Tuesday, 31 January 2023

സംക്രമണം

സംക്രമണം...

സ്ത്രീയെ പുരുഷൻ നോക്കിക്കാണുന്ന കോണുകൾ  പലതാണ്........  അമ്മ, പെങ്ങൾ, ഭാര്യ, കാമുകി, കൂട്ടുകാരി, മകൾ   എന്നിങ്ങനെ എത്രയോ മുഖങ്ങൾ പെണ്ണിനുണ്ട്! പെണ്ണുങ്ങൾ പലപ്പൊഴും മത്സരിക്കുന്നത്,  പുരുഷന്റെയൊപ്പം എത്തുക അല്ലെങ്കിൽ പുരുഷനേക്കാൾ ഉയരത്തിൽ എത്തുക എന്ന കാര്യമാണ്.  അതിനുമാത്രം എന്താണ് പുരുഷൻ!!! എല്ലാ തൊഴിലാളിയുടെയും അന്തിമമായ സ്വപ്നം മുതലാളിയാവുക എന്നതാണ് എന്നു പറഞ്ഞപോലെ പുരുഷൻ ഒരു പടർന്നുപന്തലിച്ച മാമരമായി ഓരൊ പെണ്ണിന്റെയും  ഉള്ളിൽ ഉണ്ട്.  അത് അങ്ങനെ മരമായി ഉണ്ടായതല്ല  തലമുറകൾക്കു മുൻപേ പാകിയ വിത്ത് തലമുറകളിലൂടെ വളർന്ന് ഇപ്പോൾ മരമായി മാറിയതാണ്...ഇനിയും അത് പടർന്നുവളർന്നുകൊണ്ടിരിക്കും.
 ഇനി പുരുഷന്റെ കാഴ്ചപ്പാടിലെ പെണ്ണോ? കൗതുകവും ആർത്തിയും അതി ഗൂഢമായ ഭീതിയും അവൻ അവളുടെനേരെ പുലർത്തുന്നു..കൗതുകവും ആർത്തിയും ഒരുപക്ഷെ ആസക്തിയും വരെ അവൻ സമ്മതിച്ചുതരുമെങ്കിലും ഈ ഭയം അവൻ ഉറക്കെയുറക്കെ നിരസിക്കും...എത്രയുറക്കെ നിരസിക്കുന്നുവോ അത്രയധികം ഭയക്കുന്നു എന്നു സാരം!!

ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണത്തിൽ നോക്കിക്കാണാൻ ശ്രമിക്കുന്നു......... ഒരുത്തിയുടെ ചീഞ്ഞുനാറുന്ന ഉടൽ ഉള്ളിൽ പേറുന്നവനാണ് ഓരോ ആണും....എതിർക്കാതെ അനുസരിക്കുന്ന, പ്രതികരിക്കാതെ കീഴടങ്ങുന്ന, ദാസ്യവൃത്തിചെയ്യുന്ന,വഴങ്ങുന്ന, പഞ്ചേന്ദ്രിയക്ഷമതയില്ലാത്ത,പരാതികളില്ലാത്ത അടിമ അല്ലെങ്കിൽ ജഡം....അതാണ്   ശരാശരി  ആണൊരുത്തൻ കൊതിക്കുന്ന പെണ്ണ്.......എന്നാൽ സ്മാർട്ട് ആയ മിടുക്കിപ്പെണ്ണിനെ പരസ്യമായി അഭിനന്ദിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും അവൻ പാഴാക്കുകയുമില്ല...പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും പറയും. Everybody should be like that except my wife എന്നതാണ് അവന്റെ പോളിസി.....സ്വകാര്യ സ്വത്തായി പെണ്ണിനെക്കാണുന്ന  ഉടമയും അടിമയും എന്ന ഭാവം ഇപ്പോഴും കൃത്യമായി നിലനിര്ത്തുടന്ന ഫ്യൂഡൽ മനോഭാവത്തിന്റെ ഉടമകളാണവര്‍.    ചത്തത് കുറേക്കാലം കഴിയുമ്പോള്‍ സ്വാഭാവികമായും ചീഞ്ഞുനാറും...നാറ്റം ഉള്ളിലായതിനാല്‍ എടുത്തുകളയാനും വയ്യ. ഉള്ളില്‍ നാറ്റം കുറ്റബോധത്തിന്റെ‍താവാം..... ജഡമായവളെ പിന്നീട്, വിശക്കുമ്പോള്‍ ഇര വളഞ്ഞു കൊന്നുതിന്നുന്ന ചെന്നായായി  സംക്രമിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷെ  ഈ കുറ്റബോധം കൊണ്ടാവാം...
അകക്കണ്ണ് തെളിച്ചുകൊണ്ട്‌ അറിവുപകരുന്ന അമ്മയാണ് പുരുഷൻ ആദ്യം പരിചയിക്കുന്ന പെണ്ണ്.. എല്ലാ വെളിച്ചവും ദുഃഖമാണ്,തമസ്സാണ് സുഖം ....അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ / വെറുതേ സൌന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചൂ എന്ന്  ജി   .അറിവിന്റെ അസ്വസ്ഥതകൊണ്ട് തന്റെ സ്വാസ്ഥ്യം നശിപ്പിക്കുന്ന അമ്മ അവന്റെ ആദ്യ ശത്രുവാകുന്നു.  വിശപ്പിനാൽ  വാരിവലിച്ചു തിന്നു ചത്തവന്‍ എന്ന പരാമർശം നമ്മെ  പലതും ഓര്മ്മിപ്പിക്കുന്നു......ഇടശ്ശേരിയുടെ‘പണിമുടക്ക’ത്തെ ഒർക്കാമല്ലൊ അല്ലെ?  
കാഴ്ച, കേൾവി  സംസാരം എല്ലാം വിലക്കപ്പെട്ട പെണ്ണൊരുത്തി നേരത്തെ പറഞ്ഞ പഞ്ചേന്ദ്രിയക്ഷമത വിലക്കപ്പെട്ടവള്‍ തന്നെ. ‘ഒരൊറ്റ സൂര്യനുമവളെക്കാള്‍  നേര്ത്തെ   പിടഞ്ഞെണീറ്റീലാ എന്നതിനെ  'ഞായറോടൊപ്പം  ഉണര്ന്നു  നിലങ്ങളിൽ' (കുരീപ്പുഴ- മനുഷ്യ പ്രദർശനം )  എന്ന പരാമർശത്തോട് ചേര്ത്ത്  വായിക്കാം.
 പതിറ്റാണ്ടുകള്ക്കുമപ്പുറത്താണ്  ഇപ്പോഴും അവളുടെ കാലടികള്‍.  അടുക്കളയില്‍ ഒരുദിവസം  പെണ്ണ് നടന്നുതീര്ക്കു ന്ന ദൂരം നീളത്തിലല്ല വൃത്തത്തിലാണ് എന്നും ഓര്ക്കുക.ദുരനുഭവങ്ങള്‍ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടിയിട്ടും അവളുടെ വിധേയത്വത്തിന്റെ കൂന് നിവരുന്നേയില്ല.... 
കുറ്റിച്ചൂല് എന്ന ബിംബം എത്രയോ തിരസ്കരണങ്ങളെ, ഉപയോഗിച്ച് വലിച്ചെറിയലുകളെ, നിരാസങ്ങളെ   വീണ്ടും വീണ്ടും മറ്റ് ആവശ്യങ്ങള്ക്ക്  ഉപയോഗിച്ച് പരമാവധി മുതലെടുക്കലിനെ, കുറിക്കുന്നു. (അനിതാ തമ്പിയുടെ ‘മുറ്റമടിക്കുന്നവൾ’ ഒർക്കാവുന്നതാണിവിടെ.)നാറത്തേപ്പും അതുതന്നെ. പലവിധ ഉപയോഗങ്ങൾ കഴിഞ്ഞ് ഉപയോഗശൂന്യമായ തുണികൾ വസ്ത്രങ്ങൾ അതിന്റെ ഇഴ പിന്നി നൂലാകുവോളം  നാം വീണ്ടും തുടയ്ക്കാനും ചവിട്ടാനും ഒക്കെ ഉപയോഗിക്കും. പരമാവധി ഊറ്റിഎടുക്കുക, ഊറ്റിത്തീര്ന്നകതിൽ നിന്ന് വീണ്ടും പിഴിഞ്ഞെടുക്കുക എന്ന ചൂഷണ സംസ്കാരം. .അതില്‍ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഭേദമില്ല.പെണ്ണിനെ നിസ്സാരവല്ക്കരിക്കാവുന്നതിന്റെ പരമാവധിയാണ് കുറ്റിച്ചൂല്‍, നാറത്തേപ്പ്, ഞണുങ്ങിയ  വക്കാർന്ന  കഞ്ഞിപ്പാത്രം എന്നീ പ്രയോഗങ്ങള്‍. ഒരട്ടിമണ്ണ്  അവളുടെ ആത്യന്തിക അവസ്ഥയെ,  അന്ത്യമായ, പരമമായ അഭയസ്ഥാനത്തെ കുറിക്കുന്നതാവാം..ദെസ്തയോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിൽ എല്ലാ ആശ്രയവും അറ്റ അല്ല്യോഷി അവസാനം ഭൂമിയെ (മണ്ണിനെ) നെഞ്ചോട്‌ ചേര്ത്ത്  വാരിപ്പിടിച്ചു ആശ്വാസം കൊള്ളുന്നതും ഓര്മ്മി ക്കാം.  

രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ വേദനകൾ കുഴിവെട്ടിമൂടി അതില്നിന്നു ഉയിർക്കൊള്ളുന്ന ശക്തിസ്വരൂപിണിയായ പെണ്ണിന്റെ ചിത്രം തെളിയുന്നു.ദേവീരൂപമാർന്ന, മര്ദ്ദി്നീരൂപമാര്ന്ന  സംഹാരപ്പെരുമയാണ്ടാവളായ നാരി,.നിഷേധിക്കപ്പെട്ടതെല്ലാം സ്വന്തം കരുത്തുകൊണ്ട്  പിടിച്ചുവാങ്ങാൻ പ്രാപ്തയായ സ്ത്രീസ്വരൂപം കാഴ്ചയിൽ തെളിയുന്നു.  അത് പക്ഷെ “പൂജാമുറിയിലിരുത്തിയ ദേവിയായ്/ ജീവപര്യന്തം വിധിക്കപ്പെടുന്നവൾ” അല്ല  .  ആത്മാവ്, ഉടല്‍, നാവ്, പാതാളത്തോളം ആഴത്തില്‍ അടക്കിവച്ച- വനവഹ്നിയോളം പോന്ന- ജഠരാഗ്നി ഒരുപാട് ആത്മബലികളുടെ വേദന, ഒരിക്കലും പുറത്തെടുക്കാതെ ഉള്ളിൽ കുഴികുത്തി മൂടിയ ശാപവചനങ്ങള്‍  എല്ലാം ആവാഹിച്ച് പുറത്തെടുപ്പിക്കുന്നു.  

ഇഷ്ടപ്പെട്ട പുരുഷനെ സ്വയംവരം ചെയ്തു സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യത്തിൽനിന്ന് ആര്യത്വത്തിന്റെ കപട ആഢ്യത്വത്തിലെയ്ക്കു പടവുകളിറങ്ങിയപ്പോൾ പിടിവള്ളിയായിക്കിട്ടിയത്,ഗർഭിണിയെ നടതള്ളാനും പെണ്ണിനുപകരം സ്വർണ്ണം (ദ്രവ്യം) മതിയെന്നുവയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു. സംസ്കാരത്തിന്റെ നാൾവഴികളിൽ എവിടെയാണ്  പെണ്ണ് തളയ്ക്കപെടേണ്ടവളാണെന്ന കെട്ടബോധം വന്നുകയറിയത്?ചിറകുമുറിച്ചു കൂട്ടിലടച്ചും തായ്വേരറുത്ത് ചട്ടിയിലാക്കിയും അവളെ ഒരു വർത്തുളരേഖയുടെ പരിധിയ്ക്കകത്ത് കുടിയിരുത്താമെന്ന് ധരിച്ചുവശായത്? ഭാഷയിലും സംസ്കാരത്തിലും വന്നുപെട്ട ആര്യവത്കരണത്തിനെതിരായ ഒരു പടപ്പുറപ്പാടായി കൂടി സംക്രമണത്തെ വായിക്കാം..ആറ്റൂർ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ സ്വഭാവത്തിലും  ആ ദ്രാവിഡത കാണാം.വസൂരിമാലയും, ആവാഹന ഉച്ചാടനങ്ങളും,  ബലിമൃഗവും കുരുതിക്കളവും അങ്ങനെയങ്ങനെ….. 

നൂലട്ടപോലെ ഇഴയുന്ന അവളുടെ ആത്മാവിനെ കവി ചേര്‍ക്കുന്നത്  'നരഭുക്കായ' കടുവയിലാണ്.  ഒരു കടുവ  നരഭുക്കാവുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്.   സ്വാഭാവികമായ ഇരപിടിക്കല്‍രീതി  അനുവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിപരീത സാഹചര്യമാണ് അതിനെ നരഭുക്കാക്കുന്നത്.ഒരിക്കല്‍ നരമാംസം രുചിച്ചുകഴിഞ്ഞാല്‍  അത് പിന്നീട് മറ്റൊരു ഇരയേയും തേടില്ല.കിടയ്ക്കാന്‍ എളുപ്പമുള്ളതും  കായികാധ്വാനം പ്രായേണ കുറവുള്ളതുമാണ്  നരവേട്ട.   ഗത്യന്തരമില്ലാത്ത പെണ്ണൊരുത്തി നരഭുക്കായ കടുവയെപ്പോലെ  അപകടകാരിതന്നെ. ഭയക്കേണ്ടവള്‍.... എങ്കിലും കുഞ്ഞുങ്ങള്‍  ഉറങ്ങുമ്പോഴേ അത് ഇരതേടാന്‍ വരുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക ..ഏതു പ്രതികാരത്തിലും ഉണ്ണികളേക്കുറിച്ചുള്ള ആര്‍ദ്രത  അത് മനസ്സില്‍ സൂക്ഷിക്കുന്നു.  അവളുടെ നാവ് ചേരുന്നതാകട്ടെ  'ചെന്നാ'യില്‍ ആകുന്നു.  'നിശ്ശബ്ദമാം  മുറിവ'  മാത്രമായിരുന്ന വായ ...അത്  വന്യ നിശ്ശബ്ദതയേ  കീറിമുറിക്കുന്ന ഭീതിദമായ ഒരിയായി മാറുന്നു.സിംഹ ഗര്‍ജ്ജനത്തിനെക്കാള്‍ ഭയപ്പെടുത്തുന്ന, നട്ടെല്ലിലൂടെ മിന്നല്‍ പായിക്കുന്ന ഓരിയിടല്‍...   നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ടാവളായി മാറുന്ന  സ്ത്രീസത്ത... 

പൊട്ടി പുറത്ത് ശീവോതി അകത്ത്’   എന്ന് ഇടശ്ശേരി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനിൽക്കുകയും ആക്രമിച്ചു തോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേയ്ക്കു അവളുടെ സ്വത്വം പറിച്ചുനടപ്പെടുന്നു.  
ഇവിടെ സംക്രമണം ....... ജഡത്തിൽ നിന്നു  ജീവനെടുക്കാൻ കരുത്താർജ്ജിച്ചവളിലേയ്ക്ക്, ശവത്തിൽ  നിന്ന് ശക്തിയിലേയ്ക്ക്, ഉള്ള പെണ്മയുടെ പകര്ന്നാട്ടമായി മാറുന്നു. ‘

Sunday, 3 March 2019

പ്രണയിക്കേണ്ടതാരെ?

പ്രണയിക്കേണ്ടതാരെ?

ആരെയുമാകാം;
ഒരു ഭീരുവിനെയൊഴികെ.

അന്ധനെ പ്രണയിച്ചോളൂ.
കാഴ്ചയുടെ പരിമിതിക്കപ്പുറം
നിന്റെ കിതപ്പുകളെ,
നാഡിമിഡിപ്പുകളുടെ
സ്പന്ദനത്തെ,
വിഹ്വലതകളെ,
കേൾവികൊണ്ടറിഞ്ഞ്
അവൻ നിന്റെ കദനമാറ്റും.
നിന്റെ സങ്കടങ്ങളുടെ ഉപ്പും
ഉന്മാദത്തിന്റെ പുളിപ്പും
രസന കൊണ്ടും
മൂക്കുകൊണ്ടും  അറിഞ്ഞ്
നിന്റെ കുതിപ്പുകളെ
തളർച്ചകളെ
വിയർത്തൊടുങ്ങുന്ന
നിന്റെ ആലസ്യങ്ങളെ
ഒരായിരം രോമകൂപങ്ങളാൽ മാപനം ചെയ്ത്
നിന്റെ തുറമുഖങ്ങളെ അവൻ
ജാഗ്രതയോടെ കാക്കും.

നിന്റെ താഴ്വാരങ്ങളിൽ
വനവഹ്നിയായി ആളുകയും
നീ തളിർത്തുണരുവോളം
നിന്നു പെയ്യുകയും ചെയ്യും.

ഭ്രാന്തനെ പ്രണയിക്കാം നിനക്ക്.
ഭീതിയറിയാത്ത അവൻ
നിനക്കായി രക്തസാക്ഷിത്വം വരിക്കും.

കുഷ്ഠരോഗിയെ പ്രണയിക്കൂ
തെളിനീർ പോലെ ശുദ്ധമായ പ്രണയത്തിൽ അവൻ നിന്റെ മുറിവുകൾ കഴുകിയുണക്കുകയും
നിന്നെ അകം പുറം മറിച്ച് പുനർനിർമ്മിക്കുകയും ചെയ്യും.

വഞ്ചകനേയോ
കൂട്ടിക്കൊടുപ്പുകാരനേയോ പോലും
പറ്റുമെങ്കിൽ നിനക്ക് പ്രണയിക്കാം.
അവർ സ്വയം  മുന്നറിയിപ്പാകയാൽ
മുനമ്പുകളിൽ നിന്ന് കാൽ വഴുതാതെ
കരുതലോടെയിരിക്കാം നിനക്ക്.

എന്നാൽ
ഒരു ഭീരുവിനെ ഒരിക്കലും പ്രണയിച്ചു പോകരുത്.
ലോകാപവാദം ഭയന്ന്
നിന്റെ പ്രണയത്തെ ചവിട്ടുമെത്തയാക്കി
അവൻ സ്വന്തം പാദങ്ങൾ ശുദ്ധമാക്കും.
സ്വയം മാന്യത പാലിക്കാൻ
നിന്റെ വസ്ത്രങ്ങളുരിഞ്ഞെടുത്ത്
നിന്നെ നഗ്നയാക്കി തെരുവിൽ തള്ളിയിടും.

നഷ്ടപ്പെട്ടേക്കാവുന്ന വിലകുറഞ്ഞ സമ്മാനങ്ങളെ പ്രതി
അവൻ നിന്നെ പരസ്യമായി തള്ളിപ്പറയും.

അപരിചിതരുടെ പോലും ചൂണ്ടുവിരൽ ഭയന്ന്
അവൻ നിന്റെ പ്രണയത്തെ
ഒറ്റുകൊടുക്കും.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വസ്തുക്കളുമായി നിരന്തരം തുലനം ചെയ്ത് അവൻ
നിന്നെ ഇകഴ്ത്തിക്കൊണ്ടേയിരിക്കും.

ബാധ്യതയായി മാറിയ നിന്റെ പ്രണയത്തെ
അവൻ അങ്ങാടിവാണിഭത്തിൽ
ലേലത്തിന് നിരത്തും

നിന്റെ നേരിനെ
നിന്റെ നിർഭയത്വത്തെ
നിന്റെ അപകടകരമായ
ആർജവത്തെ
നിന്റെ ത്യാഗത്തെ
മരണത്തെ ലജ്ജിപ്പിക്കുന്ന നിന്റെ പ്രണയത്തിന്റെ കരുത്തിനെ
അവന് ഭയമാണ്.

നിന്റെ നോട്ടം നേരിടാനാകാഞ്ഞാണ്
അവൻ കൂടിക്കാഴ്ചകൾ നീട്ടി വയ്ക്കുന്നത്.

കാമമുണരുമ്പോൾ
അശ്ലീല ചിത്രങ്ങളിൽ നിന്റെ ഉടൽ മാത്രം സങ്കല്പിച്ച് അവൻ ശമിക്കുന്നു.
ചിത്രത്തിലും നിന്റെ കണ്ണുകൾ  ഭയപ്പെടുത്തുമെന്നതിനാലാണ്
അവൻ മുഖം ഒഴിവാക്കുന്നത്.

വൈകല്യങ്ങൾ വന്നു ചേരുന്നതാണെന്നിരിക്കെ
ഭീരുത്വം ഒരുവന്റെ തിരഞ്ഞെടുപ്പാണ്.
അവന്റെ മാത്രം സൗകര്യത്തിനായുള്ള ഒന്ന്.

കുടുക്കിട്ട ഒരു മുഴം കയറോ,
മൂർച്ചയുള്ള ബ്ലേഡിന്റെ പാതിയോ,
ഒന്നുമില്ലെങ്കിൽ
തലതല്ലിച്ചാകാനുറപ്പുള്ള
കരളോ കരുതി വയ്ക്കുക.

Wednesday, 24 October 2018

നാരകീയം

നിന്റെ മൗനം എന്നിൽ വർദ്ധക്യത്തിന്റെ ചെതുമ്പലുകൾ കിളിർപ്പിക്കുന്നു

കാഴ്ചകളെ പിൻവലിച്ച് 
നീ ആന്ധ്യം വരിക്കുമ്പോൾ
മഴവില്ലുപോൽ പൊലിഞ്ഞു പോകുന്നു
എന്റെ രൂപഭംഗി.

നീ ബധിരനാകുമ്പോഴാകട്ടെ
വാക്കുകൾ 
എന്റെ ബോധത്തിൽ നിന്ന് കുതറി
പാതാളത്തിന്റെ താഴ്ചകളോളം പോയൊളിക്കുന്നു.

ചർമ്മത്തിന്റെ സ്നിഗ്ദ്ധതയ്ക്കുമേൽ നീ നിരാസക്തിതിയുടെ മരവിപ്പു പുതയ്ക്കുമ്പോൾ
ഞാൻ ശിലയായ് ഉറഞ്ഞു പോകുന്നു.
രസനയും ഗന്ധവും  
നീ ഛേദിക്കുമ്പോൾ
എന്റെ ശരീരം 
നിരാർദ്രമായി, 
നിർഗന്ധമായി
വെയിലുറഞ്ഞ ശിലാഖണ്ഡമാകുന്നു.

മമതകളിൽ നിന്ന് 
നീ മുക്തനാകുമ്പോൾ
ഗ്രീഷ്മജ്വാലകൾ നക്കിയ
മുണ്ഡിതവനമാകുന്നു ഞാൻ.

എന്റെ സംവത്സരങ്ങൾ  
മീനം മാത്രമായും
ദിനങ്ങൾ മധ്യാഹ്നം മാത്രമായും
മാറ്റിയെഴുതപ്പെടുന്നു. 

ഭസ്മം പറക്കുന്ന ചുടല
എന്റെ ശരീരമാകുന്നു.
(വ്യാ)മോഹങ്ങൾ
നരകദാഹത്തിന്റെ ഗർത്തങ്ങളും .

ശേഷിക്കുന്ന  മിന്നാമിന്നിക്കണിക ഊതിയൂതി  
കാട്ടുതീ പോലെ 
പച്ച തെളിച്ചു പടർത്താൻ
എന്നോട് പറയാതിരിക്കൂ.

Tuesday, 25 April 2017

ഉമ്മക്കടം


സമാധാനത്തോടെ മരിക്കണമെങ്കിൽ കടങ്ങളെല്ലാം വീട്ടിത്തീർക്കണം

മൂന്ന് ഉമ്മകളുടെ കടമുണ്ട് നിന്നോട്

പലപ്പോഴായി പല തരത്തിൽ തന്നു തീർത്തതാണ്.
മൂന്നിന് പകരം മൂവായിരമെങ്കിലും കാണും.
ചിലപ്പോൾ അതിനും മേലേ.
കയ്യിൽ കിട്ടുന്ന നേരത്തൊക്കെ സ്വരൂപിച്ച് വച്ച് പലതവണകളായിത്തന്നതാണ് .

തിരികെച്ചോദിക്കാനും 
വീടുകയറി  വിരട്ടാനും നീ വന്നില്ല.
കഴിയുമ്പോഴൊക്കെ പറ്റുന്നതു പോലെ 
മടക്കിത്തന്നിരുന്നത്‌ നിനക്കും അറിയുമല്ലോ

തന്നവയൊന്നും തിരികെ തരികയാണെന്ന് തോന്നിയതേയില്ല 
നിനക്ക് വേണമായിരുന്നു
പലപ്പോഴും.
ചിലപ്പോഴൊക്കെ
എന്റെ കയ്യിൽ ഉണ്ടായിരുന്നു.
അത്ര മാത്രം

ഉമ്മകൾ മിച്ചമുണ്ടാവുകയില്ലല്ലോ
ചില പ്രത്യേക നിമിഷങ്ങളിൽ
ഒന്നിനു പിറകേ ഒന്നായോ 
കൂട്ടത്തോടെയോ വിരിഞ്ഞു വരികയാണ്.
മണ്ണിനടിയിൽ നിന്ന്  ഈയാമ്പാറ്റകൾ വരുന്ന പോലെ

അത്രമേൽ വാത്സല്യം കവിയണം
അനാസക്തമായ ഉമ്മകൾ പൂക്കണമെങ്കിൽ.
സ്റ്റേഹത്തിന്റെ ഇളം മധുരം
മുലപ്പാൽപ്പതപോലെ കിനിയണം.

നിന്നെയോർമ്മിക്കുമ്പോഴെല്ലാം
മുല ചുരക്കുന്നുവല്ലോ!
മുലപ്പാൽ നനവിൽ
നിറയെ നിറയെ ഉമ്മകൾ മുളച്ചുപൊന്തുന്നു.
നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവ,
കരുതി വയ്ക്കാനാവാത്തവ,
കരുതി വയ്ക്കുന്തോറും ആസക്തിയുടെ പുളിപ്പിൽ വീര്യം കൂടുന്നവ.

കൂട്ടി വച്ച് തിരികെത്തന്നവയെല്ലാം
പുളിച്ചു വീര്യം കൂടിയവയായിരുന്നോ.
ദന്തക്ഷതങ്ങൾക്കു
സീൽക്കാരങ്ങൾക്കും
പെരുമ്പറ കൊട്ടുന്ന നെഞ്ചിടിപ്പിനുമൊപ്പം 
കുത്തിയൊലിച്ചു വന്നവ?

പോരാൻ നേരം,
നിദ്ര കൺപോളകളെയെന്ന പോലെ
മെല്ലെ ചേർത്തണച്ച്
നീ തന്ന
അതീവലോലമായ  മൂന്ന് ഉമ്മകൾ.
കവിളരികിൽ
ചുണ്ടിന്റെ നേർത്ത കോണിൽ
അപ്പൂപ്പൻ താടിപോലെ പറ്റി നിൽക്കുന്നുണ്ടിപ്പഴും.

കടത്തിൽ മരിച്ചാലോ?
അസംഖ്യം 
പൂമരങ്ങളായ് രൂപാന്തരം പ്രാപിച്ച്
നീ നടക്കുന്ന വീഥികളിൽ
പുനർജ്ജനിക്കും ഞാൻ.
പൊഴിഞ്ഞു വീഴുന്ന
ഇതൾച്ചുണ്ടുകൾ കൊണ്ട്
നിന്നെ ഉമ്മവച്ചു കൊണ്ടേയിരിക്കാൻ.

Sunday, 29 January 2017

പരിണാമം

പരിണാമം
മുറ്റം നിറഞ്ഞ് തണൽ പരത്തിയിരുന്ന മരം ഉണങ്ങിത്തുടങ്ങി.
ഓരോ ദിവസവും ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
അമ്മ ആകുലതയോടെ  അതിനെച്ചൊല്ലി പരിതപിക്കാൻ തുടങ്ങി.
പ്രായമേറിത്തുടങ്ങിയ മരമായതിനാൽ
ശുശ്രൂഷിച്ചിട്ടും
നനച്ചിട്ടും കാര്യമില്ലെന്ന്
കുടുംബം ഏകപക്ഷീയമായി വിധിയെഴുതി.
അമ്മ ആ പക്ഷം ചേരാതെ,
ആരും കാണാതെ
കൊടിയ വേനലിൽ അരിഷ്ടിച്ചുമിച്ചം പിടിച്ച വെള്ളം
കുടുംബക്കാരുടെ കണ്ണുവെട്ടിച്ച്
അതിനു കുടിയ്ക്കാൻ കൊടുത്തു കൊണ്ടിരുന്നു.
പോകെപ്പോകെ ഇലകൊഴിയുന്നതു കുറഞ്ഞു .എങ്കിലും പുതിയ തളിർപ്പുകൾ പൊടിച്ചതേയില്ല .
നാമമാത്രമായ ഇലകൾ ആകാശത്തേക്ക് അഞ്ജലിയായി നീട്ടി മരം പ്രാർഥനാപൂർവം നിന്നിരുന്നു.
ആഴ്ചകൾ കൊണ്ട് അമ്മയുടെ കറുത്തിരുണ്ട മുടിയിഴകൾ ഒറ്റയ്ക്കും പെട്ടയ്ക്കും
പിന്നീട് കൂട്ടത്തോടെ യും കൊഴിഞ്ഞു തുടങ്ങി.
പ്രായമായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എന്ന് അതിനെ വീട്ടിലുള്ളവർ അവഗണിച്ചു.
വെളുത്ത വറ്റുകളെ കോർത്ത നൂലായി അവ മാറിയപ്പോൾ മാത്രം അച്ഛനും മക്കളും വീട്ടിൽ വലിയ ആരവത്തോടെഫ്ലൈയിംഗ്‌ സോസർ കളിച്ചു.
അത്തരം രാത്രികളിൽ
അമ്മ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നു പെയ്തു തുടങ്ങി.
അവശേഷിക്കുന്ന മുടിയിഴകൾ അമ്മയുടെ മുതുകിലൂടെ ഊർന്ന് പ്രാർഥന പോലെ ഭൂമിയുടെ പാദം തൊട്ടു വണങ്ങി.
മരം ശേഷിക്കുന്ന ഇലകളിൽ ചിലത് അമ്മയുടെ മേൽ പൊഴിച്ചു.
അമ്മയുടെ തൊലി ചുളിഞ്ഞു കടുപ്പം വച്ചു.
കാൽനഖങ്ങൾ രൂപഭംഗി ക്ഷയിച്ച് നീണ്ടു വളരാൻ തുടങ്ങി.
കണ്ണുണുനീർ വറ്റി അമ്മ വരണ്ടുണ  ങ്ങി.
അന്ന് അത്താഴം വിളമ്പിയപ്പോൾ  അമ്മയുടെ നീണ്ടു വളർന്ന, ചെളി നിറഞ്ഞ കൈവിരലുകൾ അച്ഛന്റെ കാഴ്ചയിൽ
മണൽത്തരി പോലെ കിരുകിരുത്തു
പോഴ്സ്ലെയlൽ പിഞ്ഞാണത്തിന്റെ ചെറിയ ചീളുകൾ അമ്മയുടെ മുടിയിഴകളിൽ പൂമൊട്ടുകളായി .
നെറ്റിയിലൂടെ  ഊർന്ന്
കവിളിൽ ഒട്ടി പ്പിടിച്ച ചുവന്ന പൂവിതളുകൾക്ക് ചോരയുടെ മണമായിരുന്നു. അന്ന് രാത്രിയും അമ്മ മരച്ചുവട്ടിൽ ഇരുന്നു.
നാളുകൾ കൂടി, വരണ്ട കണ്ണുകൾ ഓരോ തുള്ളിവീതം പെയ്തു .
പിറ്റേന്നുണർന്ന  പത്രമെടുക്കാൻ മുറ്റത്തിറങ്ങിയ അച്ഛൻ
ഉണങ്ങിയ മരം, നിറയെ തളിർത്തു നിൽക്കുന്നതായ് കണ്ടു.
അടുത്തായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറു മരം
നിറയെ പൂത്തു നിൽക്കുന്നതും.
ചെറിയപൂക്കൾക്ക് കടും ചോരയുടെ ചുവപ്പായിരുന്നു.
ചായ കിട്ടാൻ വൈകിയതിന് അച്ചൻ കലിതുള്ളിയത് കേൾക്കാൻ  അടുക്കളയിൽ അമ്മ 
ഉണ്ടായിരുന്നില്ല; വീട്ടിലും.
മുറ്റത്തെ ചെറു മരം
അഞ്ചാറ് പൂക്കൾ പൊഴിച്ചു 
ചുവക്കെച്ചിരിച്ചു നിന്നു.
മുറ്റം നിറഞ്ഞ് തണൽ പരത്തിയിരുന്ന മരം ഉണങ്ങിത്തുടങ്ങി.
ഓരോ ദിവസവും ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
അമ്മ ആകുലതയോടെ  അതിനെച്ചൊല്ലി പരിതപിക്കാൻ തുടങ്ങി.
പ്രായമേറിത്തുടങ്ങിയ മരമായതിനാൽ
ശുശ്രൂഷിച്ചിട്ടും
നനച്ചിട്ടും കാര്യമില്ലെന്ന്
കുടുംബം ഏകപക്ഷീയമായി വിധിയെഴുതി.
അമ്മ ആ പക്ഷം ചേരാതെ,
ആരും കാണാതെ
കൊടിയ വേനലിൽ അരിഷ്ടിച്ചുമിച്ചം പിടിച്ച വെള്ളം
കുടുംബക്കാരുടെ കണ്ണുവെട്ടിച്ച്
അതിനു കുടിയ്ക്കാൻ കൊടുത്തു കൊണ്ടിരുന്നു.
പോകെപ്പോകെ ഇലകൊഴിയുന്നതു കുറഞ്ഞു .എങ്കിലും പുതിയ തളിർപ്പുകൾ പൊടിച്ചതേയില്ല .
നാമമാത്രമായ ഇലകൾ ആകാശത്തേക്ക് അഞ്ജലിയായി നീട്ടി മരം പ്രാർഥനാപൂർവം നിന്നിരുന്നു.
ആഴ്ചകൾ കൊണ്ട് അമ്മയുടെ കറുത്തിരുണ്ട മുടിയിഴകൾ ഒറ്റയ്ക്കും പെട്ടയ്ക്കും
പിന്നീട് കൂട്ടത്തോടെ യും കൊഴിഞ്ഞു തുടങ്ങി.
പ്രായമായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എന്ന് അതിനെ വീട്ടിലുള്ളവർ അവഗണിച്ചു.
വെളുത്ത വറ്റുകളെ കോർത്ത നൂലായി അവ മാറിയപ്പോൾ മാത്രം അച്ഛനും മക്കളും വീട്ടിൽ വലിയ ആരവത്തോടെഫ്ലൈയിംഗ്‌ സോസർ കളിച്ചു.
അത്തരം രാത്രികളിൽ
അമ്മ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നു പെയ്തു തുടങ്ങി.
അവശേഷിക്കുന്ന മുടിയിഴകൾ അമ്മയുടെ മുതുകിലൂടെ ഊർന്ന് പ്രാർഥന പോലെ ഭൂമിയുടെ പാദം തൊട്ടു വണങ്ങി.
മരം ശേഷിക്കുന്ന ഇലകളിൽ ചിലത് അമ്മയുടെ മേൽ പൊഴിച്ചു.
അമ്മയുടെ തൊലി ചുളിഞ്ഞു കടുപ്പം വച്ചു.
കാൽനഖങ്ങൾ രൂപഭംഗി ക്ഷയിച്ച് നീണ്ടു വളരാൻ തുടങ്ങി.
കണ്ണുണുനീർ വറ്റി അമ്മ വരണ്ടുണ  ങ്ങി.
അന്ന് അത്താഴം വിളമ്പിയപ്പോൾ  അമ്മയുടെ നീണ്ടു വളർന്ന, ചെളി നിറഞ്ഞ കൈവിരലുകൾ അച്ഛന്റെ കാഴ്ചയിൽ
മണൽത്തരി പോലെ കിരുകിരുത്തു
പോഴ്സ്ലെയlൽ പിഞ്ഞാണത്തിന്റെ ചെറിയ ചീളുകൾ അമ്മയുടെ മുടിയിഴകളിൽ പൂമൊട്ടുകളായി .
നെറ്റിയിലൂടെ  ഊർന്ന്
കവിളിൽ ഒട്ടി പ്പിടിച്ച ചുവന്ന പൂവിതളുകൾക്ക് ചോരയുടെ മണമായിരുന്നു. അന്ന് രാത്രിയും അമ്മ മരച്ചുവട്ടിൽ ഇരുന്നു.
നാളുകൾ കൂടി, വരണ്ട കണ്ണുകൾ ഓരോ തുള്ളിവീതം പെയ്തു .
പിറ്റേന്നുണർന്ന  പത്രമെടുക്കാൻ മുറ്റത്തിറങ്ങിയ അച്ഛൻ
ഉണങ്ങിയ മരം, നിറയെ തളിർത്തു നിൽക്കുന്നതായ് കണ്ടു.
അടുത്തായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറു മരം
നിറയെ പൂത്തു നിൽക്കുന്നതും.
ചെറിയപൂക്കൾക്ക് കടും ചോരയുടെ ചുവപ്പായിരുന്നു.
ചായ കിട്ടാൻ വൈകിയതിന് അച്ചൻ കലിതുള്ളിയത് കേൾക്കാൻ  അടുക്കളയിൽ അമ്മ 
ഉണ്ടായിരുന്നില്ല; വീട്ടിലും.
മുറ്റത്തെ ചെറു മരം
അഞ്ചാറ് പൂക്കൾ പൊഴിച്ചു 
ചുവക്കെച്ചിരിച്ചു നിന്നു.

Tuesday, 17 January 2017

ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ....

ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ,
പരുപരുത്ത കഠിനമയ കരിമ്പാറക്കവചം ഭേദിച്ച്
വിരൽ നുണഞ്ഞ് ശയിക്കുന്ന,
അവനിലെ ശിശുവിനെ കണ്ടെത്തലാണ്.

ഒരുത്തനെ പ്രണയിക്കുക എന്നാൽ
അവന്റെ ശാഠ്യങ്ങൾക്കു മേൽ
കോപം ഭാവിച്ച്
അവനു വേണ്ടി
ഉള്ളു ചുരത്തുന്നതാണ്.

അവന്റെ പ്രവാഹവേഗങ്ങൾക്കെതിരെ
അണക്കെട്ടു തീർക്കാതെ
അതേ പ്രവേഗത്തിൽ ഒപ്പം ഒഴുകലാണ്.

ഒരുവനെ പ്രണയിക്കുക എന്നാൽ
സ്വാർഥം കൊണ്ട് അവന്റെ തളിരുകൾ നുള്ളിക്കളയാതെ,
അവന് പടർന്നു വളരാൻ
ആകാശവും ഭൂമിയും ആയി മാറുക എന്നതാണ്.

പുരുഷനെ പ്രണയിക്കുകയെന്നാൽ
ഒരിക്കൽ പോലും ഒഴുകിയിട്ടില്ലാത്ത
ഉറഞ്ഞുകട്ടിയായ
അവന്റെ കണ്ണുനീരിനെ
അലിയിച്ചൊഴുക്കുക
എന്നതും കൂടിയാണ്.

അവൻ പറയാതെ കൂട്ടിവച്ച സ്നേഹമെല്ലാം
തിരികെ  പറഞ്ഞത്
അവന്റെ അഹങ്കാരത്തെ
അദ്ഭുതപ്പെടുത്തലാണ്.

ആരുമില്ല എന്നവൻ
തണുത്ത ഇരുട്ടിലേയ്ക്ക് കാൽവയ്ക്കുമ്പോൾ
കരളിൽ കൊളുത്തി
പിന്നാക്കം വലിയ്ക്കുന്ന
ചെറു മധുരമാകലാണ് .

പ്രണയിക്കുകയെന്നാൽ
അവനുവേണ്ടി മടിത്തട്ട്
ഒരുക്കി വയ്ക്കുക എന്നതാണ്.
അവൻ പ്രണയത്തിലൂടെ
തിരികെ പോകുന്നത് ശൈശവത്തിലേക്കാണ്
എന്നറിയലാണ്.

ആണിനെ പ്രണയിക്കുക എന്നാൽ
അവനിൽ നിന്ന് ഗർഭം ധരിക്കലല്ല;
അവനെ ഗർഭം ധരിച്ച്
ഒരിക്കലും
പ്രസവിച്ചു തീരാതിരിക്കലാണ്.

Sunday, 1 January 2017

അതിജീവനം

അതിജീവനം

മുല മുറിച്ച് വലിച്ചെറിഞ്ഞും

കാൽച്ചിലമ്പു പറിച്ചെറിഞ്ഞും

താലിചാർത്തിയവന്റെ മാനം

കാത്തിരുന്നവരാണു ഞങ്ങൾ.

കനൽ ചവിട്ടി നടന്നുമല്ലിൻ

കനലു നെഞ്ചിൽ നീറിയും

കൈ പിടിച്ചവനൊപ്പമെന്നും

തലയുയർത്തി നടന്നവർ.

അന്നു ഞങ്ങളവന്റെയൊപ്പം

പണിയെടുത്തും കളി പറഞ്ഞും

വെച്ച ചോറു പകുത്തു തിന്നും സ്വച്ഛമായി നടന്നവർ.

അവനെനിക്കു തണൽ വിരിച്ചും

തിരികെ ദാഹജലം പകർന്നും

തുച്ഛമാം ചെറുജീവിതങ്ങൾ

മെച്ചമായി നയിച്ചവർ.

ഇന്നു കാലം മാറിയപ്പോൾ 

അവനു ലോകം മാറിയപ്പോൾ

കൊച്ചു കൂടു വെടിഞ്ഞു മെച്ച

പ്പെട്ടതൊന്നു തിരഞ്ഞവൻ .

പ്രിയതരം പല കാഴ്ച കേൾവികൾ 

കുളിരു കോരും വാക്കുകൾ

ഗോപ്യ സന്ദേശങ്ങൾ ചതിയുടെ

വലവിരിച്ച സമാഗമം.

പുതിയ കൂട്ടുകൾ പുതിയ രീതികൾ

പുതുമ ഞങ്ങൾക്കില്ല പോൽ.

അവിടെയോ ബഹു ശബളമധുരിത

വേഷഭൂഷകൾ കേളികൾ.

ഇളകിയാടുന്നുടവുപറ്റാ

ചടുല യൗവ്വനമുടയവർ.

മിനു മിനുപ്പും തൊലി വെളുപ്പും

തുടുതുടുപ്പും ചേർന്നവർ.

ഇവിടെ ഞങ്ങൾ തൊലി കറുത്തോർ 

കാത്തിരിപ്പൂ രാവിലും.

ഇലയനക്കം കേട്ടു നിങ്ങൾ

വരികയാണെന്നോർത്തവർ.

അര മുറുക്കിയുടുത്തു മിച്ചം

വച്ചവറ്റും കരുതിയോർ

മൊഞ്ചു ചോർന്നവരാകുമെന്നാൽ

നെഞ്ചിൽ നേരു തികഞ്ഞവർ.

കൂരിരുട്ടിൽ വെട്ടുവാളു തലയ്ക്കൽ വച്ചു കിടന്നവർ.

കെട്ടുതാലിച്ചരടുതാനേ

രക്ഷയെന്നു നിനച്ചവർ.

നേർത്തു വന്ന വിടപ്രഭുക്കൾ

വച്ചു നീട്ടിയ പൊൻപണം

ഒറ്റ വാക്കുമുരച്ചിടാതൊരു

നോക്കു കൊണ്ടു ചെറുത്തവർ

നെഞ്ചിലേറ്റിയണിഞ്ഞ മിന്നിൻ

നേരുകാക്കാനായിവർ

ഉയിരുപോയാൽപ്പോലുമതു താൻ

മാനമെന്നു നിനച്ചവർ

തലയറഞ്ഞു ശപിക്കവേണ്ട

നെഞ്ചു പൊട്ടി വിളിക്കയും

ചുട്ട കണ്ണീർത്തുള്ളിയൊന്നു

പതിച്ചുവെങ്കിലസംശയം

ദുര പെരുത്തു ചതിച്ചു നിങ്ങൾ

വശഗമാക്കിയ പദവികൾ

നിന്നു കത്തി ദഹിച്ചു പോമൊരു

കല്ലു ബാക്കി വരാത്തപോൽ.

ഇന്നു ഞങ്ങളറിഞ്ഞിടുന്നാ

മിന്നു കാക്കപ്പൊന്നു തന്നെ

വിലയെഴാത്തതു കാത്തു വയ്ക്കാൻ

വിവരദോഷികളല്ലിവർ

മിന്നുവിറ്റിട്ടന്നമുണ്ടരവയർ

നിറയ്ക്കാനാവുമെങ്കിൽ

 തർക്കമില്ലതു ചെയ്യുമെങ്ങൾ

എല്ലുറപ്പു തികഞ്ഞവർ.

പുരമെരിക്കുകയില്ല ഞങ്ങൾ

കുരുതി ചോദിച്ചലറുകില്ല.

മരണ കാഹളമൂതുകില്ലതി

ജീവനത്തിൻ ഗീതികൾ

ഒത്തുചേർന്നു ചമച്ചിടും രണ

ഭേരി പോലെ മുഴക്കിടും തുടി

താളമോടാപ്പാട്ടു പാടി

ചടുല നർത്തനമാടിടും.

തള്ളുവാനെളുതല്ല ഞങ്ങൾ

ക്കെത്ര ചെറുതീ ജീവിതം

ഉളളിലൂറി വരുന്ന മോദം

പെരുകി വൻകടലാകണം.