ആടുമാടുകളെയെന്നപോൽ
കൈകാലുകൾ ചേർത്തു കെട്ടി
വശം ചരിച്ചു കിടത്തി
കോടാലിയുടെ മാടിന്
തിരുനെറ്റിയിലോ
നെറുകയിലോ
അടിച്ചിട്ടല്ല.
ശരീരം ജഡമാവുകയും
മൊത്തമായോ ചില്ലറയായോ
ഇറച്ചി
വിറ്റ് തീർക്കപ്പെടുകയും ചെയ്യുമെങ്കിലും
ചാകില്ലവൾ.
ജീവൻ പലതായി പിരിഞ്ഞ്
പുതിയ ജന്മങ്ങളെടുക്കും.
കാട്ടുപന്നിയെ എന്ന പോലെ
ഇഷ്ടഭക്ഷണത്തിൽ പടക്കം വച്ചിട്ടുമല്ല.
വേണ്ടപ്പെട്ടവർക്കെല്ലാം വിളമ്പി നിറച്ചിട്ട്
അവൾക്ക് തിന്നാൻ ശേഷിക്കണമെന്നില്ല.
നേർക്കുനേർ ഏറ്റുമുട്ടി വകവരുത്തിയേക്കാമെന്നാണെങ്കിൽ
ഇന്നലെ മുതൽക്കേ കഴുത്തു നീട്ടി നിൽക്കുന്നവളുടെ മുന്നിൽ
നാണിച്ചു പിന്തിരിഞ്ഞേക്കും നിങ്ങൾ.
കോഴിയെ എന്ന പോലെ
ഒരുകയ്യിൽ അരിമണിയും
മറുകയ്യിൽ പിന്നിലൊളിപ്പിച്ച കത്തിയുമായി
അരുമയോടെ വിളിച്ച് അരികിൽ നിർത്തണം.
കയ്യിൽനിന്നും കൊത്തിത്തിന്നവേ
ആയുധം കണ്ണിൽപ്പെടാത്ത വിധം
തഴുകിത്തലോടി
എടുത്തുയർത്തി നെഞ്ചിൽ ചേർക്കണം.
ഒന്നുകൂടിത്തടവി
പതിയെ നിലത്തു കിടത്തി
കാലുകളിൽ ചവിട്ടിപ്പിടിക്കണം.
ഒരു തമാശക്കളിക്കെന്നവണ്ണം
അത് തല ചെരിച്ച് നോക്കുമ്പോൾ
വായ്ത്തലയുടെ തിളക്കം കണ്ണിൽപ്പെടുമാറ്
ഒന്നു വീശുകയേ വേണ്ടൂ.
കഴുത്തു മുറിക്കുമ്പോൾ
ഒന്നു പിടയുക പോലുമില്ല.
ചതിയുടെ വിഷപ്പല്ലുകൾക്ക്
ആയുധത്തേക്കാൾ
ചടുല വേഗമാണ്.
This comment has been removed by the author.
ReplyDeleteഹൃദയം മുറിഞ്ഞു എഴുതിയ കവിത <3
Deleteവാക്കിന്റെ വായ്ത്തല മൂര്‍ച്ചയുള്ളതാണെന്നു പറയുന്നു വീണ്ടും...
ReplyDelete