മൗനത്തിന്‍റെ പെണ്ണർത്ഥങ്ങള്‍
വെറുപ്പുവിഴുങ്ങി വഴങ്ങുന്ന രതി,
സഭാമദ്ധ്യത്തിലെ
പ്രേമനാടാകം,
'വല'യൊരുക്കുന്ന പുസ്തകത്തിന്‍റെ
ആഴങ്ങളില്‍ മുഖം പൂഴ്ത്തുന്ന
മകളെ ചൂഴ്ന്നു നിൽക്കുന്ന ആധി.
കൗമാരക്കരൻ മകന്‍റെ
ചുണ്ടിലെ കനൽപ്പാട്,
അച്ഛൻ ഉറങ്ങുന്ന
മഞ്ഞച്ചായക്കെട്ടിടത്തിൽ
തളം കെട്ടിയ തണുപ്പ്.
ദീനശയ്യയിൽ
മരണദൂതനെക്കണ്ട
അമ്മയുടെ കണ്ണിലെ മരപ്പ്.
അനാദി മുതല്‍ കുടിച്ചിറക്കുന്ന
നോവിന്‍റെ കയ്പ്.
അരമുറിയെ മുറുക്കിയുടുത്ത
സ്വാഭിമാനത്തിന്‍റെ വെളുപ്പ് .
ജോലികഴിഞ്ഞു വരുമ്പോൾ
പടിവാതിലിൽ സന്ധിക്കുന്ന
ചെറുപ്പക്കാരിയുടെ മുഖത്തെ പുച്ഛം.
കുളിമുറിക്കണ്ണാടിയിലെ
പരിചിതമല്ലാത്ത
സ്റ്റിക്കർ പൊട്ടുകൾ.
നടവഴിയിൽ കാണുന്ന
മരത്തണലിലേയ്ക്കു
ചായാനുള്ള തീക്ഷ്ണകാമന.
ഒളിപ്പിച്ചടക്കിയപ്രണയം
പിടിതരാതെ വിരിയിക്കുന്ന മന്ദസ്മിതം.
ഒറ്റു കൊടുക്കപ്പെടുന്ന ഇഷ്ടം...
.
(ഒക്ടോബര്‍ 2013)
No comments:
Post a Comment