കണ്ണുനീരിന്റെ നദി
നദികള്‍ ഒഴുകിയകലുന്നത് കണ്ടിട്ടില്ലേഎത്രയോ കാലമായി
ഒരേ ചാലിലൂടെ ....
അടിത്തട്ട് തെല്ലൊന്ന്‍ നനച്ചേക്കാം
ചെളിയെല്ലാം കഴുകിക്കലക്കി
കൊണ്ടുപോയേക്കാം
എന്നാല്‍ കിനിഞ്ഞിറങ്ങി
ഭൂമിയിലേയ്ക്ക് ചോര്‍ന്നു തീരുകയില്ല
ചുറ്റുമുള്ളതിനെ ഊട്ടിയും നനച്ചും
പൂവണിയിക്കും
ദുരന്തങ്ങള്‍ പെയ്തുതല്ലി,
ഹൃദയം ഉറച്ച് പാറയാകുമ്പോള്‍
കണ്ണുനീരിന്റെ നദിയും ഇതുപോലെ
നമുക്ക് മേലെ കൂടി
നിസ്സംഗമായി ഒഴുകിപ്പോകും
ഉള്ളില്‍ കിനിഞ്ഞിറങ്ങി
അവിടം ചതുപ്പാക്കുകയേയില്ല
കെട്ടി നിര്‍ത്തുമ്പോള്‍ ചുറ്റുമുള്ളിടം
പതുപതുത്ത ചതുപ്പാകും.
ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍ കാട്ടി
ആകര്‍ഷിച്ച് വലിച്ചെടുക്കും.
ഇറ്റ് നീര്‍ത്തെളി കാട്ടി
ചതിച്ചുവലയ്ക്കുമത്.
ഇരുട്ടിലും തണുപ്പിലും പതിയിരിക്കുന്ന
ചതിയുടെ കുടിയിരിപ്പുകൾ
അവിടെ തഴച്ചുവളരും.
നദികളെ തടഞ്ഞുനിര്‍ത്തരുത്,
കണ്ണുനീരിനെയും.
ഒഴുക്കാണ് അവയുടെ ജന്മസ്വഭാവം.
അടിത്തട്ടില്‍ ചില്ലൊളി പൂണ്ട
വെള്ളാരംകല്ലുകള്‍ തെളിയും
സങ്കടങ്ങളുടെ കൂര്‍ത്ത മുനകള്‍ തേഞ്ഞുതീര്‍ന്ന്‍
സാളഗ്രാമങ്ങളാകും ,
ആത്മസ്വരൂപം തെളിയുന്ന സാളഗ്രാമങ്ങൾ...
മാര്‍ച്ച് 2015
നദിപോലെ
ReplyDelete