മുഖം
1.കാണാൻ തരക്കേടില്ലാത്ത ഒരു മുഖം
എനിക്കുണ്ടായിരുന്നു.
പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും,
ഞാനതിനെ
കൂടുതൽ സുന്ദരമാക്കി വച്ചിരുന്നു.
വിവാഹം കഴിഞ്ഞ് പിറ്റേന്ന്
എന്റെ കാന്തൻ
തേനിൽകുഴച്ചു മൊഴിഞ്ഞു.
"പ്രിയേ, നിനക്കിനി എന്തിന്
സ്വന്തമായൊരുമുഖം!
നമുക്കു രണ്ടാൾക്കും കൂടി ഒന്നു പോരേ?
വേണ്ടപ്പോഴൊക്കെ എന്റേതെടുക്കാമല്ലൊ"
എന്റെ ഉള്ളൊന്നു കാളി.
എങ്കിലും നല്ലൊരു ഭാര്യയാവേണ്ടേ?
കുടുംബിനിയും........
പിന്നീട് മുഖമില്ലാത്ത എനിക്കു
എപ്പഴോ
ഒരു മകൾ പിറന്നു.
.പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും
ഞാനവളെ കൂടുതൽ സുന്ദരിയാക്കി
അവൾ വളർന്നു........
"അമ്മയ്ക്കെന്തിനാ വേറിട്ടൊരു ശബ്ദം?
ഞാനില്ലേ, അച്ഛനില്ലേ"!!
വേണ്ടപ്പോഴൊക്കെ ഞങ്ങൾ പറയുന്നുണ്ടല്ലൊ!!
പൊള്ളിപ്പോയി എനിക്ക്.
എങ്കിലും നല്ല അമ്മയാകണ്ടേ?..............
കാലം പോകെ,
ഒരു തുലാവർഷത്തിന്റെ ഇടികുടുക്കത്തിൽ,
മിന്നലിന്റെ ജാലവിദ്യയിൽ,
മുരിക്കുമരത്തിന്റെ ചുവട്ടിൽ
ആടുതീറ്റി നിന്ന എനിക്കു
ബോധോദയമുണ്ടായി.
സങ്കടത്തിന്റെ സുതാര്യമായ
പോളിത്തീൻ കവറിൽ പൊതിഞ്ഞ്,
കുഴിച്ചുമൂടിയ മുഖവും സ്വരപേടകവും
ഒഴുകിമാറിയ മണ്ണിൽക്കിടന്ന്
എന്നെനോക്കിച്ചിരിച്ചു
2.
ഇറയത്തോടിക്കയറിയ എന്നെക്കണ്ട്
ഭർത്താവ് ചോദിച്ചു
'ആരാണു നീ"?
ഞാൻ മുഖമുയർത്തിനോക്കി.
മിണ്ടാതെ നിന്ന എന്നോടു
മകൾ അലറി.
"ആരാണു നിങ്ങൾ"?
ഞാൻ നെഞ്ചുപൊട്ടിവിളിച്ചു
കണ്ണുപൊത്തി,ചെവിപൊത്തി
അവർ അകത്തേയ്ക്കോടി.
വാതിലുകളും ജനാലകളും
കൊട്ടിയടഞ്ഞു.
കോരിച്ചൊരിയുന്നമഴയത്ത്,
മുഖം ഉയർത്തിപ്പിടിച്ച്,
ഉറക്കെ സംസാരിച്ച്,
ഞാൻ നടന്നുകൊണ്ടേയിരുന്നു.....
(നവംബര്‍ 2013)
thats something to really think about...
ReplyDelete