Friday, 26 August 2016

പെണ്ണിനെ കൊല്ലേണ്ടതെങ്ങനെ?

ആടുമാടുകളെയെന്നപോൽ
കൈകാലുകൾ ചേർത്തു കെട്ടി
വശം ചരിച്ചു കിടത്തി
കോടാലിയുടെ മാടിന്
തിരുനെറ്റിയിലോ
നെറുകയിലോ
അടിച്ചിട്ടല്ല.

ശരീരം ജഡമാവുകയും
മൊത്തമായോ ചില്ലറയായോ
ഇറച്ചി
വിറ്റ് തീർക്കപ്പെടുകയും ചെയ്യുമെങ്കിലും
ചാകില്ലവൾ.
ജീവൻ പലതായി പിരിഞ്ഞ്
പുതിയ ജന്മങ്ങളെടുക്കും.

കാട്ടുപന്നിയെ എന്ന പോലെ
ഇഷ്ടഭക്ഷണത്തിൽ പടക്കം വച്ചിട്ടുമല്ല.
വേണ്ടപ്പെട്ടവർക്കെല്ലാം വിളമ്പി നിറച്ചിട്ട്
അവൾക്ക് തിന്നാൻ ശേഷിക്കണമെന്നില്ല.

നേർക്കുനേർ ഏറ്റുമുട്ടി വകവരുത്തിയേക്കാമെന്നാണെങ്കിൽ
ഇന്നലെ മുതൽക്കേ കഴുത്തു നീട്ടി നിൽക്കുന്നവളുടെ മുന്നിൽ
നാണിച്ചു പിന്തിരിഞ്ഞേക്കും  നിങ്ങൾ.

കോഴിയെ എന്ന പോലെ
ഒരുകയ്യിൽ അരിമണിയും
മറുകയ്യിൽ പിന്നിലൊളിപ്പിച്ച കത്തിയുമായി
അരുമയോടെ വിളിച്ച് അരികിൽ നിർത്തണം.
കയ്യിൽനിന്നും കൊത്തിത്തിന്നവേ
ആയുധം കണ്ണിൽപ്പെടാത്ത വിധം
തഴുകിത്തലോടി
എടുത്തുയർത്തി നെഞ്ചിൽ ചേർക്കണം.
ഒന്നുകൂടിത്തടവി
പതിയെ നിലത്തു കിടത്തി
കാലുകളിൽ ചവിട്ടിപ്പിടിക്കണം.
ഒരു തമാശക്കളിക്കെന്നവണ്ണം
അത് തല ചെരിച്ച് നോക്കുമ്പോൾ
വായ്ത്തലയുടെ തിളക്കം കണ്ണിൽപ്പെടുമാറ്
ഒന്നു വീശുകയേ വേണ്ടൂ.

കഴുത്തു മുറിക്കുമ്പോൾ
ഒന്നു പിടയുക പോലുമില്ല.
ചതിയുടെ വിഷപ്പല്ലുകൾക്ക്
ആയുധത്തേക്കാൾ
ചടുല വേഗമാണ്.

Tuesday, 16 August 2016

നോട്ടങ്ങൾ

നോട്ടങ്ങൾ

ഒരു കണ്ണേറിന്റെ മിന്നലിൽ
ഉടൽ തരിച്ച് നിന്നു പോയിട്ടുണ്ട്.

ഒരു ജോഡി ദൈന്യക്കണ്ണിൽ
മുജ്ജന്മങ്ങളിൽ പോലും തിന്നുപോയ അന്നമത്രയും ദഹിച്ചു പോയിട്ടുണ്ട്.

ഒരു യുഗത്തിന്റെ കാത്തിരിപ്പ് മുഴുവൻ
ഓളം വെട്ടുന്ന ഒരു നോട്ടത്തിൽ
ആധിപൂണ്ടിട്ടുണ്ട്.

ശരമുനകൾ പോലെ കണ്ണിൽ തറഞ്ഞ ഒരു നോട്ടത്തിന്റെ  പാതിയിൽ
എത്ര പ്രാകിയാലും തീരാത്ത ശാപങ്ങൾ ഉറഞ്ഞുകിടക്കുന്നതും കണ്ട് ഉരുകിയിട്ടുണ്ട്.

ചതിക്കപ്പെട്ടവളുടെ നോട്ടത്തിൽ
അമർന്നു പുകയുന്ന പക കുരുങ്ങി
കണ്ണ്  കലങ്ങിയിട്ടുണ്ട്.

അറവുശാലയിലേക്ക് നടക്കുന്നവളുടെ
കണ്ണിലെ ശൂന്യതയിൽ
അവൾ നടന്ന വഴിയളന്നിട്ടുണ്ട്.

കീഴടക്കിയവന്റെ,
വെട്ടിപ്പിടിച്ചവന്റെ,
ധാർഷ്ട്യംനിറഞ്ഞ കണ്ണുകൾ
ചില കൺമുനകളിൽ
ചുളിച്ചുരുങ്ങതും കണ്ടിട്ടുണ്ട്.

കെണിയൊരുക്കുന്നവനെ
ഒറ്റുന്ന കൗശലക്കണ്ണുകളും
എപ്പോഴും തുളമ്പാൻവെമ്പുന്ന
സ്നിഗ്ദ്ധമായ കരുണക്കണ്ണുകളും
നോക്കി നിന്നിട്ടുണ്ട്.

മരണപ്പെട്ടവന്റെ തണുത്ത മോഹങ്ങൾ
അവന്റെ കൺവെള്ളകളിൽ
തളംകെട്ടിനിൽക്കുന്നിടത്ത്
ഇനിയില്ലാത്ത പോലെ
നോട്ടങ്ങൾ തീർന്നുപോകുന്നു.