.  മനസ്സിലാവാത്തവര്‍ക്ക് വേണ്ടി വിശദമാക്കാം .. സ്ത്രീകളുടെ ആര്‍ത്തവചക്രം ഒരു ചാന്ദ്രമാസം ആണ് (28 ദിവസം)  അപ്പോള്‍ ആര്‍ത്തവം തുടങ്ങി 12 രാത്രി കഴിഞ്ഞേ പെണ്ണുങ്ങള്‍ ശിവദര്‍ശനം നടത്താന്‍ യോഗ്യരാകൂ !!  വിശദമായി അന്വേഷിച്ചപ്പോള്‍ പന്ത്രണ്ടു രാത്രി മാത്രമല്ലനിര്‍ദ്ദേശം.   ആര്‍ത്തവചക്രംതീരുന്നതിനു 7  ദിവസം മുന്‍പുവരെ മാത്രവുമേ പ്രവേശനമുള്ളൂ എന്നറിഞ്ഞു.  അതായത് ഒന്നാം തിയതി ആര്‍ത്തവം തുടങ്ങിയാല്‍ 13 മുതല്‍  21 വരെ മാത്രം ....സ്ത്രീയുടെ ആര്‍ത്തവചക്രത്തിലെ സഫലകാലം എന്ന് വിളിക്കപ്പെടുന്ന സമയം .ഗര്‍ഭം ധരിക്കാന്‍ ഏറ്റം കൂടുതല്‍ സാധ്യതയുള്ള സമയം ..ലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ കാലം തന്നെ നിശ്ചയിച്ചത് ആരുടെ തന്ത്രമോ കുതന്ത്രമോ?  ശിവരേതസ്സല്ലേ  പ്രയോജനകരമായി  ഭവിക്കട്ടെ എന്നാവും!! എന്തായാലും പാവം ശിവന്‍ ഇതൊന്നും അറിഞ്ഞിട്ടുകൂടി ഉണ്ടാവില്ല, അതു തീര്‍ച്ച ...പാവം പെണ്ണുങ്ങളുടെ ആര്‍ത്തവ ദിന്നങ്ങള്‍ ഓര്‍ത്തു വയ്ക്കുകയല്ലാതെ മൂപ്പര്‍ക്ക്  വേറെഎന്തൊക്കെ ജോലികാണും!!  പാര്‍വതിയുടെ ചക്രം പോലും അദ്ദേഹം ഓര്‍ക്കുന്നുണ്ടോ ആവോ?
ആര്‍ത്തവ കാലത്തേ അശുദ്ധിയെക്കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധാലുക്കളായ പൂര്‍വികര്‍ അവര്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുവാന്‍ വേണ്ടി വിശ്വാസത്തിന്റെ, മതത്തിന്റെ ബാഹ്യാവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതാവും ...ഇന്നത്തെപ്പോലെ ഒട്ടിക്കുന്നതും പറ്റിക്കുന്നതും ഒന്നും നിലവിലില്ലാതിരുന്ന കാലത്ത് നേരെചൊവ്വേ ഒരു പഴന്തുണി പോലും ഒരുപക്ഷെ കിട്ടാനില്ലായിരുന്ന കാലത്ത്  വിശ്രമം കിട്ടട്ടെ പാവം പെണ്ണുങ്ങള്‍ക്ക് എന്ന് കരുതി വിധിച്ച അശുദ്ധിയുടെ സങ്കല്പം ഇന്നെവിടെ എത്തിനില്‍ക്കുന്നു?
പാവാടയോ, സാരിയോ, മുണ്ടും വേഷ്ടിയുമോ ഇട്ട നാരീമണികളെ മാത്രമേ ഗുരുവായൂര്‍ കൃഷ്ണന് പിടിക്കൂ എന്ന് കേട്ടിരുന്നു ഒരിടയ്ക്ക് ..ചൂഡിദാര്‍ ധരിച്ചാല്‍  കാലുകള്‍ രണ്ടും വേറെവേറെ ആയിപ്പോകും അത്രേ ,,കഷ്ടം ഇതിലും വലിയ ഒരാഭാസന്‍ ആയി എങ്ങനെ ഭഗവാനെ ചിത്രീകരിക്കും!  മലയാളി പിന്‍നടക്കുകയാണ് എന്ന് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്   ഓരോ മതവിഭാഗവും മത്സരിച്ച്, കാലഹരണപ്പെട്ട അന്ധവിശാസങ്ങളും, അനാചാരങ്ങളും ഈശ്വരന്മാരുടെയും മതങ്ങളുടെയും പേരില്‍ പുനസ്ഥാപിക്കാന്‍ ആരൊക്കെയോ കാണാമറയത്തിരുന്ന്‍ ചരടുകള്‍ വലിച്ചു.  ഇപ്പോഴും അത് തുടരുന്നു..ഹിന്ദുക്കള്‍ പാലിക്കേണ്ട ക്ഷേത്രാചാരങ്ങള്‍ പുസ്തകരൂപത്തില്‍  ധാരാളമായി  ലഭ്യമാകുന്നു .ചന്ദനം തൊടേണ്ടത്, ഭസ്മം തൊടേണ്ടത്,.കുങ്കുമം തൊടേണ്ടത് ഏതു വിരലുകൊണ്ട് ... ഇതൊക്കെയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ ...എത്ര പേരാണെന്നോ അതൊക്കെ വാങ്ങിവയ്ക്കുന്നത് . ഓരോ സമുദായത്തിനും വ്യത്യസ്തമായ സന്ധ്യാനാമ കീര്‍ത്തനങ്ങള്‍,  ചരമഗാനങ്ങള്‍..അങ്ങനെ പോകുന്നു . നമ്പൂതിരിയുടെയും, നായരുടെയും, ഈഴവന്റെയും, പുലയന്റെയും ശിവനും കൃഷ്ണനും വ്യതസ്തരാണോ?
ഇത് ഹിന്ദു മതത്തിന്റെ മാത്രം കാര്യമല്ല ..നാട്ടില്‍ നിലവിലുള്ള എല്ലാ മതങ്ങളും ഇതുതന്നെ ചെയ്യുന്നു ..ആര്‍ക്കുവേണ്ടി എന്നതാണ് ചോദ്യം.
ഭഗവാനുവേണ്ടിയോ വിശ്വാസികള്‍ക്ക് വേണ്ടിയോ അതോ  "നമുക്കും കിട്ടണം പണം" എന്നതോ?

ആര്‍ത്തവം സ്ത്രീയെ അശുദ്ധയാക്കുന്നതെങ്ങനെ? മാതൃത്വത്തിന്  ഒരു സ്ത്രീയെ ഒരുക്കുന്ന ശാരീരികപ്രക്രിയ മാത്രമായി അതിനെ കാണേണ്ടകാര്യമല്ലേ ഉള്ളൂ?  ദേവിമാരുടെ  ആര്‍ത്തവത്തെ ഉത്സവമാക്കി ഘോഷിക്കുന്ന, തീണ്ടാരിത്തുണി പ്രദര്‍ശനവസ്തുവായും പ്രസാദമായും ആഘോഷമാക്കുന്ന പതിവും നമ്മുടെ നാട്ടില്‍ നടപ്പിലുണ്ട്. മനുഷ്യസ്ത്രീയുടെ കാര്യം വരുമ്പോള്‍  എന്തെല്ലാം ചിട്ടവട്ടങ്ങളാണ്! എത്രയെത്ര അരുതുകളും വിലക്കുകളും ആണ്.  ശുദ്ധം ശരീരത്തിനോ മനസ്സിനോ വേണ്ടതെന്ന കാര്യമാണ് ആദ്യം തീരുമാനമാകേണ്ടത്.
എനിക്ക് പറയാനുള്ളത് എത്രയോ കാലം മുന്‍പേ മഹാനുഭാവനായ കവി പറഞ്ഞു വച്ചിരിക്കുന്നു
"ഇന്നലെ ചെയ്തോരബദ്ധം മൂഢർ-
ക്കിന്നത്തെ യാചാരമാവാം
നാളത്തെ ശാസ്ത്രമതാവാം
അതില്‍ മൂളായ്ക സമ്മതം രാജന്‍"

Wednesday, 12 August 2015

അന്ത്യോദകം

അന്ത്യോദകം


കാമമോഹങ്ങളൂയലാടുമെന്നുടലിന്റെ
തൃഷ്ണകൾ പനിച്ചൂടിൽ വിലയിച്ചൊടുങ്ങവേ
ഒന്നെണീറ്റിരിക്കുവാനാവാതെ കിടക്കയിൽ
തീവെയിൽതളർത്തിയ വള്ളിയായ് കിടന്നു ഞാൻ
അർദ്ധസുപ്തിയിൽ,കിനാവായിടാം, ഭ്രമാത്മക
സാന്ത്വനം തേടും ഹൃത്തിന്മോഹദൃശ്യവുമാവാം.
വന്നിരുന്നുവോ ദീനശയ്യയിലെൻപാർശ്വത്തിൽ
ചുള്ളിപോൽ കിടക്കുമെൻ കൈത്തലം തലോടിയോ
ഉമ്മവയ്ക്കുവാനാഞ്ഞിട്ടെന്തു നീ പിൻവാങ്ങി നിൻ
 കൺകളെൻ കവിൾത്തട്ടിൽ ചേർത്തു തെല്ലിരുന്നുവോ

'ആദ്യചുംബനത്തിന്റെ മധുരം പാഴാകുമോ
അർദ്ധബോധത്തിൽ ഞാനതറിയാതിരിക്കുമോ'
നിന്റെ ചിന്തകൾപോലുമെത്രയോസുതാര്യമെ-
ന്നോമനേ പ്രണയമിവ്വിധമാകുമോ തമ്മിൽ!
എത്ര പേമഴകളിൽ, എത്രമഞ്ഞലകളിൽ
തപ്തമാം പരശ്ശതമനിദ്രായാമങ്ങളിൽ
എത്രമേൽ കൊതിച്ചുഞാൻ തണുപ്പിൽ ചൂടും
ചൂടിൽ കുളിരും പകർന്നേകും നിന്റെ ചുണ്ടിണകളെ.
വന്നതേയില്ലാശകൾ തന്നതുമില്ലെൻ കാഴ്ച,
കേൾവിയും സ്പർശങ്ങളുമെത്രമേലനാഥമായ്
ഇന്നു നിൻ കണ്ണിൽ തീർത്ഥജലം, എൻ കൺപോളകൾ
തിരുമ്മിയടയ്ക്കുവാനെന്നപോൽ വിരൽകളും.

എത്രയോ കെടുകാലവർഷസന്ധികൾ താണ്ടി
പ്രണയം ധരിക്കയാൽ വൃദ്ധയായ് നിനക്കൊപ്പം
ഏറെ നല്ലതാം കാലം വരുവാൻ കൊതിച്ചുനാം
എത്തിയതൊടുവിലീദീനശയ്യയിൽ ചിത്രം!
എങ്കിലും നല്ലൂ തമ്മിൽ കയ്ചുപോയിടുംവണ്ണം
തളച്ചീലല്ലൊ ബന്ധപാശങ്ങളാലേ നമ്മൾ
ഓ ർക്കിലെത്രയൊ മെച്ചമിന്നുനിന്മടിയിലെൻ
പഞ്ജരം  വെടിഞ്ഞെത്രശാന്തയായ് വിടചൊല്ലാം
ഇനിയും നൽകാതെ നീ കാത്തുവച്ചതാമാദ്യ
ചുംബനം പകർന്നാലുമന്ത്യചുംബനമായി..

ആഗസ്റ്റ് 2015


Saturday, 8 August 2015

വിശപ്പ്


വിശപ്പാണീയിടെ വലയ്ക്കുന്നതെന്നെ.
എത്ര തിന്നാലും വയര്‍ നിറയുന്നതല്ലാതെ
കത്തലടങ്ങുന്നില്ല.
നേരവും കാലവും നോക്കാതെ
ചാടിവീണ് ആക്രമിക്കുകയാണ്.

അതിനെ കൊല്ലാന്‍
പട്ടിണി കിടന്നു നോക്കി.
അത് ഒളിച്ചിരുന്നു.
അത് തോറ്റെന്നു കരുതി.
ഞാന്‍ വീണ്ടും തിന്നുതുടങ്ങി
പുച്ഛച്ചിരി  ചിരിച്ചുകൊണ്ട്
ആദ്യ അപ്പക്കഷണത്തിനുമേല്‍
അത് ചാടിവീണു.
മല്‍പ്പിടുത്തങ്ങള്‍ വേണ്ടിവന്നില്ല;
എപ്പോഴേ തോറ്റിരുന്നു ഞാന്‍ .

 രാത്രിവിളക്കുകള്‍ അണയുമ്പോള്‍
അതിന്റെ മുരള്‍ച്ച കൂടിക്കൂടിവന്നു.
ചലനങ്ങളില്‍
ഇരപിടിയന്‍ പുലിയുടെ മെരുക്കം,
വചനങ്ങളില്‍
വൃദ്ധകാമുകന്റെ  കൌശലം.

രാത്രികളില്‍  ഉറക്കാതെ
അത് മുക്രയിട്ടുതുടങ്ങി
തോരാമാഴയുടെ കര്‍ക്കിടകത്തില്‍
ചുരമാന്തി അക്ഷമനായി
തീപാറുന്ന മീനത്തില്‍
ചുറ്റും തിളച്ചുതൂവി
മകരക്കുളിരില്‍
വാല് കാലുകള്‍ക്കിടയില്‍ തിരുകി
ഉറക്കം നടിച്ചു.
രാപ്പാതി പോകെ
മാര്‍ജാരപാദങ്ങളില്‍ നടന്ന്,
അജീര്‍ണ്ണം പിടിക്കുന്നത് ഗൌനിക്കാതെ
 എന്തും തിന്നുതുടങ്ങി.

കടമെടുക്കാത്ത തലോടലിന്റെ  ഒരു വറ്റും
ഒരു കണ്ണീര്‍ത്തുള്ളിയിലെ ഉപ്പും
തണുത്തുപോകാത്ത ഒരുമ്മയും ...
അത്രമതിയായിരുന്നു അതിന്....
ഉണ്ണുന്നവനും വിളമ്പുന്നവരും
അതറിയാതെപോയി !!!

Thursday, 9 July 2015

ഫേസ് ബുക്ക് കുറിപ്പുകൾ

എത്ര വലിയ ബാധ്യതയും
പരതന്ത്രതയും ആണ് ഈ ശരീരം
എങ്കിലും അതിനെ എത്രമേല്‍ പ്രിയത്തോടെ
പരിപാലിക്കുന്നു നാം !!
ജരാനരകള്‍ വന്നെത്തുന്നകാലം വരെ 
അതിനെ മറ്റുള്ളവര്‍ സ്നേഹിച്ചേക്കാം .....
പിന്നെയോ??
വാര്‍ദ്ധക്യമെത്തുന്നതിനുമുന്‍പ്
ആയുസ്സെത്തിയവര്‍ എത്ര ഭാഗ്യം ചെയ്തവര്‍...
"ആര്‍ക്കും വേണ്ടാതെ വരുമ്പോള്‍
നീ എന്നിലേ യ്ക്ക് പോരൂ" എന്ന്
നെഞ്ചുപൊള്ളി വിളിക്കാന്‍
ആരാനുമുണ്ടോ ?
നമുക്കൊരേ മരത്തണല്‍ പോരും
ഒരു കൈക്കുമ്പിള്‍ വെള്ളവും
ഊന്നുവടി കാട്ടില്‍ കളഞ്ഞേക്കൂ,
അറ്റം കാണാത്ത ആ ഒറ്റയടിപ്പാത
എന്റെകാല്‍പ്പാടുകളിലൂടെ
നീ നടന്നു തീര്‍ക്കുക...
അവസാനശ്വാസവും പകുത്തെടുത്ത്
അമര്‍ത്യരാവുക നാം ...

********************************************************
നീരൊഴുക്കുകള്‍ സ്വാഭാവികമാണ് ..
ഉയരങ്ങളില്‍നിന്നു താഴേയ്ക്ക്,
അതാണ് അവയുടെ വഴി.
നാം അസ്വാഭാവികമായി അവയെ ഉയരങ്ങളില്‍ എത്തിക്കും
കിട്ടുന്ന ആദ്യ അവസരം മുതലാക്കി 
അവ വീണ്ടും ഭൂമിയില്‍ ചെന്ന് ചേരും.
വെല്ലുവിളികളോ അവകാശവാദങ്ങളോ ഇല്ലതന്നെ
തീര്‍ത്തും നിരഹങ്കാരമായി,
നിലം പറ്റി,
പങ്കുവച്ച്,
എത്ര വേഗത്തില്‍ സ്വയം തീര്‍ന്നുപോകും!!
ഏറ്റം താഴുംപോഴാണ്
സ്വയം വിട്ടുകൊടുക്കുംപോഴാണ്
ഏറ്റം ഉയരുന്നതെന്ന പാഠം
ആരാണ് അവയെ പഠിപ്പിച്ചത്?
മേഘങ്ങളുടെ മണിമേടകളില്‍നിന്ന്
ഭൂമിയെനോക്കി അവ കൈനീട്ടി
ആര്‍ത്തലച്ചുകരയുന്നത് കണ്ടിട്ടില്ലേ ?
കെട്ടിനിറുത്തപ്പെട്ട ഓരോ കണ്ണീര്‍ത്തടാകങ്ങളും
പിടയുന്ന ആത്മാക്കളെക്കൊണ്ട് നിറയുന്ന
കാരാഗൃഹങ്ങളാണ്...
ആളനക്കങ്ങള്‍ ഒഴിയുമ്പോള്‍
ആത്മാവ് ചേര്‍ത്തുവയ്ക്കു
നിശ്ശബ്ദമായ അലമുറകള്‍
തിളച്ചുമറിയുന്നതറിയാം......

*****************************************
ആകാശസഞ്ചാരങ്ങള്‍ക്കും
അപഥഗമനങ്ങള്‍ക്കും ഇടയില്‍
എപ്പോഴോ കരളിനുള്ളില്‍
വീണുതറച്ച ഒരു നക്ഷത്രത്തുണ്ട്...
പാരതന്ത്ര്യത്തിന്റെ ഹിമശൈത്യത്തിനും
നിസ്സഹായതയുടെ കണ്ണീര്‍പ്രവാഹത്തിനും
ആത്മബലിയുടെ ചോരക്കട്ടകള്‍ക്കും
അതിനെ കെടുത്താനായില്ല ..
സ്നേഹശൂന്യതയുടെ തമസ്സ്ഥലികളില്‍
അത് സൂര്യതേജസ്സായി..
കടന്നുകയറ്റങ്ങളുടെ ഞെരിഞ്ഞില്‍ക്കാടുകളില്‍
അതിജീവനമന്ത്രമായി.
അതിനെ പ്രണയമെന്നോ സ്വാതന്ത്ര്യമെന്നോ
ഞാന്‍ വിളിക്കേണ്ടൂ?
ഇത്രമേല്‍ തപിക്കണമെങ്കില്‍
പ്രണയമായിരിക്കണം.
ഇത്രയ്ക്ക് പൊരുതിനില്‍ക്കണമെങ്കില്‍
സ്വാതന്ത്ര്യവും ...
അല്ലെങ്കില്‍ ഇവതമ്മില്‍
എന്ത് ഭേദമാണുള്ളത്..
പ്രണയം പോലെ സ്വതന്ത്രമാക്കുന്നതെന്ത്!!
സ്വാതന്ത്ര്യത്തെയെന്നപോല്‍
പ്രണയിക്കുന്നതെന്തിനെ??
************************************
മരണം ചിലപ്പോള്‍ 
എത്രമേല്‍ പ്രിയതരമാകുന്നു....
അഭിസാരികയായി
അവനെ അന്വേഷിച്ചുപോകാന്‍ മാത്രം പ്രിയതമന്‍ ..
ഒട്ടും ഗൌനിക്കാതെ
ഗൌരവത്തില്‍ നടന്നകലുമ്പോള്‍,
കാല്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
തെന്നിമാറുമ്പോള്‍,
കൂടുതല്‍ കൂടുതല്‍
കൊതിപ്പിക്കുന്നു ...
ഞാനൊരുക്കിവച്ച ആഭിചാരക്കളത്തില്‍
നീ ഉറഞ്ഞുതുള്ളുന്നതെന്ന്!!
മാന്ത്രിക ത്രികോണത്തില്‍ തീത്തിലകമായി 
നീ മാറുന്നതുംകാത്ത് ഇരിപ്പാണ് ഞാന്‍...
.*****************************************

നിന്‍റെ മൌനം തീര്‍ക്കുന്ന വിടവുകള്‍
പ്രണയം കിനിയുന്ന ഓര്‍മ്മകളുടെ
ചാന്തുകൂട്ടുകൊണ്ട്
തേച്ചുകൂട്ടുകയാണ് ഞാന്‍.
കിനാവിന്റെ നിറക്കൂട്ടുകള്‍കൊണ്ട്
മോടിപിടിപ്പിക്കുകയും.
എന്റെ ആകാശങ്ങള്‍ക്ക്
അതിരുകള്‍ നിശ്ചയിക്കുന്നതും
സ്വപ്നങ്ങളുടെ ചിറകുകള്‍
ചീന്തിക്കളയുന്നതുംആര്!!
ഒഴുകുന്ന ജലം പോലെയാണ് ഞാന്‍..
മേഘങ്ങളെപ്പോലെ കാമരൂപിണിയും.
എന്റെ കുതിരകള്‍ക്ക്
കടിഞ്ഞാണുകള്‍ അന്യമത്രേ!
ഉദയാസ്തമനങ്ങളില്ലാത്ത നക്ഷത്രങ്ങളാണ്
എന്റെ കാമനകള്‍ ..
കാലം തമസ്കരിക്കുവോളം
അവ തെളിഞ്ഞുനില്‍ക്കട്ടെ .......

********************************************************

വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ
ഭൂമിയാകുന്നു ഞാന്‍.....
കൊട്ടിഗ്ഘോഷങ്ങളും കോലാഹലങ്ങളുമായി
ആര്‍ത്തലച്ചു പെയ്ത്
ഉപരിതലം മാത്രം നനച്ച്
ഒഴുകിപ്പോകുന്ന പെരുമഴയൊന്നും വേണ്ടെനിക്ക്
ഓരോ മണല്‍ത്തരിയേയും തഴുകി നനച്ച്,
ഓരോ പുല്‍നാമ്പിനെയും ത്രസിപ്പിച്ച്,
ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന,
കാറ്റിനൊപ്പം കട്ടുവന്ന്
പിന്‍ കഴുത്തില്‍ ചുണ്ടുരുമ്മി
കൊതിയുടെ കെട്ടഴിച്ചിട്ട്
ഓടിമറയുന്ന,
എന്നില്‍ പെയ്തുതീരാന്‍ നേരം പോരെന്നു
പിണങ്ങുന്ന,
മഴച്ചാറ്റലിനെയാണ് കൊതിച്ചുപോവുന്നത്...
***************************************************

ഞാന്‍ മരണത്തെ സ്നേഹിക്കുന്നു ............
കഴുമരത്തിലേക്ക്
ചുവടുകള്‍ അളന്നു നടക്കുമ്പോള്‍
എങ്ങുമെത്താതെപോയ ജീവിതം 
വിദൂരസ്വപ്നങ്ങളില്‍ പോലും
ഉണ്ടായിരുന്നില്ല....
വിട്ടുപോന്നതും
വരാനിരിക്കുന്നതുമായ ഒന്നും
സ്വൈരം കെടുത്തിയും ഇല്ല.
വിധിവാചകം ഉറക്കെ പ്രസ്താവിക്കുമ്പോള്‍
ആ സ്വരം ഒട്ടും ഇടറിയിരുന്നില്ല
ആദ്യം കണ്ടപ്പോള്‍ എന്നപോലെ
ആയിരം കൊളുത്തുകളുള്ള കണ്ണുകള്‍
ഹൃദയത്തില്‍ കോര്‍ത്തുവലിച്ചു..
നീണ്ട മൌനത്തിന്റെ ശൈത്യംകൊണ്ട്
അതുപക്ഷെ മഞ്ഞുമല പോലെ ഉറച്ചുപോയിരുന്നു
മരണമൊഴികെ മറ്റൊന്നും
മുളയ്ക്കാത്തവിധത്തില്‍.....
മുന്‍പരിചയങ്ങള്‍
ഇനിയതിനെ ഉലയ്ക്കുകയില്ല ..
മരണം തനിക്കു ശിക്ഷയല്ല സ്വാതന്ത്ര്യമാണെന്ന്
അദ്ദേഹവും അറിഞ്ഞിരുന്നു!
**************************************************************

പ്രീഡിഗ്രിക്കാലത്താണ് ആദ്യമായി പവിഴമല്ലിപ്പൂക്കൾ കാണുന്നത്. മഹാരാജാസിന്റെ പിന്നിലെ ഗെയ്റ്റിന്റെ എതിർവശത്ത് .....
കാണുന്ന നഗരകൌതുങ്ങളിൽ ഒന്നും അധികം തങ്ങിനിൽക്കാതിരുന്ന കണ്ണും മനസ്സും ആ സുന്ദരിപ്പൂക്കൾ കട്ടു ..
ഓർമ്മകളുമായാണ് അവയെ പലപ്പോഴും ബന്ധെപ്പെടുത്തുക .
വെളുത്ത നനുത്ത ഇതളുകൾ തുടുത്ത പവിഴ ഞെട്ടിൽ വൃത്താകൃതിയിൽ ഭംഗിയിൽ ചേർത്ത് അടുക്കി .....പവിഴമല്ലിപ്പൂക്കൽ എന്നാൽ പ്രണയത്തിന്റെ മറ്റൊരു പേരാണ് എനിക്ക്
കാലവർഷത്തിലെ വെള്ളപ്പാച്ചിലിൽ ആവ വീണ് ഒഴുകിപ്പോകുന്നത് സങ്കടത്തോടെ നോക്കിനിന്നിട്ടുണ്ട് എന്നിലെ ഗ്രാമീണപ്പെണ്‍കൊടി ..
എത്ര നിശ്ശബ്ദം .... യാതൊരു പരിഭവങ്ങളുമില്ലാതെ ഒഴുക്കിനും കാറ്റിനുമൊപ്പം അവ ഒഴുകി നീങ്ങുന്നു ..ചിലത് ഒരു പുൽത്തണ്ടിലോ മറ്റോ കുരുങ്ങി നിമിഷങ്ങൾ തങ്ങി നിൽക്കുന്നു .ചിലപ്പോൾ ആ തങ്ങി നിൽപ്പ് തുടരും അടുത്ത മഴവരെ ..
കാലത്തിന്റെ തുടർച്ചയായ പ്രവാഹത്തിൽ പതിക്കുന്ന ഓർമ്മകളും ഒഴുകിയകലുന്നു. തിരികെ വരാത്തവണ്ണം ..ചിലവ നിമിഷങ്ങൾ തങ്ങി നിൽക്കുന്നു .ധർമ്മസങ്കടങ്ങളുടെ കുത്തൊഴുക്കുകൾ അവയെ തട്ടിപ്പറിച്ചുകൊണ്ടുപോകും ചിലപ്പോൾ . മറ്റു ചിലവ മനസ്സിന്റെ ഓരം പറ്റി കിടക്കും അടുത്ത ജന്മത്തോളം ...
പവിഴമല്ലി ഋതുഭേദങ്ങൾക്കനുസരിച്ചു തളിർക്കും , പൂചൂടും , വളരും.
ജീവിതവും കാലത്തിനനുസരിച്ച് മാറിമറിയും .. പൊലിഞ്ഞുപോകുന്ന പൂക്കൾക്കും ഇലകൾക്കും ചെറുചില്ലകൾക്കും പകരം പുതിയവ വരും ,,
എന്നാൽ തായ് ത്തടിയിൽ എൽക്കുന്ന മുറിവ് നിലനിൽക്കും...
വൃക്ഷം കടപുഴകിവീണാലും ആ മുറിവ് അവിടെക്കാണും .
അടിയൊഴുക്കുകളും കൊടുങ്കാറ്റുകളും അതിനെ മാത്രം മായ്‌ക്കില്ല ..
തീയിൽ എരിഞ്ഞു തീരുന്ന വരെ ...വടുവായി അതുകാണും
പ്രണയത്തിന്റെ തീവ്രതയും വിശുദ്ധിയുമുള്ള പവിഴമല്ലികളെ
ഇന്നോർക്കാൻ എന്താവോ കാരണം !
രഹസ്യമായി മുറിവുകളിൽ തലോടി
സ്വയം വേദനിച്ചു രസിക്കുന്ന
ഒരു മസോക്കിസ്റ്റ് എന്നിൽ എവിടെയോ
ഒളിച്ചിരിപ്പുണ്ട് !!!
*******************************************


ഒരു നിശ്വാസം എല്ലാം പറയുമെങ്കില്‍
മലയിടുക്കുകള്‍ താണ്ടി
ചൂളം കുത്തി വരുന്ന കാറ്റ്
എന്റെ മനസ് എന്നറിയുക.
ഒരു മഴത്തുള്ളിയില്‍
കദനം നിറയുമെങ്കില്‍
ആര്‍ത്തുപെയ്യുന്ന മഴ
എന്‍റെശോകം എന്നും അറിക.
ഒരിക്കലും വറ്റാത്ത പുഴയാണ്
പ്രണയമെന്നും
വേനലിലെ മണല്‍പ്പരപ്പുകളില്‍
അത് തപം ചെയ്യുകയാണ് എന്നും
തിരിച്ചറിയുക ......

Tuesday, 7 July 2015

നമുക്കുതമ്മിൽ......

നമുക്കുതമ്മിൽ.. ....

എനിക്ക് നിന്റെ പ്രൗഢിയൊ
കുലചിഹ്നങ്ങളോ
അംശവടിയോ മുദ്രമോതിരമോ വേണ്ട

അധികാരപത്രങ്ങളോവാമഭാഗത്ത് ഒരിരിപ്പിടമോ വേണ്ടഅന്തപ്പുരത്തിന്റെ സുഖശീതളിമയോ
 ഹേമാംബരങ്ങളോപുഷ്പശയ്യകളോ വേണ്ടസ്തുതിപാഠകരും, ചേടിമാരുംമുത്തുക്കുടകളും, ഘോഷയാത്രകളും,വാഗ്വൈഭവത്തിന്റെ കീർത്തിമുദ്രകളുംകാംക്ഷിക്കുന്നില്ല ഞാൻ
ഉന്മാദത്തിന്റെ തേർചക്രങ്ങളിൽ
നീ കുതിക്കുമ്പോൾ
എനിക്കതിന്റെ കടിഞ്ഞാൺ വേണ്ട
കണ്ണീരൊപ്പാൻ നീളുന്ന കൈലേസുകളിൽ
എന്റെ പേർ തുന്നിയിട്ടുണ്ടാവില്ല
നിന്റെ ശരീരമോ അതിന്റെ
വിലോഭനീയമായ ആസക്തികളോ വേണ്ട
പ്രണയമോ അതിന്റെ മധുമധുരമോ പോലും..
നിന്റെ പാദമുദ്രകൾ പതിയുന്ന
പാതയോരങ്ങളിലെ പുൽക്കൊടിയുടെ
സ്പർശനസൗഭാഗ്യവും കൊതിക്കുന്നില്ല ഞാൻ

ഒരു പ്രാണന് മറ്റൊരു പ്രാണനോട്
തോന്നുന്നതു മാത്രം
എന്നോട് തോന്നുക.
എന്‍റെ കടം മടക്കണമെന്നാണെങ്കില്‍
സങ്കടങ്ങൾ ഒറ്റത്തുള്ളിയിൽ അടക്കി നൽകുക.
അതിൽ വിശേഷണങ്ങൾ ചേർക്കാതിരിക്കുക
വിഷവും.......

Sunday, 5 July 2015

വിശപ്പ്

വിശപ്പ്

വിശപ്പാണീയിടെ വലയ്ക്കുന്നതെന്നെ.
എത്ര തിന്നാലും വയര്‍ നിറയുന്നതല്ലാതെ
കത്തലടങ്ങുന്നില്ല.
നേരവും കാലവും നോക്കാതെ
ചാടിവീണ് ആക്രമിക്കുകയാണ്.

അതിനെ കൊല്ലാന്‍
പട്ടിണി കിടന്നു നോക്കി.
അത് ഒളിച്ചിരുന്നു.
അത് തോറ്റെന്നു കരുതി.
ഞാന്‍ വീണ്ടും തിന്നുതുടങ്ങി
പുച്ഛച്ചിരി  ചിരിച്ചുകൊണ്ട്
ആദ്യ അപ്പക്കഷണത്തിനുമേല്‍
അത് ചാടിവീണു.
മല്‍പ്പിടുത്തങ്ങള്‍ വേണ്ടിവന്നില്ല;
എപ്പോഴേ തോറ്റിരുന്നു ഞാന്‍ .

 രാത്രിവിളക്കുകള്‍ അണയുമ്പോള്‍
അതിന്റെ മുരള്‍ച്ച കൂടിക്കൂടിവന്നു.
ചലനങ്ങളില്‍
ഇരപിടിയന്‍ പുലിയുടെ മെരുക്കം,
വചനങ്ങളില്‍
വൃദ്ധകാമുകന്റെ  കൌശലം.


രാത്രികളില്‍  ഉറക്കാതെ
അത് മുക്രയിട്ടുതുടങ്ങി
തോരാമാഴയുടെ കര്‍ക്കിടകത്തില്‍
ചുരമാന്തി അക്ഷമനായി
തീപാറുന്ന മീനത്തില്‍
ചുറ്റും തിളച്ചുതൂവി
മകരക്കുളിരില്‍
വാല് കാലുകള്‍ക്കിടയില്‍ തിരുകി
ഉറക്കം നടിച്ചു.

രാപ്പാതി പോകെ
മാര്‍ജാരപാദങ്ങളില്‍ നടന്ന്,
അജീര്‍ണ്ണം പിടിക്കുന്നത് ഗൌനിക്കാതെ
 എന്തും തിന്നുതുടങ്ങി.

കടമെടുക്കാത്ത തലോടലിന്റെ  ഒരു വറ്റും
ഒരു കണ്ണീര്‍ത്തുള്ളിയിലെ ഉപ്പും
തണുത്തുപോകാത്ത ഒരുമ്മയും ...
അത്രമതിയായിരുന്നു അതിന്....

ഉണ്ണുന്നവനും വിളമ്പുന്നവരും
അതറിയാതെപോയി !!!!



Saturday, 27 June 2015

ഇലഞ്ഞി ...

1

ഇന്നും പോയിരുന്നു ഇലഞ്ഞിവീട്ടില്‍ ......
കുട്ടിക്കാലത്തെപ്പറ്റി ഓര്‍മ്മിക്കുന്നത് അവിടെയിരിക്കുംപോഴാണ്... മുന്‍വശത്തെ വരാന്തയില്‍ (ഇപ്പോള്‍ സിറ്റ് ഔട്ട്‌ എന്നാ പറയുക) നിലത്ത് പടഞ്ഞിരിക്കും ഞാന്‍,ഒപ്പം രാജാവും മക്കള്‍ ചിന്നുവും ജോര്‍ജുകുട്ടിയും , ചിലപ്പോള്‍ സുന്ദരിയായ നാത്തൂന്‍ ബീനയും കാണും. അല്ലെങ്കില്‍ ഞാനും രാജാവും .. ചിലപ്പോള്‍ തനിയെ........ ഇന്ന് ജോര്‍ജുവിനേം കൂട്ടി പറമ്പിലൊക്കെ (തൊടി) നടക്കാന്‍ പോയി .. എന്റെ കുട്ടിക്കാലത്തുള്ള ഒരു പ്രിയപ്പെട്ട മൂലയില്‍ അവിടെ അന്നൊരു നാട്ടുമാവുണ്ടായിരുന്നു .. നല്ല നീരുള്ള മാമ്പഴം ഉറുഞ്ചിത്തിന്ന് പെറ്റിക്കോട്ടിലും മുഖത്തും ഒക്കെ നിറയെ മാങ്ങാച്ചുനയും മാമ്പഴച്ചാറും പുരണ്ട് അങ്ങനെ നടക്കും ... കുറെയെണ്ണം പെറ്റിക്കോട്ട് കൂട്ടിപ്പിടിച്ച്‌ കുമ്പിളുണ്ടാക്കി അതില്‍ നിറച്ചു വീട്ടിലും കൊണ്ടുപോകും.... ചിലപ്പോള്‍ വട്ടയിലകൊണ്ടാവും കുമ്പിള്‍ ഉണ്ടാക്കല്‍.... എന്തായാലും വയര്‍ നിറഞ്ഞിരിക്കും .
അതിനടുത്ത് ഒരു കല്‍ക്കൂനയും ഉണ്ടായിരുന്നു . അമ്മ വഴക്കുപറയുംപോള്‍ പിണങ്ങിപ്പോയി ഒളിച്ചിരിക്കുന്നത് അതിന്റെ മറവിലായിരുന്നു .... രൂപാന്തരം പ്രാപിച്ച നിലയില്‍ കല്‍ക്കൂന അവിടെയുണ്ട് ഇന്നും .. നാട്ടുമാവില്ല . കേടുവന്നു പോയോ മുറിച്ചുമാറ്റിയോ ഓര്‍മ്മയില്ല frown emoticon അവിടെയുണ്ടായിരുന്ന ഒരു മരോട്ടിമരം ഇപ്പൊ വലുതായി നില്‍പ്പുണ്ട് .. നല്ല പ്രൌഡിയില്‍ ....
മരോട്ടിക്കായ പെറുക്കി പൊട്ടിച്ച് അതിന്റെ കുരു എടുത്തുവയ്ക്കുമായിരുന്നു ചെറുപ്പത്തില്‍. അതിന്റെ തോടില്‍ എണ്ണയൊഴിച്ച് ചെരാതുപോലെ തിരിയിട്ടു കത്തിക്കുകയും ചെയ്തിരുന്നു. മരോട്ടിക്കായ നല്ല ബ്രൌണ്‍ നിറത്തില്‍ ഉരുണ്ടിട്ടുള്ള കായാണ് .. പല വലിപ്പത്തില്‍ ഉണ്ടാകും അത് .... മരോട്ടിമരത്തില്‍ മാത്രം ഉണ്ടാകുന്ന ഒരു പ്രാണിയുണ്ട്,, ചുവപ്പും കറുപ്പും ഡിസൈന്‍ ഉള്ള അതിനെ മരോട്ടിപ്പാറ്റാ എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌ ... ഇന്ന് പോയപ്പോള്‍ അതിനെയും നോക്കി .. കുറെയെണ്ണം ഉണ്ട് ഇപ്പോഴും കാലം മാറിയതും എന്റെ കോലം മാറിയതും അറിയാതെ. അവ മിക്കപ്പോഴും ഇണകളായേ നടക്കൂ ഒട്ടിപ്പിടിച്ച്...
മരോട്ടിമരത്തിന്റെ ചോട്ടില്‍ വച്ച് ഒരു പോട്ടം പിടിച്ചത് കണ്ണുകിട്ടാണ്ടിരിക്കാന്‍ (മരോട്ടിപ്പാറ്റായ്ക്ക്) ചേര്‍ക്കുന്നു .....

2.

ഞാവല്‍പ്പഴത്തെപ്പറ്റി എഴുതീപ്പോ ഒരൂട്ടം വഴിയെ പറയാംന്നു പറഞ്ഞിരുന്നില്ലേ അത് പറയാം ഇന്ന് ...ഓര്‍ക്കുമ്പോ ചിരി വന്നിട്ട് വയ്യ ... ഹൈസ്കൂളില്‍ പഠിക്കണ കാലത്തേ കാര്യാ ട്ട്വോ ...... ന്നാലും നല്ല തെളിഞ്ഞ ഓര്‍മ്മയുണ്ട് ആവക കാര്യങ്ങളൊക്കെ...
ഇലഞ്ഞിയിലെ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ പഠിക്കണ കാലത്താ ഞാവല്‍പ്പഴം ആദ്യായി കാണണതും തിന്നണതും .....ഹൈസ്കൂള്‍ ഗ്രൌണ്ട് എല്‍ പീടെ ഗ്രൌണ്ടിനെക്കാള്‍ ഒരു തട്ട് മുകളില്‍. അതിന്റെ അതിരിലാണ് ഞാവല്‍ മരങ്ങള്‍ നിരനിരയായി പടര്‍ന്ന്‍ പന്തലിച്ച് കൊതിക്കനികള്‍ കാട്ടി കേമത്തിലങ്ങനെ നിന്നിരുന്നത്...അന്നത് ഒരു കയ്യാലകൊണ്ട് (മാട് എന്ന് ഇവിടങ്ങളില്‍ പറയും) വേര്‍തിരിച്ചിരുന്നു. ആ കയ്യാല അവിടവിടെ പൊളിഞ്ഞു കിടന്നതിനാല്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ കയറാമായിരുന്നു.... ഞങ്ങള്‍ കുഞ്ഞിപ്പിള്ളേരുടെ വെള്ളമിറക്കിയുള്ള നില്‍പ്പ് കാണുമ്പോള്‍ ചേട്ടന്മാര്‍ ഇടയ്ക്കൊക്കെ ഞാവല്‍പഴങ്ങള്‍ ഭിക്ഷയായി എറിഞ്ഞുതരുമായിരുന്നു. പലപ്പോഴും അത് മണ്ണിലും കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലും ഒക്കെ വീണിരുന്നു .. എത്ര ചതഞ്ഞാലും പൊട്ടിയാലും കൊതിയുടെ ആധിക്യം മൂലം ഉടുപ്പില്‍ ഒന്ന് തൂത്തിട്ടു നേരെ വായിലേയ്ക്ക് ....
അക്കാലമൊക്കെ കഴിഞ്ഞു ഹൈസ്കൂളില്‍ എത്തി. എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന കാലം ....... മിക്സെഡ് സ്കൂള്‍ ആണെങ്കിലും ആണ്‍ പെണ്‍ ഡിവിഷനുകള്‍ വേറെവേറെയാണ് അതുകൊണ്ട് ചെക്കന്മാരുമായി വലിയ ചങ്ങാത്തം ഒന്നുമില്ല .. മിണ്ടാറും കൂടിയില്ല സത്യത്തില്‍ ..ഞായറാഴ്ചകളില്‍ വേദപാഠം എന്നൊരു ഏര്‍പ്പാടുണ്ട് ... അതില്‍ പോകുമ്പോഴാണ് ലവന്മാരോട് വല്ലപ്പോഴുമൊക്കെ ഒന്ന് മിണ്ടുന്നത് ...
അങ്ങനെയിരിക്കെ എന്നെക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ വേദപാഠം പഠിക്കുന്ന ഒരുത്തനെ സ്ഥിരമായി എന്റെ ക്ലാസിന്റെ വാതില്‍ക്കല്‍ കാണാന്‍ തുടങ്ങി ... ഞാനായിരുന്നു ടാര്‍ഗെറ്റ് എന്ന് പിന്നീടാ മനസ്സിലായത്‌.. എന്നെക്കാണാന്‍ അന്നും വലിയ ചന്തമൊന്നും ഇല്ല കറുത്ത് മെല്ലിച്ച ഒരു ഉണ്ടക്കണ്ണി..കുറെ മുടിയുണ്ടായിരുന്നതാണ് എനിക്കുതന്നെ എന്നെക്കുറിച്ച് ഒരു ഗുണമായി പറയാനുണ്ടായിരുന്നത്... ങാ.. പിന്നെ പഠിപ്പിസ്റ്റ് ആയിരുന്നു ട്ട്വോ അന്നൊക്കെ ... എന്തായാലും ലവന്‍ അങ്ങനെ വായിനോക്കുന്നത് എനിക്കത്ര പിടിച്ചില്ല ...രണ്ടു കാരണങ്ങള്‍ കൊണ്ട്.. അവന്‍ തീരെ ഭംഗിയില്ലാത്ത ഒരുത്തന്‍. പിന്നെ ഒരു പൊട്ടനും .. തോറ്റു പഠിക്കുന്നവരെ വലിയ പുച്ഛമായിരുന്നു അന്നൊക്കെ ..എന്തായാലും ലവന്‍ വിടാതെ പിന്നാലെ കൂടി വേദപാടോം കഴിഞ്ഞു തിരിക പോകുമ്പോള്‍ പിന്നാലെ വരാന്‍ തുടങ്ങി ..കൂട്ടുകാരികള്‍ അധികമൊന്നും ഇല്ല ഞാന്‍ പോരുന്ന വഴിയില്‍ .. ഒരാളോ മാറ്റോ കാണും .. പലപ്പോഴും കുറുക്കു ചാടിയൊക്കെയാ വരവ്.. ഒരിക്കല്‍ ഒറ്റയ്ക്ക് കുറുക്കുവഴിയെ പോരുമ്പോള്‍ തൊട്ടു പിന്നാലെ ലവന്‍ വച്ചുപിടിച്ചു വരുന്നുണ്ട് .. പേടിച്ചുപോയി ഞാന്‍ ,,പ്രാണന്‍ കയ്യില്‍ പിടിച്ചു ഒരോട്ടമായിരുന്നു പിന്നെ .. വീട്ടിലെത്തിയെ നിന്നുള്ളൂ തിരിഞ്ഞു നോക്കാന്‍ കൂടി പേടിയായിരുന്നു. എന്തായാലും അന്ന് പിന്നാലെ വന്ന കാര്യം വീട്ടില്‍ പറഞ്ഞു .. വീട്ടില്‍ എന്ന് പറഞ്ഞാല്‍ ചേച്ചിമാര്‍.... കൂടിയാല്‍ രാജാവ് .. അത്രേയുള്ളൂ.... കേന്ദ്രത്തിലൊന്നും എത്തില്ല ഇതുപോലുള്ള കാര്യങ്ങള്‍ ....
ഇനി സീന്‍ മാറുവാ ... എനിക്ക് കുറെ ആങ്ങളമാര്‍ ഉണ്ട് അപ്പന്റെ അമ്മേടേം ചാര്‍ച്ചയില്‍ .. പേരപ്പന്റെ മക്കളും രാജാവും കൂടി പിറ്റേ ഞായറാഴ്ച വേദപാഠം കഴിയാന്‍ കാത്തിരുന്നു ... എല്ലാവരും വീട്ടില്‍ പോയ നേരത്ത് ഇവര്‍ നില്‍ക്കുന്നതുകണ്ടു ഞാനും നിന്നു... പിന്നെയായിരുന്നു ..ലത്‌. ആ വല്യേ സംഭവം.... ഒരുത്തന്‍ (സുഭാഷ്‌ ആണെന്ന് തോന്നുന്നു) എന്തൊക്കെയോ ലോഹ്യം പറഞ്ഞ് ലവനെ തോളില്‍ കയ്യിട്ടു കൂട്ടിക്കൊണ്ടുവരുന്നു.. രാജാവും മോഹനും പിന്നെ ആരൊക്കെയോ ചേര്‍ന്ന് ലവനെ കൈകാര്യം ചെയ്യാന്‍ ഉള്ള മട്ടാണ്... കാര്യം പന്തിയല്ല എന്നറിഞ്ഞ് ഞാന്‍ പിന്നേം ഓടി വീട്ടിലോട്ട് .. പിന്നെ സുഭാഷ്‌ പറഞ്ഞാണ് അറിയുന്നത് ലവനെ വൈകുന്നേരം വരെ ഞാവല്‍മരത്തില്‍ കെട്ടിയിട്ടു എന്ന്!! പറഞ്ഞത് സുഭാഷ് ആയതുകൊണ്ട് വൈകുന്നേരം വരെ എന്നുള്ളത് കുറച്ചുനേരം എന്ന് കരുതാം .. എന്തായാലും കെട്ടിയിട്ട് എന്ന സംഭവം സത്യം തന്നെ ... പിന്നീട് രാജാവും അത് തന്നെ പറഞ്ഞു... എന്തായാലും പിന്നെ ലവന്‍ അങ്ങനെ പരസ്യമായി പിന്നാലെ വന്നു ശല്യപ്പെടുത്തിയിട്ടില്ല ....എങ്കിലും ഒരിഷ്ടം ഒരുപാട് നാളത്തേയ്ക്ക് അവന്‍ ഉള്ളില്‍ വച്ചിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു .. അപ്പോള്‍ അന്നത്തെ ആ കെട്ടിയിടലില്‍ പാവം തോന്നി...
ആള്‍ ഇപ്പോള്‍ അമേരിക്കയിലൊക്കെ പോയി നല്ല കാശുകാരനായി അവിടെ ജീവിക്കുന്നു ... ഇപ്പോള്‍ ഫേസ്പേ ബുക്കിലും ഒണ്ട് ട്ട്വോ ,..ന്റെ മക്കള്‍ക്കറിയാം ആ കഥകളൊക്കെ .. അമ്മേടെ പഴേ ബോയ്‌ ഫ്രാണ്ടിനോട് ചെയ്തത് കൊറേ കൂടിപ്പോയി എന്ന് അവന്മാര്‍ ചെലപ്പോ പറയും !! പേരും ഇരട്ടപ്പേരും പറയാത്തത് ആളെ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍... ആര്‍ക്കെങ്കിലും ആളെ മനസ്സിലായെങ്കില്‍ ദയവായി പേര് പറയാതിരിക്കൂ ..അത്രയും മര്യാദ നമ്മള്‍ കാണിക്കണ്ടേ ? പിന്നീട് ഞാവല്‍പ്പഴം കാണുംബോള്‍ ഒക്കെ ദയനീയമായ ഒരു മുഖം ഓര്‍മ്മയില്‍ വരും... ഒപ്പം ഒരു ചിരിയും....

3.

എനിക്കുവേണ്ടി കൌതുകം നിറഞ്ഞ സമ്മാനങ്ങള്‍ ഒരുക്കിവയ്ക്കുണ്ടാവും എപ്പോഴും ഇലഞ്ഞിവീട് ...
ഇത്തവണ അത് ഞാവല്‍പ്പഴങ്ങളുടെ രൂപത്തില്‍ ആയിരുന്നു!!!
ഞാവല്‍പ്പഴം എന്നാല്‍ എന്റെ കുട്ടിക്കാലവും യൌവനവും ഒരുപക്ഷെ വാര്‍ദ്ധക്യവും ....ചില ഇഷ്ടങ്ങള്‍ മരിക്കുവോളം നമ്മെ പിന്തുടരും .... എന്റെ ഞാവല്‍പ്പഴക്കൊതി അറിയാവുന്ന കൂട്ടുകാര്‍ തുടുത്ത കരിനീലപ്പഴങ്ങളുടെയും അവ തിന്നു കരിനീലിച്ച നാവിന്റെയും ചിത്രങ്ങള്‍ അയച്ചുതന്ന് എന്റെ കൊതിപറച്ചില്‍ കേട്ട് സുഖിക്കാറുണ്ട്,.....വ്രുത്തികെട്ടവളുമാരും വൃത്തികെട്ടവന്മാരും).......
കഴിഞ്ഞ വാരാന്ത്യം മുഴുവന്‍ ഇലഞ്ഞിവീട്ടിലായിരുന്നു... ....രാജാവും ബീനയും മൈസൂറിനു പോയതുപ്രമാണിച്ചു ഞാന്‍ ആയിരുന്നു കെയര്‍ ടേക്കര്‍.... ചാച്ചനും (മൂത്ത ആങ്ങള) രാജാവിന്റെ മക്കളും അമ്മയും.....
അമ്മയെ പരിചരിക്കുക എന്നതായിരുന്നു എന്റെ മുഖ്യ ഉത്തരവാദിത്തം ...ആരെങ്കിലും ഇപ്പോഴും കൂടെ വേണം അവശതയായി പാവത്തിന് frown emoticon
ശനിയാഴ്ച വൈകുന്നേരം കൂടി ഞാവല്‍പ്പഴം എന്ന കുശുമ്പ് കുത്തിപ്പോക്കിയ ചിത്രങ്ങള്‍ കിട്ടി കൊതിമൂത്ത് പഴയ ഗൃഹാതുരസ്മരണകള്‍ അയവിറക്കി തല്ക്കാലം ഞാന്‍ തൃപ്തിപ്പെട്ടു ......ചെറിയ വിഷാദവും ചെറിയതല്ലാത്ത ഒരു ചിരിയും (അതെന്തിനാണെന്ന് വഴിയെ പറയാം) ആയി ഞാന്‍ വിഷാദമൂകയായി ഇരിക്കുപോള്‍ നാടകീയമായി ചാച്ചന്‍ കയറിവരുന്നു ...ഒരു വെളുത്ത പോളിത്തീന്‍ കൂട് തൂക്കിപ്പിടിച്ചിട്ടുണ്ട് ... പിള്ളേരെ വകവയ്ക്കാതെ എന്റെ നേര്‍ക്ക് അതു നീട്ടുന്നു. വല്ല ചായക്കടപ്പലഹാരവും ആണെന്ന വിചാരത്തില്‍ വലിയ താല്പര്യമൊന്നും ഇല്ലാതെ ഞാന്‍ അത് വാങ്ങുന്നു... വീതം വയ്ക്കുന്നതിനു മുന്‍പ് കൌതകതിന്റെ പീലിക്കണ്ണ്‍ കള്‍ കൂടിന്റെ ഉള്ളിലേയ്ക്ക് പാളി നോക്കുന്നു.. പിന്നെല്ലാം നാടകീയമായിരുന്നു..... പരിസരവും പ്രായവും മറന്നു നില്‍ക്കുന്ന നിപ്പില്‍ രണ്ടു ചാട്ടവും വീടിനു ചുറ്റും ഓരോട്ടവും .. ചിന്നുവിനെക്കള്‍ ജോര്ജ്ജുവിനേക്കാള്‍ ചെറിയ കുട്ടിയായി, കുഞ്ഞിപ്പാവാടയിട്ടു ഇലഞ്ഞിയിലെ ഗവണ്മെന്റ് എല്‍ പി യിലും സെന്റ്‌ പീറ്റെഴ്സിലും പഠിച്ച പഴയ പെണ്‍കുട്ടിയായി ഞാന്‍ .... ആ പോളിത്തീന്‍ കവറില്‍ എന്നെനോക്കി ചിരിക്കുന്ന ഞാവല്‍പ്പഴങ്ങള്‍!!!! ... ഇലഞ്ഞിവീട്ടിലെ ചാച്ചന്റെ പറമ്പില്‍ ഉണ്ടായത്..... ഒരു കൈനിറയെ വാരി വായില്‍ ഇട്ടതിനുശേഷമേ പിള്ളേരെപ്പോലും ഓര്‍ത്തുള്ളൂ ... കണ്ണാടിനോക്കി കരിനീലിച്ച നാവു കണ്ടപ്പോള്‍ മഴവെള്ളത്തിലും മണ്ണിലും കിടന്ന പണ്ടത്തെ ഞാവല്‍പ്പഴങ്ങള്‍ എന്നെനോക്കിച്ചിരിക്കുന്നുണ്ടായിരുന്നു.ഇറക്കം കുറഞ്ഞ പണ്ടത്തെ പാവാടയിലും പെറ്റിക്കോട്ടിലും പുരണ്ട കറകള്‍ അമ്മയെ അരിശം പിടിപ്പിക്കുമോ എന്ന് അറിയാതെ ഒരിക്കല്‍ കൂടി ഭയന്നു....
ഇത്രമേല്‍ ആഗ്രഹത്തോടെ കൊതിയോടെ മനസ്സില്‍ താലോലിച്ചതായി മറ്റെന്തുണ്ട് മനസ്സില്‍ .......
അതുകൊണ്ടാണ്.... അത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടാണ് ഞാവല്‍പ്പഴം എനിക്ക് പ്രണയത്തിന്‍റെ മറ്റൊരു പേരാകുന്നത്‌

4.


ഇതാണ് രാജാവ്!!!!
ഔദ്യാഗിക നാമധേയം പോള്‍രാജ് ജി തോട്ടം
വിളിക്കുന്നത്‌ രാജു
ഞാന്‍ വിളിക്കുന്നത്‌ കുഞ്ചായന്‍
രാജു അങ്കിള്‍ ആണ് പെങ്ങന്മാരുടെ മക്കളുടെ 
ഉച്ചാരണശുദ്ധിയില്‍ രാജാവായി മാറിയത്
എന്തായാലും രാജാവ് എന്നപേരില്‍ ആണ് ഞങ്ങള്‍ കുടുംബക്കാര്‍ക്കിടയില്‍ ആള്‍ അറിയപ്പെടുന്നത് . ഇതാവും അല്ലെ ഈ 'രാജയോഗം' എന്നൊക്കെ പറയുന്നത്!!
രാജാവ് പരിചയപ്പെട്ടിരിക്കേണ്ട ഒരു കഥാപാത്രമാണ് ...
കുട്ടിക്കാലത്ത് പടുവികൃതിയായിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് ഒപ്പിച്ചിട്ടുള്ള തല്ലുകൊള്ളിത്തരങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല....ബാക്കി പെങ്ങന്മാരൊക്കെ ചേച്ചിമാരായിരുന്നതിനാല്‍ എല്ലാ കുരുത്തക്കേടുകള്‍ക്കും ഞാന്‍ ആയിരുന്നു സഹായി. 'കുരുത്തംകെട്ട ചെറുക്കന്‍ ,കോലേക്കേറിപ്പെണ്ണ്‍' ഇതായിരുന്നു ഞങ്ങളുടെ ഓമനപ്പേരുകള്‍.
എന്റെ കോലേക്കേറ്റത്തിനു ഇന്നും യാതൊരു കുറവുമില്ലെങ്കിലും മൂപ്പര് ഇന്ന് മാന്യനായ കുടുംബനാഥനായി നാട്ടുകാരുടെ മുഴുവന്‍ പ്രിയപ്പെട്ട രാജുമോനും രാജുചേട്ടനും ഒക്കെയായി വിലസുന്നു.മേശപ്പുറത്തു വിളമ്പി മൂടി വച്ചിരിക്കുന്ന ചോറ് മൂടിതുറന്ന് ഉണ്ണാന്‍ മടിച്ചിരുന്നയാള്‍ ഇന്ന് അടുക്കlളപ്പണിയില്‍ നാത്തൂന്റെയൊപ്പം തന്നെയുണ്ട്‌... ഇത് നാത്തൂന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞതാ കേട്ടോ ........ ഇപ്പോ കൃഷിയാണ് മുഖ്യ വിനോദം ...ഇന്നലെ വൈകുന്നേരം നെല്ല് കൊയ്യാന്‍ എന്നെയും വിളിച്ചു ഞാന്‍ ഇലഞ്ഞിക്കു ചെന്നപ്പോള്‍.. ...പോണമെന്നുണ്ടായിരുന്നു. പിന്നെ നെല്ലിന്റെ പൊടീ അലര്‍ജിയായിരുന്ന ചെറുപ്പവും കഴിഞ്ഞ മാസത്തെ നീണ്ടുനിന്ന ചുമയും ......പോയില്ല ......കറ്റ കൊയ്ത് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ തിരിച്ചുകിട്ടിയ ചെറുപ്പത്തിലെ കൊയ്ത്തു കാലത്തിന്റെ ഉത്സവപ്രതീതി .....മനസ്സ്നിറഞ്ഞാണ് തിരികെ അവിടെനിന്നും പോന്നത് ......ഇലഞ്ഞിവീട് എന്നും എനിക്കായി എന്തെങ്കിലും പഴയ ഓര്‍മ്മകള്‍ കരുതിവച്ചിരിക്കും ........ രാജാവിനെക്കുറിച്ച് വഴിയെ കൂടുതല്‍ എഴുതാം .........

5..

Saturday, 23 May 2015

ബലാല്‍സംഗവും പെണ്ണും


പഴയ ഫെസ് ബുക്ക് പോസ്റ്റ്‌

ഇൻഡ്യയുടെ മകൾ എന്ന ഡോക്യുമെന്ററി വിവാദവിഷയമായ നിലയ്ക്ക്  സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  പുനപ്പരിശോധിക്കണമെന്ന്‍ തോന്നുന്നു .....  ഭരണഘടന അനുശാസിക്കുന്ന  മൗലികമായ സ്വാതന്ത്ര്യങ്ങളില്‍ ലിംഗഭേദമില്ല .. സഞ്ചരിക്കാനും  സൗഹൃദം സ്ഥാപിക്കാനും ലിംഗഭേദം മാനിക്കണമെന്ന് ഒരു അനുച്ഛേദത്തിലും പറയുന്നുമില്ല ....  പെണ്ണെന്നാല്‍  ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു  കേവലഭോഗവസ്തു  ആണവര്‍ക്ക്.....അതാണ്‌ സഹകരിച്ചിരുന്നെങ്കില്‍ എതിര്ത്തില്ലായിരുന്നെങ്കില്‍ പ്രാണഭിക്ഷ നല്‍കിയേനെ എന്ന ഔദാര്യത്തിന്റെ പിന്നില്‍...  സ്വയം ഔന്നത്യത്തില്‍ കയറി ഞെളിഞ്ഞിരുന്നുകൊണ്ട് മറ്റുള്ളവരെ അപമാനിക്കാന്‍ ആരാണ് ഇവറ്റകള്‍ക്ക് അധികാരം നല്‍കിയത് !! ശരീരം മാത്രമായി പെണ്ണിനെ കാണുന്നവന്‍   അമ്മയെ , സഹോദരിയെ ഒക്കെ വെറുതെ വിടുമോ? അതോ അവരെയൊക്കെ "പൂജാമുറിയില്‍ ഇരുത്തിയ ദേവിയായ് ജീവപര്യന്തം വിധി"ക്കുമോ ? അത് പോട്ടെ  ബലാല്‍ക്കാരമാണ് വിഷയം  അതിനെക്കുറിച്ച് തന്നെ പറയാം 

ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിന്റെ മാനസികാവസ്ഥ ഒരു പുരുഷനുചിന്തിച്ചെത്താൻ പറ്റാത്ത ആഴത്തിലുള്ളതാൺ്.  അതു കേവലം ശാരീരികമായ ഒരു അതിക്രമിച്ചുകടക്കലോ അധിനിവേശമോഅല്ല. മുറപ്പെടുന്നതും ഭേദിക്കപ്പെടുന്നതും അവളുടെ ശരീരം മാത്രമല്ല, ശരീരം അതിൽ ഏറ്റം അപ്രധാനവും അവസാനത്തേതുമാണ്. കേവലം ഒരു പുരുഷാവയവമല്ല ആത്മാവിന്റെ ആഴങ്ങളോളം ഇറങ്ങിച്ചെല്ലുന്ന ഇരുതലമൂർച്ചയുള്ള ഒരു  വാളാണ് അവളെ ഭേദിക്കുന്നത്.
പെണ്ണിനെക്കുറിച്ചു ഒരു ചുക്കും അറിയാത്ത ചില പുരുഷ കേസരികൾ ഒരു ഘട്ടത്തിൽ പെണ്ണ് ബലാൽസംഗം ആസ്വദിക്കുന്നുണ്ട് എന്നുവരെ പറഞ്ഞുകളഞ്ഞിട്ടുണ്ട്.. 'കറങ്ങുന്ന സൂചിയിൽ നൂലു കോർക്കാൻ പറ്റില്ല' എന്ന അസഭ്യമായ ഉദാഹരണം ലൈംഗികതയെക്കുറിച്ചുള്ള അവരുടെ വികലമായ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നു.

ലൈംഗികതയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാടിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സ്ത്രീയുടെ കാഴ്ചപ്പാട്.  പുരുഷൻ മിക്കവാറും അതിനെ വികാരശമനത്തിനുള്ള ഉപാധിയായി ,കുറേക്കൂടി ഉയർന്ന തലത്തിൽ തന്റെ ഇണയെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും ഉള്ള മാർഗ്ഗമായി കാണുന്നു.എന്നാൽ സ്ത്രീക്ക്  (ലൈംഗികത തൊഴിലോ ആയുധമോആക്കിയവരെ ഉദ്ദേശിച്ചിട്ടില്ല)  അതു    ഏറ്റം ഉദാത്തമായ സ്നേ ഹത്തിന്റെ പാരമ്യത്തിൽ മാത്രം പരമാനന്ദം ൻൽകുന്ന ഒന്നാണ്.(സാധ്യമാകുന്ന ഒന്ന് എന്നല്ല വിവക്ഷിക്കുന്നത്)  തന്റെ ഇണയ്ക്കുവേണ്ടി ഇതില്‍ക്കൂടുതൽ ഒന്നും നൽകാനില്ലാത്ത ഉദാത്തമായ അവസ്ഥ. ശരീരം ആ ഔന്നത്യത്തിലേയ്ക്കുള്ള ഒരു ചവിട്ടുപടിമാത്രം...ശരീരം എന്ന കേവലം ഭൗതികമായ ഒരു മാദ്ധ്യമത്തിൽക്കൂടി  സ്ത്രീ അവളുടെ പ്രണയത്തെ യജ്ഞത്തിലെ ഹവിസ്സുപോലെ പ്രിയനു സമർപ്പിക്കുന്ന വാഗതീതസുഖദമായ അനുഷ്ഠാനം ആണ്  യഥാർത്ഥ ലൈഗികത.  അതിൽ ശരീരം എത്ര അപ്രധാനമാണെന്ന്,ബാഹ്യസൗന്ദര്യം എത്ര അഗണ്യകോടിയിൽ പെടുന്നതാണെന്ന് ശരിയായ ആനന്ദം അനുഭവിച്ചവർക്കറിയാം...അവർക്കു മാത്രം.  
അത്രതന്നെ വിപരീതദിശയിലാണ് ഇഷ്ടപ്പെടാത്തതും ആഗഹിക്കാത്തതുമായ ഒരു സ്പർശനം  അവളെ   കൊണ്ടെത്തിക്കുന്നത്.  അനിഷ്ടകരമായ ഒരു സ്പർശം പെണ്ണിനെ എത്രകണ്ട് മുറിപ്പെടുത്തും  എന്നു ഒരു പുരുഷനു ഊഹിക്കാൻ പോലും പറ്റില്ല. അതു ശരീരത്തിന്റെ ഏതുഭാഗത്തായാലും......
 അത് ആരിൽനിന്നുതന്നെയായാലും..
   അവളിലുണ്ടാക്കുന്ന വേദനയും.  എത്ര നിസ്സാരമായി പുരുഷൻ അതിനെ അവഗണിക്കുന്നു ഏറ്റം പ്രിയപ്പെട്ടവർ പോലും!! 
ബലാൽസംഗത്തിൽ സംഭവിക്കുന്നത് പൈശാചികമായ കീഴടക്കലാണ്. മൃഗീയമായ എന്നു പറയാൻ വയ്യ .കാരണം മൃഗങ്ങൾ ഇണചേരുന്നത് പരസ്പരസഹകണത്തോടെയാണ്.
ശരീരത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ഒരുത്തൻ അവളുടെ മനസ്സിനെ, വികാരങ്ങളെ, ആത്മാവിനെ കീറിമുറിക്കുന്നു. ശരീരത്തിന്റെ മുറിവ് കുറച്ചുകാലം കഴിയുമ്പോൾ ഉണങ്ങും.മനസ്സിനേറ്റ മുറിവ്, വൈകാരികമായ ക്ഷതം,ഓരോ സമാനസംഭവത്തിലും നിണമൊഴുക്കും അതുകൊണ്ടാണ് ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിനു സാധാരണഗതിയിൽ ഒരു ,നോർമൽ, ആയ ശാരീരികബന്ധം ദുസ്സാധ്യമാകുന്നത്.. എത്രകാലം കഴിഞ്ഞാലും വേനലിൽ വെള്ളിടി വെട്ടുന്നതുപോലെ ചില ഓർമ്മകൾ അവളിൽ പുളഞ്ഞുപോകും. അതിതീവ്രമായ അഗ്നിലേപനം പോലെ .


സ്ത്രീയെ അറിഞ്ഞ ഒരു പുരുഷൻ പോലുമില്ലെന്ന് പറയാൻ കഴിയില്ല. സ്ത്രീ  ശരീരത്തിന്റെ അനന്തസാധ്യതകളെ എങ്ങനെ സ്ത്രീപുരുഷ്നമാർക്ക് ഏറ്റം   ആനന്ദപ്രദമാക്കാം എന്നും അതിന് പെണ്ണിനെ എപ്രകാരം വളരെ സാവധാനത്തിൽ മാനസികമായി തയ്യറെടുപ്പിക്കാം എന്നും വാത്സ്യായന മഹർഷി നമുക്കു വളരെ വിശദമായി പറഞ്ഞുതരുന്നുണ്ട്. അതായത് പെണ്ണിന്റെ കൂടെ ശയിക്കേണ്ടത് മനസ്സുകൊണ്ടാണ് ശരീരം കൊണ്ടല്ല എന്നു സാരം.ലൈംഗികത ഒരു ശമനോപാധിയല്ല. അതു ദിവ്യമായ കലയും കുറ്റമറ്റ ശാസ്ത്രവുമത്രേ. തികഞ്ഞ പവിത്രതയോടും ഗൗരവത്തോടും കൂടി വേണം അതിനെ സമീപിക്കാൻ........

Wednesday, 20 May 2015

അഹല്യ

കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തില്‍
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ

നീ വരൂ ഹേ  രമണീയരാമ  ചാരു-
പാദരേണുക്കള്‍  പതിച്ചുപോകാന്‍
നില്‍ക്കാതരക്ഷണം പോലും  വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ
പാപം കനത്തുറഞ്ഞൊരു ശ്യാമശിലയായി
 മാറിയോള്‍ ഞാന്‍ പതിശ്ശാപഗ്രസ്ത
കാമം പൊറാഞ്ഞിന്ദ്രിയോന്മുഖയായ് സുഖ-
ഭോഗങ്ങള്‍ തേടിയോള്‍ രാഗബദ്ധ
ആത്മാഭിരാമ നീയാത്മാവു കാണുവോന്‍
നേരറിഞ്ഞീടുകീപാപവൃത്തം

പെണ്ണായ് പിറന്നവള്‍  മണ്ണില്‍ വളര്‍ന്നവള്‍
ഹല്യയാകാന്‍ മോഹമേറ്റിയോള്‍ ഞാന്‍
മാരിവില്‍ ചന്തം ചികഞ്ഞവള്‍, പൂഞ്ചിറ-
കോലും ശലഭമായുല്ലസിച്ചോള്‍,
ആരാണു മന്ത്രച്ചരടുകള്‍ കൊണ്ടെന്നെ
ബന്ധിച്ചു കൂരിരുള്‍ കൂട്ടിലാക്കി!
തന്വി വസുന്ധര ഹല്യയായ് വിത്തേറ്റു
വാങ്ങി സഫലായ് പുഞ്ചിരിക്കെ,
 ആരോ നിയോഗിച്ചപോൽ വിതയേറ്റിയോൻ
കൊയ്തെടുത്തിട്ടുമഹല്യയായ് ഞാൻ!
മോഹം, തിരസ്കൃതസ്നേഹം,നിരാസിത-
കാമം തണുത്തു കല്ലായവൾ ഞാൻ.
ശാപമല്ലുള്ളിലെ നീറുന്ന ശൈത്യമാ-
ണലിയാത്തശിലയായി മാറ്റിയെന്നെ
 സ്നേഹം പനിക്കും വിരൽത്തുമ്പുമോഹിച്ചു
തീർന്നുപോയായിരം വത്സരങ്ങൾ!

തെല്ലുനിന്നെന്നെ ശ്രവിച്ചുപോകൂ രാമ
പാപിയെന്നാലും  തപസ്വിനി ഞാൻ
 ഇന്നുനിൻ പാദാംഗുലീതാപമേൽക്കയാൽ
കല്ലുപോലും കാമരൂപിയായി!
 സ്നേഹാഗ്നിയാലിന്നു നീ കരിങ്കല്ലിന്റെ-
യുള്ളിലെ ജീവനെ തൊട്ടുണർത്തി
 നാളെ നീ സ്നേഹം തുടിക്കുന്ന  നെഞ്ചിനെ
കട്ടിക്കരിങ്കല്ലു  പോലെയാക്കി
പാപം ചുമത്തി നിൻ ജന്മപുണ്യത്തിനെ
കാനനമദ്ധ്യേയെറിഞ്ഞുപോകും!!
സീതയാകട്ടെയഹല്യയാകട്ടേതു
പെണ്ണുമാകട്ടവള്‍ പത്നിയാകില്‍
എങ്ങുമൊടുങ്ങാത്ത സംശയക്കണ്ണിലെ-
ക്കല്ലായി  കാട്ടില്‍ കഴിഞ്ഞിടിണ്ടോള്‍?
കല്ലിനെ പെണ്ണാക്കി മാറ്റിയപ്പോൾ രാമ
നിന്മനം കല്ലായി മാറിയെന്നോ?

കെട്ടിലും മട്ടിലും മറിയിന്നെത്രയ-
യഹല്യമാര്‍  മേവുന്നു വീടുതോറും!
മോക്ഷദമാം  മധുരാംഗുലീസ്പര്‍ശവും
കാത്തിരിക്കും ശിലാരൂപിണിമാര്‍.





(മെയ്‌2015)



Sunday, 17 May 2015

ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് ...




ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് ...


ഓര്‍മ്മകളല്ലാതെയൊന്നുമില്ലെന്നെ നിന്‍
നെഞ്ചിടിപ്പില്‍ ചേര്‍ത്തുനിര്‍ത്തുവാനോമനെ
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടുതെല്ലു മാഞ്ഞീടിലോ
ചേര്‍ന്ന് നാം താണ്ടിയ കാലദേശങ്ങളെ
പിന്തിരിഞ്ഞൊന്നു നോക്കാതെ നില്‍ക്കുന്നു ഞാന്‍
പേടിയാണേതോ കെടുകാറ്റു നാമിരു -
പേരിലോരാളുടെ കാല്പാടുക മായ്ക്കുമോ!

ഉമ്മവച്ചാലതു തീര്‍ന്നുപോമെന്നു ഞാന്‍
നിന്‍ കരം മെല്ലെത്തലോടി  ശമിക്കവേ
ഉമ്മകള്‍ എത്രയനന്തമാം ഉമ്മകള്‍
നെഞ്ചിന്‍റെ കൂടുതുറന്നെന്‍റെ കണ്‍കളില്‍
നിന്നുപെയ്യുന്നു നിന്‍ നെഞ്ചില്‍ ജ്വലിക്കുന്ന
ഗ്രീഷ്മതാപത്തിനെയാറ്റിയകറ്റുവാന്‍
എത്ര കിണഞ്ഞു വൃഥാശ്രമിച്ചന്നൊരു
കാലടി മുന്നോട്ടു വയ്ക്കാതിരിക്കുവാന്‍
ആരോ കടിഞ്ഞാണയച്ച കുതിരപോല്‍
കണ്മുന്നില്‍ കാലം കുതിച്ചു പാഞ്ഞെന്തിനോ.
ഓര്‍മ്മയാക്കീടുവാന്‍ വയ്യ നിന്‍ ചുംബന -
മുദ്രയെന്നോര്‍ക്കയാല്‍ ചുംബിച്ചതില്ല ഞാന്‍
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടു വല്ലതും മായുമോ!!

(മെയ് 2015)

വര്‍ത്തമാനത്തിന്‍റെ ഗീതകം

നദികള്‍ ഒരിക്കലും
സമതലങ്ങളുമായി പ്രണയത്തില്‍ ആകുന്നില്ല.
സമതലങ്ങള്‍ അവയ്ക്ക് മാര്‍ഗ്ഗം മാത്രമാണ്.
സാഗരമാകുന്നു നദികളുടെ പരമമായ ലക്‌ഷ്യം.
നദികളുടെ മാത്രമല്ല,
എത്ര ചെറിയ നീരൊഴുക്കിന്‍റെയും...
എല്ലാമറിഞ്ഞിട്ടും
സ്ഥിരസഞ്ചാരിണികളായ നദികളെ
സമതലങ്ങള്‍ നെഞ്ചിലേറ്റുന്നു.

വര്‍ഷകാലത്തിന്റെ  മദിപ്പിക്കുന്ന യൌവനത്തില്‍
നദികള്‍  തീരങ്ങളെ തകര്‍ത്ത്
കാമുകസവിധത്തിലേക്ക്
മദഭരകളായി പായുന്നു.
ചോരയും നീരും വറ്റുമ്പോള്‍
സമതലങ്ങളുടെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നുറങ്ങുന്നു.
തീര്‍ത്തും നിസ്സഹായരായി ...

സമതലങ്ങളോ
വിണ്ടുകീറിയ നെഞ്ച് 
നീറിപ്പിടയുംപോഴും
നേര്‍ത്ത കാറ്റിന്റെ തലോടല്‍ കൊണ്ട്
ആ സ്വൈരിണികളെ ചേര്‍ത്തുപിടിക്കുന്നു
അടുത്ത മഴക്കാലം വരെ മാത്രമുള്ള
ഹ്രസ്വമായ ഇടത്താവളങ്ങളാണ്‌
 തങ്ങള്‍ എന്നറിഞ്ഞിട്ടും.

പ്രണയം  അതിന്റെ തീവ്രതയില്‍
'വര്‍ത്തമാനം' മാത്രമാകുന്നു
ഭൂതകാലത്തിന്റെ അടിവേരുകളോ
ഭാവിയിലേക്ക് നീളുന്ന ശാഖകളോ
അത് തിരയുന്നില്ല....
പ്രണയത്തിന് 'ഇന്നു'കള്‍ മാത്രമേയുള്ളൂ
'ഇന്നലെ'കളും 'നാളെ'കളും അതിനന്യമത്രേ.
പ്രണയം ചരിത്രമോ,  പ്രവചനങ്ങളോ അല്ല
അനാദിമുതല്‍ കേട്ടുകൊണ്ടേയിരിക്കുന്ന
നിലയ്ക്കാത്ത ഗീതകമാണ്.......

(മെയ്2015)

Tuesday, 7 April 2015

തുറന്നു പറച്ചിലുകള്‍ക്ക് പിന്നില്‍

തുറന്നു പറച്ചിലുകള്‍ക്ക് പിന്നില്‍


നുണ പറയുക എന്നത് ഒരു നല്ല കാര്യമായി ഒരിക്കലും തോന്നിയിട്ടില്ല. അതില്‍ പാപപുണ്യ ചിന്തകള്‍ അവരോധിക്കുന്നതുകൊണ്ടല്ല .. പറയുന്നത് നുണയാണെങ്കില്‍... അതില്‍ ഉറച്ചുനില്‍ക്കാന്‍  വലിയ പാടാണ്. ആദ്യം പറഞ്ഞതൊക്കെ മറക്കും കുറേകഴിഞ്ഞാല്‍ .... പിന്നെ ഏച്ചുകെട്ടലുകള്‍ വേണ്ടിവരും ...കൂടുതലും നുണകള്‍ തന്നെയാവും അതും .... എന്നാല്‍ സത്യമാണെങ്കില്‍ അത് ഒന്നേ ഉണ്ടാവൂ .ഒരിക്കലും മാറ്റിപ്പറയേണ്ടി വരില്ല ....

അവനവന്റെ ജീവിതത്തില്‍ത്തന്നെ ഉദാഹരണങ്ങള്‍ ധാരാളം കാണും ..

ഏറ്റുപറചില കുറച്ചുകൂടി വ്യത്യസ്തമാണ്...... അതിനെ സത്യസന്ധതയുടെ പരമകാഷ്ഠയായി ആളുകള്‍ വാഴ്ത്താറുണ്ട്.... കുറ്റബോധം വല്ലാതെ അലട്ടുമ്പോള്‍  ചിലര്‍ അവനവന്റെ തെറ്റുകള്‍ ഏറ്റുപറയാറുണ്ട് ...... മനസാക്ഷിയുള്ളവർക്കല്ലേ അത് സാധിക്കൂ എന്നാണു അതിനെക്കുറിച്ച് സാമാന്യജനത്തിന്റെ വിലയിരുത്തല്‍ ..ഒട്ടൊക്കെ ശരിയുണ്ടതില്‍.  കുറ്റബോധം തോന്നുക നന്മ വറ്റിയിട്ടില്ല എന്തിന്റെ ലക്ഷണമാണ്.

തുറന്നു പറച്ചില്‍ കഴിയുമ്പോള്‍ പറഞ്ഞവന്റെ /അവളുടെ  മനസ്സ് ശുദ്ധമായി ...നിര്‍മ്മലമായി ,, മനസ്സാക്ഷിക്കുത്ത് എന്ന ഭീകരാക്രമണം പിന്നെയില്ലാതെയും ആയി .....  എന്നാല്‍ അത് കേള്‍ക്കുന്നവന്റെ മനസ്സോ?   ഉദാഹരണത്തിന്  മകന്‍ അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുന്നു ..അതിനുവേണ്ട സാമഗ്രികൾ വരെ കരുതിവയ്ക്കുന്നു..  (എന്തെങ്കിലും കാരണങ്ങള്‍ കാണാം  അത് തല്ക്കാലം വിട്ടുകളയുക ... ചിലപ്പോള്‍ തെറ്റിദ്ധാരണകള്‍ ആവാം )    സംഗതി നടന്നില്ല രണ്ടാള്ടെയും ഭാഗ്യം ...പിന്നെ അച്ഛനും മകനും തമ്മില്‍ ഭയങ്കര സ്നേഹത്തില്‍ ആകുന്നു ... മകന്റെ മനസ്സില്‍ സംഘര്‍ഷം ഈ സ്നേഹനിധിയായ അച്ഛനെതിരെ ആണല്ലോ തന്‍ ഗൂഢാലോചന നടത്തിയത് ...  കുറ്റബോധം  അവനെ വീര്‍പ്പുമുട്ടിക്കുന്നു ..ഉറക്കം ഇല്ല മനസ്സമാധാനമില്ല  വിശപ്പും ദാഹവുമില്ല ..പഠിക്കാനോ ജോലിചെയ്യാണോ സാധിക്കുന്നില്ല. സമൂഹത്തിലോ വീട്ടിലോ സ്വാഭാവികമായെ ഒരിടപെടലും നടക്കുന്നില്ല ....സംഘര്‍ഷം താങ്ങാന്‍ ആവാതെ അവന്‍ അച്ഛനോട് എല്ലാം തുറന്നുപറയാന്‍ തീരുമാനിക്കുന്നു....അതോടെ അവന്‍ നോര്‍മല്‍ ആയി .ഒത്തുകിട്ടിയ ആദ്യ അവസരത്തില്‍ അവന്‍ പശ്ചാത്താപ വിവശനായി കണ്ണുനീരിലൂടെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.  കാലില്‍ വീണു മാപ്പ് പറയുന്നു..

എത്ര മഹാനായ മകന്‍    എത്ര ഹൃദയശുദ്ധിയുള്ളവന്‍ ... പശ്ചാത്താപം തന്നെ ഏറ്റം വലിയ പ്രായശ്ചിത്തം ... മതങ്ങള്‍ തത്വശാസ്ത്രങ്ങള്‍ എല്ലാം അവനെ പിന്തുണയ്ക്കുന്നു.
അവനെ അത്രമേല്‍ സ്നേഹിച്ചിരുന്ന അച്ഛനിൽ,ആ ഏറ്റുപറച്ചില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താവും !!!ആരും അതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല ....മനസ്സിലെങ്കിലും അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന്‍ വിശുദ്ധനാകുന്നു ...മകനെ സ്നേഹിക്കുക മാത്രം ചെയ്തിരുന്ന അച്ഛന് ആ തിരിച്ചറിവ് താങ്ങാന്‍ ആകുമോ ..ഒറ്റയടിക്ക് കേള്‍ക്കുന്ന ആ പരമസത്യം ? അശനിപാതംപോലെ അതയാളെ വേട്ടയാടും.  പണ്ടത്തെപ്പോലെ മകനെ സ്നേഹിക്കാന്‍ അയാള്‍ക്കാവുമോ?  ആയില്ലെങ്കില്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? അശ്വത്ഥാമാവിനെപ്പൊലെ ശിഷ്ടകാലം മുതൽ നെഞ്ചിൽ അദൃശ്യമായ ഒരു മുറിവും പേറി അയാൾ നടക്കേണ്ടിവരില്ലേ?

സ്വന്തം നെഞ്ചിലെ ഭാരം മറ്റൊരാളുടെ നെഞ്ചിലേയ്ക്ക്   ഇറക്കിവയ്ക്കുകയാണ് വാസ്തവത്തിൽ ഏറ്റുപറച്ചിലുകാരൻ ചെയ്യുന്നത്....എന്നിട്ടും അയാൾ മഹത്വീകരിക്കപ്പെടുന്നു...ഭാരം ഏറ്റെടുക്കുന്നവൻ അഗണ്യകോടിയിൽ തള്ളപ്പെടുന്നു..പ്രത്യയശസ്ത്രങ്ങളും  ആദ്ധ്യാത്മികതയും അയാളെക്കുറിച്ച് മൗനം പാലിക്കുന്നു...
ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതു ബാധകമാണ്... അവിഹിതമായ സഹവാസങ്ങളിൽ മതിവരുവോളം ഏർപ്പെട്ട് രോഗാവസ്ഥയിലോ  മറ്റ് ഏതെങ്കിലും സാഹചര്യങ്ങളിലോ പങ്കാളിയോട് തുറന്നു പറഞ്ഞ് മാന്യ(ൻ) ആകുന്നവരും ഇതുതന്നെയാണ് ചെയ്യുന്നത്...ഒന്നും സംഭവിക്കാത്തതുപോലെ തികഞ്ഞ സ്വാഭാവികതയോടെ ശിഷ്ടജീവിതം ആസ്വദിക്കാൻ ആ പങ്കാളികൾക്കാകുമോ  ഇല്ലെങ്കിൽ അയാളെയോ അവരെയോ കുറ്റപ്പെടുത്താൻ പറ്റുമോ? 

മുഖം നോക്കുന്ന കണ്ണാടിയിലേയ്ക്ക് ഒരു വലിയ കല്ലുവലിച്ചെറിഞ്ഞിട്ട് അതു പൊട്ടരുതെന്നും അഥവാ പൊട്ടിയാൽത്തന്നെ മുന്നേപ്പൊലെ ഭംഗിയിൽ മുഖം കാണണമെന്നും ശഠിക്കുന്നതു നന്നോ? കല്ലു തലയിൽ ചുമന്നു വശം കെട്ടെങ്കിൽ മറ്റെവിടെയെങ്കിലും വലിച്ചെറിയാമല്ലോ  .. അവനവൻ മുഖം നോക്കുന്ന കണ്ണാടിയിൽ തന്നെ വേണമെന്നില്ലല്ലോ!!!

സത്യം പറച്ചിലിന്റെ മഹത്വം ഉയർത്തിപ്പിടിയ്ക്കുമ്പോൾ സത്യം വേദനാജനകമെങ്കിൽ, അത് ഏറ്റുവാങ്ങുന്നവന്റെ നെഞ്ചുനീറ്റൽ അറിയാതെപോകരുത്...സ്വയം ശുദ്ധീകരിക്കുക എന്നതു സൂക്ഷ്മമായ അർഥത്തിൽ ഒരുതരം സ്വാർത്ഥതയാണ്. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എന്റെ ഭാഗം ശരിയാക്കണം എന്ന സ്വാർത്ഥത.. സ്വർഗ്ഗകാമനപോലും സ്വാർത്ഥം തീണ്ടിയാൽ അശുദ്ധമാകും എന്നതാണ് നമ്മുടെ തത്വശാസ്ത്രം... അപ്പോൾ ഈ ഏറ്റുപറച്ചിലിനെ പുനർവിചിന്തനം ചെയ്യേണ്ടതല്ലേ?? 

(ഏപ്രില്‍ 2015)

Monday, 23 March 2015

തനിച്ചാകുമ്പോള്‍

തനിച്ചാകുമ്പോള്‍


തനിച്ചായിരിക്കുന്നത് നല്ലതാണ്
ഉള്ളിലേയ്ക്ക് നോക്കാന്‍
അത് നമ്മെ സഹായിക്കും, 
ചില വാതിലുകള്‍ തുറക്കാനും......
അങ്ങിനെയൊന്ന്‍ അവിടെയുണ്ടായിരുന്നോ
എന്ന് നാം അദ്ഭുതപ്പെടുകപോലും ചെയ്യും !

ഇത്രനാള്‍ കോര്‍ത്തുനടന്നിരുന്ന കൈവിരലുകള്‍
പെട്ടെന്ന് ഊര്‍ന്നു മാഞ്ഞുപോകുമ്പോള്‍
വേദനിച്ചേക്കാം.
പൊരുത്തപ്പെടാന്‍ ആകാത്തവിധം
മുറിഞ്ഞേക്കാം.
മരുഭൂമിയുടെ കനലുരുക്കത്തിലേക്ക്
നഗ്നമായ പാദങ്ങള്‍
തനിയെ പെറുക്കിവയ്ക്കുമ്പോള്‍
പൊള്ളിപ്പിടഞ്ഞേക്കാം ....
കാടിന്റെ ശാന്തമായ അശാന്തിയിലേക്ക്
രാവിന്റെ അനന്തതയിലേക്ക്
വിടരുന്ന കണ്ണുകള്‍
മറ്റൊരു ജോഡിയെ കൂട്ടുതേടിയേക്കാം..
ചില്ലകള്‍ മുറിച്ചുമാറ്റിയ തായ്ത്തടി
ശൂന്യമായ ആകാശത്തേക്ക്
നിലവിളിക്കുമ്പോലെ,
ഒരുകാര്‍മേഘത്തിന്റെ കനിവ് തേടിയേക്കാം
എങ്കിലും തനിച്ചായിരിക്കുന്നത് നല്ലതാണ്
നഷ്ടങ്ങള്‍ എത്ര പ്രിയതരങ്ങളായിരുന്നെന്ന്
അത് നമ്മെ ബോധ്യപ്പെടുത്തും.
നാം എത്ര നിസ്സഹായരെന്നും .......

(മാര്‍ച്ച്‌ 2015)

Saturday, 14 March 2015

കടല്‍നീല

പെയ്തുപെയ്ത് എന്നില്‍ നിറഞ്ഞ കടല്‍,
അഥവാ
ഒഴുകിയേവന്ന്‍ എനിക്ക് നിറയാനുള്ള കടല്‍,
അതായിരുന്നു നീ.

എന്റെ നോട്ടമെത്താത്ത ഉയരങ്ങളില്‍
മേഘങ്ങളില്‍ മേഞ്ഞുനടന്നവന്‍ നീ
അവിശുദ്ധി തീണ്ടാത്തവന്‍.

ഭൂമിയുടെ മുല ചുരത്തിയ
പിറവിയുടെ പുണ്യം,
പ്രവാഹതീവ്രതയാല്‍ കെടുത്തിക്കളഞ്ഞവള്‍
എല്ലാ അശുദ്ധികളേയും ഉൾക്കൊണ്ടവൾ
അതായിരുന്നു ഞാൻ.

പ്രഭവവും പാതകളും വേറെയായിട്ടും
ചാക്രികചലനത്തിന്റെ
അനിവാര്യതയാല്‍ ദൃഢബദ്ധർ നമ്മൾ.
നിന്നിലെ നന്മയുടെ നിറവും
എന്നിലൂടെയൊഴുകി നിറയുന്ന കറകളും
കൂടിച്ചേരുന്ന കടൽനീല .
അഹംബോധം ശമിപ്പിച്ച്
നമുക്കവിടെ ശുദ്ധി തേടാം

മാര്‍ച്ച്‌  2015

കണ്ണുനീരിന്റെ നദി

കണ്ണുനീരിന്റെ നദി

നദികള്‍ ഒഴുകിയകലുന്നത് കണ്ടിട്ടില്ലേ
എത്രയോ കാലമായി
ഒരേ ചാലിലൂടെ ....
അടിത്തട്ട് തെല്ലൊന്ന്‍ നനച്ചേക്കാം
ചെളിയെല്ലാം കഴുകിക്കലക്കി
കൊണ്ടുപോയേക്കാം
എന്നാല്‍ കിനിഞ്ഞിറങ്ങി
ഭൂമിയിലേയ്ക്ക്  ചോര്‍ന്നു തീരുകയില്ല
ചുറ്റുമുള്ളതിനെ  ഊട്ടിയും നനച്ചും
പൂവണിയിക്കും

ദുരന്തങ്ങള്‍ പെയ്തുതല്ലി,
ഹൃദയം ഉറച്ച് പാറയാകുമ്പോള്‍
കണ്ണുനീരിന്റെ നദിയും  ഇതുപോലെ
നമുക്ക് മേലെ കൂടി
നിസ്സംഗമായി ഒഴുകിപ്പോകും
ഉള്ളില്‍ കിനിഞ്ഞിറങ്ങി
അവിടം ചതുപ്പാക്കുകയേയില്ല

കെട്ടി നിര്‍ത്തുമ്പോള്‍ ചുറ്റുമുള്ളിടം
പതുപതുത്ത ചതുപ്പാകും.
ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍ കാട്ടി
ആകര്‍ഷിച്ച് വലിച്ചെടുക്കും.
ഇറ്റ് നീര്‍ത്തെളി കാട്ടി
ചതിച്ചുവലയ്ക്കുമത്.
ഇരുട്ടിലും തണുപ്പിലും പതിയിരിക്കുന്ന
ചതിയുടെ കുടിയിരിപ്പുകൾ
അവിടെ തഴച്ചുവളരും.

നദികളെ തടഞ്ഞുനിര്‍‍ത്തരുത്,
കണ്ണുനീരിനെയും.
ഒഴുക്കാണ് അവയുടെ ജന്മസ്വഭാവം.

ഒഴുകിയൊഴുകിപ്പോകുമ്പോള്‍
അടിത്തട്ടില്‍ ചില്ലൊളി പൂണ്ട
വെള്ളാരംകല്ലുകള്‍ തെളിയും
സങ്കടങ്ങളുടെ കൂര്‍ത്ത മുനകള്‍ തേഞ്ഞുതീര്‍ന്ന്‍
സാളഗ്രാമങ്ങളാകും ,
ആത്മസ്വരൂപം തെളിയുന്ന സാളഗ്രാമങ്ങൾ...

മാര്‍ച്ച്‌ 2015

Friday, 20 February 2015

ഗൗളിവാൽ

ഗൗളിവാൽ

അറയും നിരയും പൊളിച്ചിറക്കി,
ഭഗവതി വാഴുന്ന മച്ചിറക്കി,
ഭൂമിയില്‍ ലംബമായ് വീടുകെട്ടി,
മേന്മേല്‍ നിലകള്‍ പണിതുയര്‍ത്തി.
ആധുനികോത്തരസംവിധാനം,
അപ്രതിരോധ്യമാമാഡംബരം,
ഒന്നു വിരല്‍ത്തുമ്പമർത്തിയാലോ
വര്‍ണ്ണം, വെളിച്ചം, തണുപ്പുമെത്തും.

ചിട്ടയായ് നീ വീടലങ്കരിച്ചു,
മാറാല കേറാതെ തൂത്തുവച്ചു,
പൊടിയില്ല തലമുടിനാരുമില്ല,
പാഴ്കടലാസുകളൊന്നുമില്ല.
ചാവിന്റെ സ്മാരകം പേറിനില്‍ക്കും
കാഴ്ചബംഗ്ലാവിന്റെ നിശ്ചലത്വം!
തെല്ലും തുറക്കാത്ത ജാലകങ്ങള്‍
കൊട്ടിയടച്ചുള്ള വാതിലുകള്‍
വഴിതെറ്റിവന്നില്ലെറുമ്പു പോലും
മൂളിപ്പറന്നില്ലൊരു കൊതുകും.

എങ്കിലും നിന്റെ കിനാക്കള്‍ പൂക്കും
വര്‍ണ്ണപ്പ കിട്ടിന്‍ ചുവരുകളില്‍,
നീയിളവേല്‍ക്കെ നിന്‍ കണ്‍കള്‍ മേയും
ആഡംബരത്തിന്‍പുതിയ മച്ചില്‍,
പൂവിതള്‍ കാലടി വച്ചുനീളേ
സ്വൈരം നടന്നു ഞാനിച്ഛപോലെ.
തറയിലിരുകാലിൽ നീ നടക്കെ
ഭിത്തിയില്‍ മച്ചില്‍ നടന്നു ഞാനും
വീക്ഷണകോണുകള്‍ മാറിയിട്ടോ
ഞാന്‍ കണ്ട കാഴ്ച നീ കണ്ടതില്ല.
ഉണ്മയെന്നോര്‍ത്തു നീ കണ്ടതെല്ലാം
ഞാനോ തലതിരിവോടെ കണ്ടു.
നീ കണ്ടതാവാം നിനക്ക് പഥ്യം
ഞാന്‍ കണ്ട കാഴ്ചയെനിക്കു  സത്യം.
കാണുന്നതല്ലേ പറഞ്ഞിടാവൂ
കാണുന്നതെല്ലാം പറഞ്ഞു ഞാനും.
അപ്രിയമോതരുതെന്ന തത്വം
ജന്തുലോകത്തില്‍ പഠിച്ചതില്ല.

നീയസഹിഷ്ണു മനുഷ്യനത്രേ
വാളും വടിയുമായ് നേര്‍ത്തു വന്നു
എന്തു ഞാന്‍ കൈവിടും കാഴ്ചകളോ,
സത്യം വദിക്കും ചിലപ്പുകളോ,
ഉത്തരത്തിന്മേല്‍ നടപ്പുതാനോ,
ഉത്തരമില്ലാത്ത ചോദ്യമല്ലോ!

 വാല്‍മുറിച്ചിട്ടു ഞാന്‍ പോയിടുന്നു
വാലിനേക്കാള്‍ വില ജീവനല്ലോ.
നോവുമെന്നാലും മരിക്കുകില്ല
വേവുമെന്നാലും കരിയുകില്ല.
തുള്ളിപ്പിടയ്ക്കുമതിനെ നോക്കി
തൃപ്തമായ്‌ മാര്‍ജ്ജാരദൃഷ്ടി നിന്നില്‍
നേട്ടത്തിന്‍ നാള്‍വഴിപ്പുസ്തകത്തില്‍
താള്‍ മറിക്കുന്നു നീ, ഞാന്‍ ചിരിപ്പൂ !!!






Thursday, 19 February 2015

ഒരു തൂവല്‍ പോലെ ........

ഒരു തൂവല്‍ പോലെ ........

പ്രളയമായിരുളു വന്നെത്തിയുള്ളില്‍
ഹരിതമില്ലനുരാഗതരുവുമില്ല
ശൂന്യതമോഗര്‍ത്തമേകനേത്രം
മോഹഭംഗത്തിന്‍ ചുഴിക്കറക്കം
കാറ്റിലകപ്പെട്ട  തൂവല്‍പോലെ
ഭാരമില്ലാത്തോരിലയനക്കം
എത്രയഹങ്കാരശൂന്യമായി
കൊണ്ടുപോകുംവഴി  പോയിടുന്നു !!

അന്ധകാരാവൃതവീഥികളില്‍
എകാന്തസഞ്ചാരിയാണുപോലും
ഉള്‍വലിഞ്ഞുള്ളിലേയ്ക്കിറ്റുവീഴും
കണ്ണുനീരൊച്ചയേ കേള്‍പ്പതുള്ളൂ
ആരുടെ കയ്യിലീ ചണ്ഡവാത -
ക്കാമക്കരുത്തിന്‍ കടിഞ്ഞാണുകള്‍
കെട്ടറുത്താരാണയച്ചതിനെ
കട്ടിക്കരിമ്പാറയല്ലയുള്ളം

പൂവിതള്‍ത്തുമ്പില്‍ തുളുമ്പിനില്‍ക്കാന്‍
പേമാരി വേണ്ടൊരു മഞ്ഞുതുള്ളി
തൂവലാല്‍ തൊട്ടപോലുമ്മനല്കാന്‍
തീകത്തിയാളിപ്പടര്‍ന്നിടേണ്ട
കാറ്റിന്‍കരുത്തിലേയ്ക്കെത്ര പണ്ടേ
മേഘമായെന്നെക്കൊടുത്തുപോയ് ഞാന്‍  
ചക്രവാളത്തില്‍ പൊലിഞ്ഞുതീരാന്‍
പോരുമോ കൂടെ നീ  മാരിവില്ലായ് !!

(ഫെബ്രുവരി   2015)





Tuesday, 17 February 2015

സഹയാത്ര

സഹയാത്ര

ഒരുമിച്ചായിരുന്നു നടന്നു തുടങ്ങിയത്
കാട്ടുപാതകള്‍ തിരഞ്ഞെടുത്തതും
ഒരേയിഷ്ടം.
പാതിവഴിപോലും പിന്നിട്ടില്ല
കിതപ്പാറ്റാന്‍ ഒന്നിരുന്നതേയുള്ളൂ
കിനാക്കണ്ടതുകൂടി ഒരുമിച്ചായിരുന്നു
എപ്പോഴോ കിനാവുകള്‍    വഴിപിരിഞ്ഞു

വഴിയെല്ലാം കുഴിയെന്നും
ഇരുപുറവും ചതുപ്പെന്നും  ചൊല്ലി
നീ പിന്തിരിഞ്ഞു
വിരിച്ച ചിറക്‌ പൂട്ടാനല്ലെന്നും
തീയില്‍ മുളച്ചത് വെയിലില്‍ വാടാനല്ലെന്നും
ഞാന്‍ മുന്നോട്ടും

പിന്‍ നടപ്പിന്‍ സാധ്യതകള്‍  കണ്ടറിഞ്ഞു
പഠിച്ചവന്‍ നീ
തോട്ടിയില്‍ കൃത്യമായി കൊളുത്താം
ഉന്നം തെറ്റാതെ  കുരുക്കെറിയാം
കൂര്‍ത്തുവരുന്ന സംശയമുന
പിന്‍കഴുത്തില്‍ അമര്‍ത്താം.

നിശ്ശബ്ദപാതപതനങ്ങള്‍
കനത്ത ഒച്ചകളാക്കി
നീ ഓടിക്കാനും
ഞാന്‍ ഓടാനും തുടങ്ങിയതെപ്പോള്‍ !
കോമ്പല്ലുകള്‍ കൂര്‍ത്തും
നഖങ്ങള്‍ നീണ്ടും വന്നത്
ചുംബനത്തില്‍ ചോര മണത്തത്
(അത് എന്റെ തന്നെ ചോരമണം )
എപ്പോള്‍

കാര്‍മേഘത്തിന്റെ കരിമ്പടം പുതച്ചും
പാറുന്ന മുടിയിഴകളില്‍ 
മഞ്ഞിന്‍റെ പൂമ്പൊടി പുരണ്ടും
മലമുകളില്‍നിന്ന് ഇറങ്ങിവരുന്നവനേ
ഒരു വലപ്പാടകലം, ഒരു തുഴയകലം
ഒടുവില്‍ ഒരു കൈപ്പാടകലവും!
അതും വേണ്ട 
ഒരു ചുംബനത്തിന്റെ കുഞ്ഞുദൂരമേ ഉണ്ടായിരുന്നുള്ളൂ
നിന്റെ തണുത്ത ചുണ്ടുകള്‍ക്കും 
എന്‍റെ കഴുത്തിലെ പിടയ്ക്കുന്ന ഞരമ്പിനും ഇടയില്‍ ..........


പിറവിമുതല്‍ കൂട്ടുനടന്നത്
വേട്ടയാടുവാന്‍ എന്നറിഞ്ഞിരുന്നെങ്കില്‍
ജപമാലയും തകിടുകളും
പൊട്ടിച്ചെറിഞ്ഞ്
എപ്പഴേ  ഞാനത് ഒരുക്കിവയ്ക്കുമായിരുന്നു !!!
കൊല്ലുന്നതിനേക്കാള്‍ നിനക്കിഷ്ടം
പ്രാണന്‍ കൊണ്ട്  കളിക്കുന്നതായിരുന്നല്ലോ !!!


Friday, 30 January 2015

പാകമല്ലാത്ത കുപ്പായം

പാകമല്ലാത്ത കുപ്പായം 

കുഞ്ഞുന്നാളിൽ വിരൽ പിടിച്ചുനടക്കാൻ
ആരുമില്ലായിരുന്നതിനാൽ
തള്ളവിരൽ  വായിലിട്ടു നടന്നിരുന്നു ഞാൻ.

പരിചിതമായ വഴികളിലെല്ലാം
നിറം മങ്ങിയ കാഴ്ചകൾ മാത്രം
മുഖത്തിനുചേരാത്ത
വലിയ കണ്ണുകള്‍കൊണ്ട്
ഞാനെന്നും പുതിയ നിറങ്ങള്‍
തിരഞ്ഞുകൊണ്ടേയിരുന്നു
നിറങ്ങള്‍ പൂക്കുന്ന കുപ്പായങ്ങളിലായിരുന്നു
കാഴ്ചകള്‍ എത്തിനിന്നിരുന്നത്.
 മങ്ങിയ ചാരനിറമായിരുന്നല്ലോ
എന്റെ കുപ്പായങ്ങള്‍ക്കെല്ലാം.
 പ്രതിരോധിക്കാനാവാത്തവിധം
കണ്ണുകളിലൂടെ തുളച്ചുകയറിയ നിറങ്ങള്‍
 ഹൃദയത്തില്‍ ഒത്തുചേര്‍ന്ന്
ഗൂഢാലോചനയുടെ  രാജസൂയം നടത്തി.

പ്രിയപ്പെട്ടതല്ലം പണയം വച്ചും പകരം നല്‍കിയും
എണ്ണമറ്റ പൂക്കള്‍ തിളങ്ങി നില്‍ക്കുന്ന കുപ്പായം
സ്വന്തമാക്കി ഞാന്‍.
 ആശങ്കയോടെയും ഭീതിയോടെയും
കുപ്പായത്തിനുമേല്‍  പാളിവീണ
നരച്ച കണ്ണുകളില്‍ പൊടിഞ്ഞത്
അസൂയയെന്ന്  നിനച്ചു.

പളപളപ്പുകൊണ്ട് കണ്ണുമഞ്ഞളിപ്പിച്ച കുപ്പായം
ഒന്നിട്ടു പാകം നോക്കിയതുപോലുമില്ല.
തൊട്ടും തടവിയും മണത്തും
ഉമ്മവച്ചും മതിയാവാഞ്ഞിട്ടും
ഒരിക്കലത് അണിഞ്ഞുപോകാന്‍  ഉറച്ചു.
 കുപ്പായതിനനുസരിച്ച് എന്നെത്തന്നെ പാകമാക്കാന്‍
ഉത്സാഹമായിരുന്നു അന്ന് .
കണ്ടവര്‍ കണ്ടവര്‍ അതിന്‍റെ ഭംഗിയെ പുകഴ്ത്തി.
എന്നാല്‍  സ്വയം  കളഞ്ഞുപോയപ്പോള്‍മുതല്‍
അതെന്നെ ഞെരുക്കി ശ്വാസംമുട്ടിക്കാന്‍ തുടങ്ങി
ദേഹത്തൊട്ടിപ്പോയ അതിനെ
ഊരിമാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ
ചോര പോടിഞ്ഞുവന്നു.
 അതാവട്ടെ നാള്‍ തോറും
ചെറുതായിച്ചെറുതായി   വന്നു.
ശ്വാസം കഴിക്കാനാവാതെ
എന്റെ  കണ്ണുകള്‍ തുറിച്ചു നീര്‍ പൊടിഞ്ഞു.
ഉടുപ്പിനുള്ളിലെ നിറഞ്ഞു പിടയുന്ന യൗവ്വനവും
മിഴികളിലെ 'ആനന്ദാശ്രു'വും കണ്ട്
കാണികള്‍ അസൂയകൊണ്ട് പൊരിഞ്ഞു.

ചെറുപ്പത്തില്‍ വിട്ടുപോയ
 എന്റെ ആസ്ത്മാരോഗം തിരികവന്നതായി
നരച്ച കണ്ണുകള്‍ മാത്രം കണ്ടെത്തി .....

(ജനുവരി 2015)

Tuesday, 27 January 2015

സംക്രമണം

സംക്രമണം....  ആറ്റൂര്‍ രവിവര്‍മ്മ 
സ്ത്രീയെ പുരുഷൻ നോക്കിക്കാണുന്ന കോണുകൾ പലതാണ്........ അമ്മ, പെങ്ങൾ, ഭാര്യ, കാമുകി, കൂട്ടുകാരി, മകൾ എന്നിങ്ങനെ എത്രയോ മുഖങ്ങൾ പെണ്ണിനുണ്ട്! പെണ്ണുങ്ങൾ പലപ്പൊഴും മത്സരിക്കുന്നത്, പുരുഷന്റെയൊപ്പം എത്തുക അല്ലെങ്കിൽ പുരുഷനേക്കാൾ ഉയരത്തിൽ എത്തുക എന്ന കാര്യമാണ്. അതിനുമാത്രം എന്താണ് പുരുഷൻ!!! എല്ലാ തൊഴിലാളിയുടെയും അന്തിമമായ സ്വപ്നം മുതലാളിയാവുക എന്നതാണ് എന്നു പറഞ്ഞപോലെ പുരുഷൻ ഒരു പടർന്നുപന്തലിച്ച മാമരമായി ഓരൊ പെണ്ണിന്റെയും ഉള്ളിൽ ഉണ്ട്. അത് അങ്ങനെ മരമായി ഉണ്ടായതല്ല തലമുറകൾക്കു മുൻപേ പാകിയ വിത്ത് തലമുറകളിലൂടെ വളർന്ന് ഇപ്പോൾ മരമായി മാറിയതാണ്...ഇനിയും അത് പടർന്നുവളർന്നുകൊണ്ടിരിക്കും.
ഇനി പുരുഷന്റെ കാഴ്ചപ്പാടിലെ പെണ്ണോ? കൗതുകവും ആർത്തിയും അതി ഗൂഢമായ ഭീതിയും അവൻ അവളുടെനേരെ പുലർത്തുന്നു..കൗതുകവും ആർത്തിയും ഒരുപക്ഷെ ആസക്തിയും വരെ അവൻ സമ്മതിച്ചുതരുമെങ്കിലും ഈ ഭയം അവൻ ഉറക്കെയുറക്കെ നിരസിക്കും...എത്രയുറക്കെ നിരസിക്കുന്നുവോ അത്രയധികം ഭയക്കുന്നു എന്നു സാരം!!
ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണത്തിൽ കാണാൻ ശ്രമിക്കുന്നു......... ഒരുത്തിയുടെ ചീഞ്ഞുനാറുന്ന ഉടൽ ഉള്ളിൽ പേറുന്നവനാണ് ഓരോ ആണും....എതിർക്കാതെ അനുസരിക്കുന്ന, പ്രതികരിക്കാതെ കീഴടങ്ങുന്ന, ദാസ്യവൃത്തിചെയ്യുന്ന,വഴങ്ങുന്ന, പഞ്ചേന്ദ്രിയക്ഷമതയില്ലാത്ത,പരാതികളില്ലാത്ത അടിമ അല്ലെങ്കിൽ ജഡം....അതാണ് ശരാശരി ആണൊരുത്തൻ കൊതിക്കുന്ന പെണ്ണ്.......എന്നാൽ സ്മാർട്ട് ആയ മിടുക്കിപ്പെണ്ണിനെ പരസ്യമായി അഭിനന്ദിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും അവൻ പാഴാക്കുകയുമില്ല...പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും പറയും. Everybody should be like that except my wife എന്നതാണ് അവന്റെ പോളിസി.....സ്വകാര്യ സ്വത്തായി പെണ്ണിനെക്കാണുന്ന ഉടമയും അടിമയും എന്ന ഭാവം ഇപ്പോഴും കൃത്യമായി നിലനിര്ത്തുടന്ന ഫ്യൂഡൽ മനോഭാവത്തിന്റെ ഉടമകളാണവര്‍. ചത്തത് കുറേക്കാലം കഴിയുമ്പോള്‍ സ്വാഭാവികമായും ചീഞ്ഞുനാറും...നാറ്റം ഉള്ളിലായതിനാല്‍ എടുത്തുകളയാനും വയ്യ. ഉള്ളില്‍ നാറ്റം കുറ്റബോധത്തിന്റെ‍താവാം..... ജഡമായവളെ പിന്നീട്, വിശക്കുമ്പോള്‍ ഇര വളഞ്ഞു കൊന്നുതിന്നുന്ന ചെന്നായായി സംക്രമിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷെ ഈ കുറ്റബോധം കൊണ്ടാവാം...
അകക്കണ്ണ് തെളിച്ചുകൊണ്ട്‌ അറിവുപകരുന്ന അമ്മയാണ് പുരുഷൻ ആദ്യം പരിചയിക്കുന്ന പെണ്ണ്.. എല്ലാ വെളിച്ചവും ദുഃഖമാണ്,തമസ്സാണ് സുഖം ....അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ / വെറുതേ സൌന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചൂ എന്ന് ജി .അറിവിന്റെ അസ്വസ്ഥതകൊണ്ട് തന്റെ സ്വാസ്ഥ്യം നശിപ്പിക്കുന്ന അമ്മ അവന്റെ ആദ്യ ശത്രുവാകുന്നു. വിശപ്പിനാൽ വാരിവലിച്ചു തിന്നു ചത്തവന്‍ എന്ന പരാമർശം നമ്മെ പലതും ഓര്മ്മിപ്പിക്കുന്നു.. അവന്റെ അമ്മ താണ്ടിയ പട്ടിണിയുടെ കൊടുംകടൽ....ഇടശ്ശേരിയുടെ‘പണിമുടക്ക’ത്തെ ഒർക്കാമല്ലൊ അല്ലെ?
കാഴ്ച, കേൾവി സംസാരം എല്ലാം വിലക്കപ്പെട്ട പെണ്ണൊരുത്തി നേരത്തെ പറഞ്ഞ പഞ്ചേന്ദ്രിയക്ഷമത വിലക്കപ്പെട്ടവള്‍ തന്നെ. ‘ഒരൊറ്റ സൂര്യനുമവളെക്കാള്‍ നേര്ത്തെ പിടഞ്ഞെണീറ്റീലാ എന്നതിനെ 'ഞായറോടൊപ്പം ഉണര്ന്നു നിലങ്ങളിൽ' (കുരീപ്പുഴ- മനുഷ്യ പ്രദർശനം ) എന്ന പരാമർശത്തോട് ചേര്ത്ത് വായിക്കാം.
പതിറ്റാണ്ടുകള്ക്കുമപ്പുറത്താണ് ഇപ്പോഴും അവളുടെ കാലടികള്‍. അടുക്കളയില്‍ ഒരുദിവസം പെണ്ണ് നടന്നുതീര്ക്കു ന്ന ദൂരം നീളത്തിലല്ല വൃത്തത്തിലാണ് എന്നും ഓര്ക്കുക.ദുരനുഭവങ്ങള്‍ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടിയിട്ടും അവളുടെ വിധേയത്വത്തിന്റെ കൂന് നിവരുന്നേയില്ല....
കുറ്റിച്ചൂല് എന്ന ബിംബം എത്രയോ തിരസ്കരണങ്ങളെ, ഉപയോഗിച്ച് വലിച്ചെറിയലുകളെ, നിരാസങ്ങളെ വീണ്ടും വീണ്ടും മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിച്ച് പരമാവധി മുതലെടുക്കലിനെ, കുറിക്കുന്നു. (അനിതാ തമ്പിയുടെ ‘മുറ്റമടിക്കുന്നവൾ’ ഒർക്കാവുന്നതാണിവിടെ.)നാറത്തേപ്പും അതുതന്നെ. പലവിധ ഉപയോഗങ്ങൾ കഴിഞ്ഞ് ഉപയോഗശൂന്യമായ തുണികൾ വസ്ത്രങ്ങൾ അതിന്റെ ഇഴ പിന്നി നൂലാകുവോളം നാം വീണ്ടും തുടയ്ക്കാനും ചവിട്ടാനും ഒക്കെ ഉപയോഗിക്കും. പരമാവധി ഊറ്റിഎടുക്കുക, ഊറ്റിത്തീര്ന്നകതിൽ നിന്ന് വീണ്ടും പിഴിഞ്ഞെടുക്കുക എന്ന ചൂഷണ സംസ്കാരം. .അതില്‍ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഭേദമില്ല.പെണ്ണിനെ നിസ്സാരവല്ക്കരിക്കാവുന്നതിന്റെ പരമാവധിയാണ് കുറ്റിച്ചൂല്‍, നാറത്തേപ്പ്, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം എന്നീ പ്രയോഗങ്ങള്‍. ഒരട്ടിമണ്ണ് അവളുടെ ആത്യന്തിക അവസ്ഥയെ, അന്ത്യമായ, പരമമായ അഭയസ്ഥാനത്തെ കുറിക്കുന്നതാവാം..ദെസ്തയോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിൽ എല്ലാ ആശ്രയവും അറ്റ അല്ല്യോഷി അവസാനം ഭൂമിയെ (മണ്ണിനെ) നെഞ്ചോട്‌ ചേര്ത്ത് വാരിപ്പിടിച്ചു ആശ്വാസം കൊള്ളുന്നതും ഓര്മ്മി ക്കാം.
രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ വേദനകൾ കുഴിവെട്ടിമൂടി അതില്നിന്നു ഉയിർക്കൊള്ളുന്ന ശക്തിസ്വരൂപിണിയായ പെണ്ണിന്റെ ചിത്രം തെളിയുന്നു.ദേവീരൂപമാർന്ന, മര്ദ്ദി്നീരൂപമാര്ന്ന സംഹാരപ്പെരുമയാണ്ടാവളായ നാരി,.നിഷേധിക്കപ്പെട്ടതെല്ലാം സ്വന്തം കരുത്തുകൊണ്ട് പിടിച്ചുവാങ്ങാൻ പ്രാപ്തയായ സ്ത്രീസ്വരൂപം കാഴ്ചയിൽ തെളിയുന്നു. അത് പക്ഷെ “പൂജാമുറിയിലിരുത്തിയ ദേവിയായ്/ ജീവപര്യന്തം വിധിക്കപ്പെടുന്നവൾ” അല്ല . ആത്മാവ്, ഉടല്‍, നാവ്, പാതാളത്തോളം ആഴത്തില്‍ അടക്കിവച്ച- വനവഹ്നിയോളം പോന്ന- ജഠരാഗ്നി ഒരുപാട് ആത്മബലികളുടെ വേദന, ഒരിക്കലും പുറത്തെടുക്കാതെ ഉള്ളിൽ കുഴികുത്തി മൂടിയ ശാപവചനങ്ങള്‍ എല്ലാം ആവാഹിച്ച് പുറത്തെടുപ്പിക്കുന്നു.
ഇഷ്ടപ്പെട്ട പുരുഷനെ സ്വയംവരം ചെയ്തു സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യത്തിൽനിന്ന് ആര്യത്വത്തിന്റെ കപട ആഢ്യത്വത്തിലെയ്ക്കു പടവുകളിറങ്ങിയപ്പോൾ പിടിവള്ളിയായിക്കിട്ടിയത്,ഗർഭിണിയെ നടതള്ളാനും പെണ്ണിനുപകരം സ്വർണ്ണം (ദ്രവ്യം) മതിയെന്നുവയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു. സംസ്കാരത്തിന്റെ നാൾവഴികളിൽ എവിടെയാണ് പെണ്ണ് തളയ്ക്കപെടേണ്ടവളാണെന്ന കെട്ടബോധം വന്നുകയറിയത്?ചിറകുമുറിച്ചു കൂട്ടിലടച്ചും തായ്വേരറുത്ത് ചട്ടിയിലാക്കിയും അവളെ ഒരു വർത്തുളരേഖയുടെ പരിധിയ്ക്കകത്ത് കുടിയിരുത്താമെന്ന് ധരിച്ചുവശായത്? ഭാഷയിലും സംസ്കാരത്തിലും വന്നുപെട്ട ആര്യവത്കരണത്തിനെതിരായ ഒരു പടപ്പുറപ്പാടായി കൂടി സംക്രമണത്തെ വായിക്കാം..ആറ്റൂർ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ സ്വഭാവത്തിലും ആ ദ്രാവിഡത കാണാം.വസൂരിമാലയും, ആവാഹന ഉച്ചാടനങ്ങളും, ബലിമൃഗവും കുരുതിക്കളവും അങ്ങനെയങ്ങനെ…..
നൂലട്ടപോലെ ഇഴയുന്ന അവളുടെ ആത്മാവിനെ കവി ചേര്‍ക്കുന്നത് 'നരഭുക്കായ' കടുവയിലാണ്. ഒരു കടുവ നരഭുക്കാവുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായ ഇരപിടിക്കല്‍രീതി അനുവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിപരീത സാഹചര്യമാണ് അതിനെ നരഭുക്കാക്കുന്നത്.ഒരിക്കല്‍ നരമാംസം രുചിച്ചുകഴിഞ്ഞാല്‍ അത് പിന്നീട് മറ്റൊരു ഇരയേയും തേടില്ല.കിടയ്ക്കാന്‍ എളുപ്പമുള്ളതും കായികാധ്വാനം പ്രായേണ കുറവുള്ളതുമാണ് നരവേട്ട. ഗത്യന്തരമില്ലാത്ത പെണ്ണൊരുത്തി നരഭുക്കായ കടുവയെപ്പോലെ അപകടകാരിതന്നെ. ഭയക്കേണ്ടവള്‍.... എങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴേ അത് ഇരതേടാന്‍ വരുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക ..ഏതു പ്രതികാരത്തിലും ഉണ്ണികളേക്കുറിച്ചുള്ള ആര്‍ദ്രത അത് മനസ്സില്‍ സൂക്ഷിക്കുന്നു. അവളുടെ നാവ് ചേരുന്നതാകട്ടെ 'ചെന്നാ'യില്‍ ആകുന്നു. 'നിശ്ശബ്ദമാം മുറിവ' മാത്രമായിരുന്ന വായ ...അത് വന്യ നിശ്ശബ്ദതയേ കീറിമുറിക്കുന്ന ഭീതിദമായ ഒരിയായി മാറുന്നു.സിംഹ ഗര്‍ജ്ജനത്തിനെക്കാള്‍ ഭയപ്പെടുത്തുന്ന, നട്ടെല്ലിലൂടെ മിന്നല്‍ പായിക്കുന്ന ഓരിയിടല്‍... നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ടാവളായി മാറുന്ന സ്ത്രീസത്ത...
പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന് ഇടശ്ശേരി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനിൽക്കുകയും ആക്രമിച്ചു തോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേയ്ക്കു അവളുടെ സ്വത്വം പറിച്ചുനടപ്പെടുന്നു.
ഇവിടെ സംക്രമണം ....... ജഡത്തിൽ നിന്നു ജീവനെടുക്കാൻ കരുത്താർജ്ജിച്ചവളിലേയ്ക്ക്, ശവത്തിൽ നിന്ന് ശക്തിയിലേയ്ക്ക്, ഉള്ള പെണ്മയുടെ പകര്ന്നാട്ടമായി മാറുന്നു

ഭൂമിപുത്രി

ഭൂമിപുത്രി 

ആകാശത്തേയ്ക്ക് നോക്കി  നിലവിളിക്കുന്നതിനെക്കാള്‍
അഭികാമ്യം
ഭൂമിയിലേയ്ക്ക് മിഴിനട്ടു നില്‍ക്കുന്നതാണ്.
ഗഗനചാരികള്‍ക്കറിയില്ല
വിഷാദം എന്ന വാക്കിന്‍റെ അര്‍ത്ഥവും ചുറ്റുവട്ടവും.

ഒരിക്കലും സംഗമിക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും
എത്ര എകാഗ്രതയോടെയാണ്
ഭൂമി സുര്യനെ ചുറ്റിനടക്കുന്നത്.
ഒറ്റപ്പെടലിന്‍റെ  വേദന അവളോളം
അറിഞ്ഞവള്‍ ആരുണ്ട്‌ ?
ഏതു ദൈവപുത്രനുണ്ട്
അവളോളം ആഴത്തില്‍ സഹനത്തിലാണ്ടാതായി!!

സിംഹാസനങ്ങളും വാഴ്ത്തുകളും
കണ്‍വെട്ടത്തും കൈയ്യകലത്തും
ഉണ്ടായിട്ടില്ല ഒരിക്കലും.
ഉയിര്‍പ്പും.  മാലാഖമാരുടെ പുഷ്പവൃഷ്ടിയും
കേട്ടുമറന്ന കഥകള്‍ മാത്രമായി ...

പൂക്കള്‍ കൊഴിഞ്ഞ് വരണ്ടുപോയ
ഒരു ചില്ലയുടെ ദൈന്യം
അവളോളം മറ്റാര്‍ക്ക് തിരിയാന്‍?
ഇനി മറ്റൊന്നും ചെയ്യാനില്ല ,
ഒരു കൊടുങ്കാറ്റിനെ ഉപാസിക്കലല്ലാതെ ....

(ജനുവരി 2015)

Monday, 12 January 2015

സഹ്യന്‍റെ മകനും മൃഗലൈംഗികതയും

അടിസ്ഥാന ചോദനകളുടെ (basic instincts) കൂടെ ലൈംഗികത ഏതായാലും വരുമല്ലോ. ജീവന്‍ നിലനിര്‍ത്താനും അത് വര്‍ദ്ധിപ്പിക്കാനും ഏകകോശജീവികള്‍ പോലും ശ്രമിക്കുന്നു എന്നത് പ്രപഞ്ചസത്യമാണ്.. പ്രത്യുല്പാദനം ലൈംഗികമോ അലൈംഗികമോ ആവട്ടെ അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിജീവികളില്‍ ഏറ്റവും പരാശ്രിതനായ മനുഷ്യന്‍ (മനുഷ്യന്‍ ഭൂമിയില്‍ ഇല്ലെങ്കില്‍ ഭൂമി പൂര്‍വ്വാധികം ഭംഗിയായി നിലനില്‍ക്കും; പക്ഷെ ചില സൂക്ഷ്മജീവികള്‍ ചില പക്ഷിമൃഗാദികള്‍ ഒക്കെ ഇല്ലെങ്കില്‍ പകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നത് കാണാം) മറ്റു ജീവജാലങ്ങളെ തന്ത്രവും കൌശലവും ഉപയോഗിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കി അവന്റെ സ്വാര്‍ഥതയ്ക്കും കാര്യലാഭത്തിനും ഉപയോഗപ്പെടുത്തി.
എല്ലാ കൃത്രിമ ഉപാധികളും കണ്ടെത്തി മനുഷ്യന്‍ അവന്റെ ആനന്ദം വര്‍ദ്ധിപ്പിക്കാന്‍ അനാദികാലം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് അത് അത്യുച്ചകോടിയില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ അവന്‍ താന്‍ ഇണക്കിവളര്‍ത്തിയ മൃഗങ്ങളുടെ മേല്‍ കാണിക്കുന്ന ക്രൂരത (അതിനെ മുഗീയത എന്നോ പൈശാചികത എന്നോ പോലും പറഞ്ഞുകൂടാ) സമാനതകള്‍ ഇല്‍ലാത്തതാണ്.
വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന അതുല്യമായ കാവ്യത്തിലെ പ്രതിപാദ്യം മനുഷ്യന്‍ നിര്‍ദ്ദയമായി അടിച്ചമര്‍ത്തിയ ഒരു കൊമ്പനാനയുടെ ലൈംഗികമായ ജൈവചോദന ഗത്യതരന്മില്ലാതെ അക്രമമാര്‍ഗ്ഗം തേടുന്നതാണ്. ആനയുടെ ഉടമസ്ഥന്‍ അതിനു സ്വാഭാവികമായ ഇണചേരലിന് സാഹചര്യം നല്‍കിയില്ലെന്ന് മാത്രമല്ല (അത് ആനയുടെ അവകാശമാണ് അയാളുടെ ഔദാര്യമല്ല ) മദപ്പാടുള്ള
കൊമ്പനെ കുറഞ്ഞപക്ഷം വിശ്രമിക്കാന്‍ എങ്കിലും അനുവദിക്കേണ്ടതാണ്.അതിനുപകരം അവനെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിടമ്പേറ്റി എഴുന്നെള്ളിക്കാനും കൂട്ടി. ആന ഗാന്ധിജിയോ മദര്‍ തെരെസയോ അല്ലല്ലോ!! കൊമ്പന്‍ അക്രമത്തിലേയ്ക്ക് തിരിഞ്ഞില്ലെങ്കിലാണ് അത്ഭുതപ്പെടെണ്ടത്.
ഇവിടെ ധിഷണാശാലിയും പ്രതിഭാധനനുമായ കവി പക്ഷെ മാനുഷിക വികാരങ്ങള്‍ വ്യാപരിക്കുന്ന സര്‍വ്വസാധാരണമായ മേച്ചില്‍ പുറങ്ങളില്‍നിന്നു ഭാവനയുടെ പുഷ്പകത്തിലേറ്റി അവനെ വനദേവതമാര്‍ വിഹരിക്കുന്ന ഉയരങ്ങളില്‍ പ്രത്ഷ്ഠിച്ചു. അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സ്വപ്നത്തിലെങ്കിലും അനുഭവിച്ച് ശമം തേടുവാന്‍ ശ്രമിക്കുകയാണ് അവന്‍. ഫ്രോയിഡിയന്‍ ആശയങ്ങളുടെ മൂര്‍ത്തഭാവം. എന്നാല്‍ സ്വപ്നത്തിന്റെയും ജാഗരത്തിന്റെയും ഇടയിലുള്ള നേര്‍ത്ത നൂലിഴ ആയിരം മത്താപ്പുകള്‍ ഒരുമിച്ചു കത്തുന്ന അവന്റെ ശിഥിലബോധത്തില്‍ തെളിഞ്ഞില്ല.
"കരുതീലവയൊന്നുമാ പ്രൌഡമസ്തിഷ്കത്തിന്‍
ഇരുളില്‍ ഭ്രാന്തിന്‍ നിലാവോലുമാക്കൊലകൊമ്പന്‍ "
തന്റെ സ്വപ്നത്തില്‍ സഹ്യകാനനത്തില്‍ എത്തിപ്പെടുന്ന അവന്‍ അവിടെ കൂട്ടരോടൊത്ത് ആര്‍ത്തുല്ലസിക്കുന്നു.വികൃതികള്‍ കാട്ടുന്നു.പ്രണയിക്കുന്നു.ഇണയുടെ വടിവില്‍ ഹര്ഷോന്മത്തനായി മതിമറക്കുന്നു.അവളുടെ പ്രണയം പങ്കുവയ്ക്കുവാന്‍ വന്ന എതിര്കൊമ്പനെ മസ്തകത്തില്‍ കൊമ്പുകുത്തിയിറക്കി വകവരുത്തി ധീരോദ്ധത നായകനാവുന്നു. എന്നാല്‍ ഈ വിക്രിയകളെലാം നടന്നത് ഉത്സവപ്പറമ്പില്‍ത്തന്നെ ആണെന്ന ആന്റി ക്ലൈമാക്സ്‌ കവിതയെ അനിതരസാധാരണമായ ഒരു ആസ്വാദനനിലവാരത്തില്‍ എത്തിക്കുന്നു.നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയ കൊമ്പനെ ഒരു പട്ടാളക്കാരന്‍ വെടിയുണ്ടയ്ക്കിരയാക്കുന്നു.അശരണം ആരെയോ വിളിച്ചു അവന്‍ ചെരിഞ്ഞു. 'മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം' അവന്റെ വിളി കേട്ടില്ല ; പക്ഷെ 'പുത്രസങ്കടം സഹിയാത്ത സഹ്യന്‍' അത് കേള്‍ക്കുക തന്നെ ചെയ്തു.
സഹ്യപുത്രന്മാര്‍ ആവര്‍ത്തിക്കപ്പെടുന്നു .പ്രോക്രൂസ്റ്റസ്മാര്‍ പല ഭാവഹാവാദികളില്‍ വരുന്നെന്നു വയലാര്‍ പറഞ്ഞപോലെ!! മനുഷ്യന്റെ ദുര, മനുഷ്യനു മാത്രം സാധ്യമാകുന്ന സ്വാര്‍ഥത,ഇപ്പോഴും അഭംഗുരം തുടരുന്നു. ആനയുടെ കാര്യത്തില്‍ മാത്രമല്ല.ഒട്ടെല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തിലും. ലൈംഗികതയുടെ ആനന്ദം എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതി നല്‍കിയ അവകാശവും സ്വാതന്ത്ര്യവും ആണ്. കൂടുതല്‍ മെച്ചപ്പെട്ട പിന്തലമുറയ്ക്കുവേണ്ടി (മനുഷ്യന് കൂടുതല്‍ ലാഭം നല്‍കുന്ന എന്ന അളവുകോലില്‍ മാത്രം) മൃഗങ്ങളില്‍ നിന്ന് നൈസര്‍ഗ്ഗികവും ജൈവികവുമായ ആ ആനന്ദവും മനുഷ്യന്‍ അപഹരിച്ചു. വരിയുടച്ചും ബീജം ഊറ്റിയെടുത്തും അത് വലിയ വിലയ്ക്ക് വിലപേശി വിറ്റും അവന്‍ കൂട്ടിക്കൊടുപ്പുകാരനെക്കാള്‍ അധപ്പതിച്ചു.അതുകൊണ്ട് മെച്ചപ്പെട്ട ഗര്‍ഭങ്ങള്‍ ഉണ്ടാക്കി പോഷിപ്പിച്ചു വളര്‍ത്തി വീണ്ടും വിറ്റ്..അങ്ങനെയങ്ങനെ .....ഒരിക്കല്‍പോലും ആനന്ദം പ്രദാനം ചെയ്യുന്ന ഒരു കണികപോലും വേണ്ടെന്നു വയ്ക്കാത്തവന്‍. ബലഹീനരുടെ ചെറിയ സന്തോഷങ്ങളെ നിരന്തരം കൊള്ളയടിക്കുന്നവന്‍......പിശാചു പോലും ലൈഗികതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. അതുകൊണ്ടാണ് അവന്‍റെ പ്രവൃത്തിയെ പൈശാചികം എന്ന് വിളിക്കില്ല എന്ന് ആദ്യം പറഞ്ഞത്.
ഒരു മൃഗവും ബലാല്‍ ഭോഗിക്കില്ല എന്നും ഇണചേരാന്‍ പ്രായമാകാത്ത വയെയും, അവശതയനുഭവിക്കുന്നവയേയും പീഡിപ്പിക്കില്ല എന്നും സംഘ ഭോഗം നടത്തില്ല എന്നും ഇവനറിയുമോ? മൃഗങ്ങളുടെ നിഘണ്ടുവിലെ ഏറ്റം വലിയ ചീത്ത വാക്ക് 'മനുഷ്യന്‍' എന്നതാകും. അതാണ്‌ ശരിയും..

Friday, 2 January 2015

തനിയെ *

തനിയെ
പ്രിയപ്പെട്ടവരെല്ലാം
അവരുടെ പ്രിയപ്പെട്ടവരുടെയൊപ്പം
യാത്ര പോയിരിക്കുന്നു.
ചിലര്‍ കാട് തേടി
മറ്റുചിലര്‍
കാടും മേടും താണ്ടി
ചിലര്‍
കുന്നുകളുടെ  മുകളില്‍ കയറിനിന്ന്
ആകാശത്തെ തൊട്ടുനോക്കാന്‍.

കടല്‍ത്തിരകളില്‍ നനഞ്ഞുനില്‍ക്കുന്നവരോട്
അസൂയ തോന്നിയിട്ടില്ല.
അതിലും വലിയ കടലല്ലേ
എന്‍റെയുള്ളില്‍ ആര്‍ത്തിരമ്പുന്നത്

കാട് കേറിയവരെക്കുറിച്ചു
പേടിയും തോന്നിയിട്ടില്ല.
എന്‍റെ കാടകങ്ങളിലെ ഇരുട്ട്
എന്നെപ്പോലും ഭയപ്പെടുത്തുന്നു.

സ്വപ്നങ്ങളുടെ നൂലേണിയില്‍
മേഘങ്ങളിലേയ്ക്ക്  ചേക്കേറിയവര്‍
തിരികെവരുമോ  എന്ന്
ആകുലപ്പെട്ടിട്ടുമില്ല.
അവര്‍ സ്വയം  പ്രണയികള്‍ക്കുള്ള
സന്ദേശങ്ങളായി മാറിയിട്ടുണ്ടാവും.

മൂടല്‍മഞ്ഞിലൂടെ നടന്ന് നടന്ന്
മാഞ്ഞുപോവാന്‍
ഞാനും ഒരു യാത്ര തിരിക്കട്ടെ.
താഴ്വരകളുടെ  തണുത്ത അടിവയറില്‍
മുഖം ചേര്‍ത്ത്
സ്വസ്ഥമായി ഒന്നുറങ്ങണം.

(ഡിസംബർ 2014)