ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ,
പരുപരുത്ത കഠിനമയ കരിമ്പാറക്കവചം ഭേദിച്ച്
വിരൽ നുണഞ്ഞ് ശയിക്കുന്ന,
അവനിലെ ശിശുവിനെ കണ്ടെത്തലാണ്.
ഒരുത്തനെ പ്രണയിക്കുക എന്നാൽ
അവന്റെ ശാഠ്യങ്ങൾക്കു മേൽ
കോപം ഭാവിച്ച്
അവനു വേണ്ടി
ഉള്ളു ചുരത്തുന്നതാണ്.
അവന്റെ പ്രവാഹവേഗങ്ങൾക്കെതിരെ
അണക്കെട്ടു തീർക്കാതെ
അതേ പ്രവേഗത്തിൽ ഒപ്പം ഒഴുകലാണ്.
ഒരുവനെ പ്രണയിക്കുക എന്നാൽ
സ്വാർഥം കൊണ്ട് അവന്റെ തളിരുകൾ നുള്ളിക്കളയാതെ,
അവന് പടർന്നു വളരാൻ
ആകാശവും ഭൂമിയും ആയി മാറുക എന്നതാണ്.
പുരുഷനെ പ്രണയിക്കുകയെന്നാൽ
ഒരിക്കൽ പോലും ഒഴുകിയിട്ടില്ലാത്ത
ഉറഞ്ഞുകട്ടിയായ
അവന്റെ കണ്ണുനീരിനെ
അലിയിച്ചൊഴുക്കുക
എന്നതും കൂടിയാണ്.
അവൻ പറയാതെ കൂട്ടിവച്ച സ്നേഹമെല്ലാം
തിരികെ പറഞ്ഞത്
അവന്റെ അഹങ്കാരത്തെ
അദ്ഭുതപ്പെടുത്തലാണ്.
ആരുമില്ല എന്നവൻ
തണുത്ത ഇരുട്ടിലേയ്ക്ക് കാൽവയ്ക്കുമ്പോൾ
കരളിൽ കൊളുത്തി
പിന്നാക്കം വലിയ്ക്കുന്ന
ചെറു മധുരമാകലാണ് .
പ്രണയിക്കുകയെന്നാൽ
അവനുവേണ്ടി മടിത്തട്ട്
ഒരുക്കി വയ്ക്കുക എന്നതാണ്.
അവൻ പ്രണയത്തിലൂടെ
തിരികെ പോകുന്നത് ശൈശവത്തിലേക്കാണ്
എന്നറിയലാണ്.
ആണിനെ പ്രണയിക്കുക എന്നാൽ
അവനിൽ നിന്ന് ഗർഭം ധരിക്കലല്ല;
അവനെ ഗർഭം ധരിച്ച്
ഒരിക്കലും
പ്രസവിച്ചു തീരാതിരിക്കലാണ്.
Super
ReplyDeleteexcellent writing.
ReplyDeleteGreat words
ReplyDelete