Monday, 10 June 2013

ഒരു കാല്പനിക പ്രണയകാവ്യം

അതിവിദൂരമാം ചക്രവാളങ്ങളിൽ,
അലയുമോർമ്മതൻ ശ്യാമമേഘങ്ങളിൽ,
ഒരു തടില്ലത പോലതി ദീപ്തമായ്
മിന്നിനിൽക്കുന്നു നിന്മുഖം സുന്ദരം.

ശോണകുങ്കുമചന്ദ്രനോ നെറ്റിയിൽ!
താരകങ്ങളോ മിന്നുന്നിരുവശം!
നിന്റെ കൺകളിൽ പൂത്ത വിദ്യുല്ലതാ-
ജാലമെൻ നെഞ്ചു ചുട്ടുപൊള്ളിക്കവേ,
കാമുകനും കവിയുമാമെന്മനം
ഭിക്ഷ തേടുന്നു ഭ്രാന്തതീരങ്ങളിൽ.

പ്രണയമെത്രയോ സാന്ദ്രമായ് ലോലമായ്
പെയ്തു  വീണെന്റെ ചുറ്റും നിലാവു പോൽ.
തോളു ചേർന്നു നാം പോകവേ നിൻ പദം
ചേർന്ന വീഥിയിൽ സൗഗന്ധികങ്ങളാൽ
മൃദുലശയ്യ വിരിക്കുവാൻ  പൂമര-
ച്ചില്ലകൾ ചാഞ്ഞൂ നിൽക്കുന്നുവോ സഖീ!

നിൻ വിരൽത്തുമ്പിൽ നിന്നു വെൺപ്രാവുകൾ
മന്ദമായ് പറന്നേറുന്നു ശാഖിയിൽ!
നിൻ ചിരിയോടു മത്സരിച്ചെന്നപോൽ
നീന്തിടുന്നു മരാളങ്ങൾ പൊയ്കയിൽ!
കാറ്റിനൊപ്പം കളിപറഞ്ഞെത്തിനിൻ
മേനിയിൽ രോമഹർഷം വിതയ്ക്കുമീ
കുഞ്ഞുമാരിനീർത്തുള്ളികൾക്കൊപ്പമെൻ
ചുംബനങ്ങളും സ്വീകരിച്ചീടുക.

പ്രാണനെക്കാൾ പ്രിയതരേ, പെയ്തു ഞാൻ
തോർന്നു നിൽക്കട്ടെ നിന്റെ തീരങ്ങളീൽ.
സാന്ദ്രനിർഭര സ്നേഹപ്രവാഹമായ്
ശാദ്വലങ്ങളെപ്പുൽകാം നമുക്കിനി.

                                                                               (ജൂണ്‍ 2013)

12 comments:

  1. മനോഹരമായ വരികള്‍ ആണല്ലോ.... ഇതാണ് നമ്മുടെ വായനയുടെ പോരായ്മ..... ബന്ധങ്ങള്‍ ആണ് വായനയും കമന്‍റും നിര്‍വ്വചിക്കുന്നത്.... ഇത്തരം ഒരു മനോഹര പ്രണയകാവ്യം അനുവാചക ശ്രദ്ധ പിടിച്ച്പറ്റാതെ പോയതില്‍ അതിയായി ഖേദിക്കുന്നു....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ നല്ല വാക്കുകൾക്ക്

      Delete
  2. എവിടെയോ പോയ്‌ മറഞ്ഞ പ്രനയസ്മൃതി കളിലേക്ക് ഒന്ന് തിരിച്ചുപോകുവാൻ കഴിഞ്ഞു .

    ReplyDelete
  3. വികാര തീവ്രമായ വരികൾ

    ReplyDelete
  4. "മിന്നിനിൽക്കുന്നു നിന്മുഖം സുന്ദരം."

    "മിന്നി മറയുന്നു നിന്മുഖം സുന്ദരം". സൌദാമിനി ലാസ്യം 'ക്ഷണ പ്രഭാ ചഞ്ചലം'

    ReplyDelete
  5. ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു.. മിശ്ര കാകളിയില്‍ എത്ര മനോഹരമായി അച്ചടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ പ്രണയ കവിത.. പുതു കവിതാ ബാഹുല്യത്തില്‍, ഇത് വായിച്ചപ്പോള്‍ സായാഹ്നത്തിലെ കുളിര്കാറ്റ് എല്ക്കുന്നത് പോലെ സുഖം.. !!

    ReplyDelete