സൂര്യനീതി
മീനമാസത്തിലെ സൂര്യൻ തിളക്കുന്ന-
തോർമ്മകൾ പൊള്ളുമെൻ നെഞ്ചിലത്രേ!
ഒരു പച്ച നാമ്പില്ല തലനീട്ടുവാൻ ചാവ്
പേനാവു നീട്ടുന്ന ചുട്ട കാറ്റിൽ.
കനിവിൻ തണുപ്പിനെ കനവു കണ്ടാധിയിൽ
ജ്വരമൂർച്ഛ പൊള്ളുന്ന മാംസമോടെ,
ഇഴയുന്നു മുന്നോട്ട് കനൽ വിരിച്ചുള്ളൊരീ
പാതയോ നീളുന്നനന്തമായി.
ഇലകരിഞ്ഞുള്ളൊരീ വഴിമരച്ചില്ലയിൽ
ചാട്ടൂളിക്കണ്ണുമായ് കാത്തിരിപ്പൂ,
എത്രമേൽ കൊത്തിപ്പറിച്ചിട്ടുമുള്ളിലെ
വെറിയടങ്ങീടാത്ത കഴുകരെല്ലാം.
ഉമിനീരു വറ്റിയെൻ ,മിഴിനീരു ബാഷ്പമായ്
വരളുന്ന തൊണ്ടയിൽ നാക്കുപറ്റി
പൊടിതിന്നു തിന്നു ഞാനിഴയുന്നു നീളവേ
ഒരു തണൽ വട്ടമാം കനവുമായി.
കുരിശേറി നിൽക്കുമെൻ നെഞ്ചിലെ വിള്ളലിൻ
നോവിൽ ത്രിശൂലം തറച്ചിറക്കി,
കൈത്തുലാസ്സിൽ നീതി തൻ തട്ടു പൊങ്ങിയ
കൺകെട്ടഴിഞ്ഞൊരാ നീതിദൈവം!
കട്ടിക്കരിങ്കല്ലിൻ കൂർത്ത ചീളാലെന്റെ
നെറ്റിതകർത്തിതാ ന്യായപീഠം!
ഹേ സർവ്വസാക്ഷിയാം സൂര്യ, തിളയ്ക്കുന്ന
നെഞ്ചിലെ നോവിലെൻ വേവു ചേർക്കൂ.
'ഗാന്ധി'ചിത്രങ്ങൾ, കൊടിനിറങ്ങൾ കൊണ്ടു
മൂടിയിരിക്കുന്ന നേരിനെ നീ
അഗ്നിസ്ഫുടം ചെയ്തു നിർത്തുകീ വേദിയിൽ
സത്യം ജ്വലിക്കട്ടെ നിത്യമായി.
*,നീതി നിഷേധിക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിക്കും, അപമാനിതരായ മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.
(ഫെബ്രുവരി 2013)
*,നീതി നിഷേധിക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിക്കും, അപമാനിതരായ മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.
(ഫെബ്രുവരി 2013)
:-) Chanced on this from FB, Liked the rhythm.
ReplyDeleteMaybe usages like "oree" seemed a bit contrived. eG. ഇലകരിഞ്ഞുള്ളൊരീ
thank u rahul
ReplyDeleteBeautiful, you have talent. Great job can I please post in Facebook group Malayalam Kavithakal.
ReplyDeletehttps://www.facebook.com/groups/104759046372220/members/
Thanks,
Ramesh