ഇതു പൊറുതിയല്ല
എന്നറുതിയാണ്
വാഴ്വല്ല ,പാഴായ ജന്മമാണ്
രതിയല്ല ചതിയാണു
നിത്യവൃത്തി
കനവല്ല കണ്ണുനീരാണു കണ്ണിൽ.
ഇവിടെ ഞാൻ ജീവിക്കയല്ല ഹോമിക്കയാ-
ണെന്റെസ്വപ്നങ്ങളും,
പൂത്ത പാടങ്ങളും,
നീരരുവി പോലെയുറവാർന്ന ദാഹങ്ങളും,
നീലക്കടമ്പിന്റെ കൊമ്പിലെ വേണുവും.
ഒരുമയിൽപ്പീലിപോലാത്മാവിൻ താളുകൾ-
ക്കിടയിൽഞാൻ നെയ്തൊരാ വർണ്ണപ്രപഞ്ചവും,
ക്കിടയിൽഞാൻ നെയ്തൊരാ വർണ്ണപ്രപഞ്ചവും,
കാമനകൾ തൻ കീറമാറാപ്പിൽ കാത്തൊരാ
ഭാവനാലോലമാം മഞ്ചാടിമണികളും
ചിതറിത്തെറിച്ചുപോയ്, ശൂന്യമീ നെഞ്ചകം,
നിറയുന്നു പേക്കിനാവിൻ കാട്ടുതീയിനാൽ
ഭ്രാന്തിൻ പുഴുക്കൾനുരയ്ക്കും ഞരമ്പിലൂ-
ടുരുൾപൊട്ടിയൊഴുകുമോ കവിതതൻ വിപ്ലവം?
വരൾമണ്ണുപോലുള്ള വിണ്ട പാദങ്ങളാൽ
ഒരു കാതമെങ്കിലും താണ്ടുമോ ഞാനിനി?
നിണപാദമുദ്രകൾ നിറയുമീവേദിയിൽ
മിഴിനീരു പുഴപോലെ ഒഴുകുമീ ഭൂമിയിൽ
വർണ്ണങ്ങളിനിയും പൊലിയ്ക്കുമോ ജീവനിൽ
വീണ്ടുമെൻ വേണു തുടിക്കുമോ തെന്നലിൽ?
(മാര്‍ച്ച് 2012)
No comments:
Post a Comment