Sunday, 27 July 2014

കളഞ്ഞുപോയ കവിത

കളഞ്ഞുപോയ കവിതയിലെ 
പ്രിയതരങ്ങളായ ചില വരികളെ
കണ്ടുകിട്ടാറില്ല
എത്ര ആഴങ്ങളില്‍
ഓര്‍മ്മയിലേയ്ക്കൂളിയിട്ടാലും....

തിരിച്ചിനി കിട്ടാത്ത വിധം 
നഷ്ടപ്പെട്ടേ പോയ 
അനര്‍ഘ നിധികളുടെ കൂട്ടത്തില്‍ 
വെട്ടിത്തിളങ്ങുന്ന പദങ്ങളും 
ശ്രുതിമധുര ഗീതങ്ങളും..........

നിരസിച്ചതും നിരസിക്കപ്പെട്ടതുമായ
പ്രണയ പുഷ്പാഞ്ജലികള്‍ !!!!!
എറിഞ്ഞുടച്ച് നടന്നകലവേ
തറഞ്ഞുകയറി
ചോരകൊണ്ട്
പദത്തില്‍ പൊട്ടുതൊട്ട വളപ്പൊട്ട്‌
ഞാനിവിടത്തന്നെയുണ്ടെന്ന്
ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ....

ഇത്രയൊക്കെപ്പോരെ
കണ്‍പീലികളില്‍ ഒരു മഞ്ഞുതുള്ളി വിരിയാന്‍ !
അതില്ലെങ്കില്‍ എങ്ങനെ മഴവില്ലുദിക്കും?.........................

Thursday, 24 July 2014

പ്രണയം


കൈ തൊടാതെ, തമ്മിൽ നോക്കാതെ, കാണാതെ,
നിന്നെ നിനപ്പതും പ്രണയം.
പൂന്തിങ്കൾ ചൊരിയും നിലാവിൻറ്റെയീമഴ-
യേൽക്കുന്നു നീയുമെന്നോർക്കേ,
എന്നെ നോക്കി കണ്ണിറുക്കുന്ന താരങ്ങൾ
നിൻ കൺകളാണെന്നിരിക്കെ,
നിന്റെ നിശ്വാസമിന്നെന്നെത്തഴുകുന്ന
കുഞ്ഞിളം കാറ്റെന്നറികെ,
ഞാൻ നിലക്കൊള്ളുമീ ഭൂമിയിലാണുനീ-
യുള്ളതെന്നെന്നോടു ചൊല്ലേ,
പ്രകൃതി ഞാനാകുന്നു നീയെൻ പുരുഷനും
ഇതു നമ്മളന്യോന്യമറികേ,
വെറുതേ പിണക്കങ്ങൾ,വെറുതേ പരാതികൾ,
വെറുതെയീ വിരഹാർത്ത ബാഷ്പം.
നിന്നെ ഞാൻ പ്രണയിപ്പതല്ല ,നീയെന്നെയും
നമ്മൾ ചേരുന്നതാം പ്രണയം.


                                                            (ഫെബ്രുവരി 2012)

Tuesday, 8 July 2014

ഖജുരാഹോവിൽ.....*

ഖജുരാഹോവിൽ.....

1.

ഖജുരാഹോവിൻ വീഥി... എന്‍ കിനാവിലെ നീല-
ത്തിരശീലകള്‍ തെല്ലു മാറിയോ  മദം ചേരു-
മംഗഭംഗികള്‍  നിറഞ്ഞൊഴുകും വെളിച്ചത്തില്‍
നിത്യവിസ്മയം പോലെ  സ്വര്‍ഗ്ഗമോ കാണാകുന്നു!!   
പ്രണയം നിറം ചാർത്തും കുഞ്ഞുപൂവിതളുകൾ-
ക്കുള്ളിലെ മധുകണം നുകരാൻ കൊതിച്ചുവോ!
കൈവളക്കിലുക്കങ്ങൾ, തങ്ങളിൽ കലഹിക്കും
മണിമാലകൾ ലജ്ജാലോലുപം പൊൻ കാഞ്ചിയും.
വശ്യവാക്കുകൾ, മോഹനാംഗികൾ, നാണം തെല്ലും
തീണ്ടിടാവിലാസിനീ ഹർഷഹാസങ്ങൾ പോലെ,
ഉച്ചത്തിലത്യുച്ചത്തിൽ ചിരിമുത്തുകൾപൊഴി-
ച്ചടർന്നേ വീഴും നാട്യമോഹനം ചിലമ്പുകൾ!
ഒത്തുചേർന്നിവ തിമിർത്താടുമീ ഗാനോത്സവം
പകരും ലഹരിയിൽ നുരയുന്നെൻ കാതുകൾ.
പ്രേമനാടകങ്ങളിൽ, വിവിധം ശയ്യാകേളീ-
 മർദ്ദിതം മ്ലാനം ചെറു മാലതീമലർമണം,
അത്തറിൻ സുഗന്ധമോടൊത്തുവന്നെത്തീകാറ്റിൽ
ദുരമൂത്തുണർന്നെന്നിലെത്രയോ ഭ്രമരങ്ങൾ!
കാമനകളെത്തൊട്ടുതഴുകിയുണർത്തിടും
അംഗലേപനങ്ങൾതൻ സ്നിഗ്ദ്ധത തേടീ സ്പർശം.

2.

ഖജുരാഹോവിൻ ക്ഷേത്ര നടകൾ കയറവേ
ഉണരും യാഗാശ്വത്തിൻ കുളമ്പാകുന്നൂ മോഹം.
പ്രണയം കവിതയായ് കലയായ് ശില്പങ്ങളായ്
ചുമരിൽ കരിങ്കല്ലിൽ ഈ മണൽത്തരികളിൽ
രതിഭാവങ്ങൾ വഴിഞ്ഞൊഴുകും രാഗങ്ങളായ്
പരിരംഭണത്തിന്റെയായിരം തിരകളായ്,
അഹങ്കാരത്തിൻ തടശ്ശിലയെയലിയിച്ചു
വേലിയേറ്റങ്ങൾ തീർക്കും തിങ്കളായുദിക്കുന്നു.
വിരഹം മഥിക്കാത്ത സംഗമോല്ലാസത്തിന്റെ
ആയിരമിതളോലുമാമ്പലായ് വിരിയുന്നു.

കേട്ടിരിക്കുന്നൂ പണ്ടേ  സ്വർണ്ണ-ഗോപുരങ്ങളെ,
യൗവ്വനോന്മത്തം കാമം തുളുമ്പും ശില്പങ്ങളെ,
കാണുവാൻ വെമ്പീ മോഹം തിളയ്ക്കും ഹൃദയത്തിൻ
വന്യകാമനകളാ രതിവൈവിധ്യങ്ങളെ.
കാഞ്ചനദേവാലയത്താഴികക്കുടങ്ങള്‍ പോല്‍
ഉത്തുംഗ പയോധര ഭംഗികള്‍-നടുവിലൂ-
ടിഴയാന്‍ കൊതിക്കുമെന്‍ മോഹപത്മത്തിന്‍  ചെറു-
നൂലുകള്‍ ദാഹാര്‍ത്തരാം  സ്വര്‍ണ്ണസര്‍പ്പങ്ങള്‍ പോലെ.

പൂവിതള്‍ത്തുമ്പില്‍ മഞ്ഞുതുള്ളിപോലധരത്തിൽ
തുളുമ്പും പ്രേമം നുകർന്നാർദ്രഭാവങ്ങൾ തേടും
കാമിനീമുഖം കരലാളനങ്ങളാലനു-
രാഗവേദിയിൽ ദൃശ്യവശ്യമായ് വിടർത്തിയും,
എത്രഹൃദ്യമായ്  പ്രേമോദാരമായ് സമഗ്രമായ്
മുഗ്ദ്ധഭാവങ്ങൾ തെല്ലും ചോർന്നുപോയീടാതെയും,
പകർത്തീകല്ലിൽ സൂക്ഷ്മമംഗുലീചലനങ്ങൾ
നിത്യനിർവൃതിപ്രദം കലയായ് കവിതയായ്.
അഴകിൻ സുവർണ്ണാനുപാതമീയംഗങ്ങളിൽ 
മിഴിവാർന്നിടും പ്രേമത്തികവീ ഭാവങ്ങളിൽ.

3.

ഏകനായ് വെറും കാഴ്ചക്കാരനായ് മുന്നേറവേ
തൃ ഷ്ണതൻ കനൽ നെഞ്ചിൽ പൊലിഞ്ഞേ പോയീടുന്നു.
വിസ്മയക്കണ്ണാൽ നവ്യബോധമണ്ഡലത്തിനാൽ
കണ്ടറിഞ്ഞുപോയ് നവപ്രേമഭാവനകളെ.

കേവലം ശില്പങ്ങളല്ലിവയൊന്നുമേ സാക്ഷാൽ
ദേവസങ്കല്പങ്ങൾതൻ പ്രതിരൂപങ്ങൾ മാത്രം.
നിത്യ യൗവ്വനയുക്തയാകുമീപ്രകൃതിയും
സത്യസുന്ദരരൂപൻ ചിത്പുരുഷനും കൂടി
പ്രണയിച്ചലിഞ്ഞലിഞ്ഞറിഞ്ഞൊഴുകീ പരസ്പരം
നിറവായ് തികവായി മാറുകയല്ലൊ ചിരം.

ആരുചൊല്ലിപോൽ കാമം പാപമെന്നെന്തേയിവർ- 
ക്കറിവൂ കാമം ദേഹതൃഷ്ണയെന്നല്പജ്ഞാനം!
പാപമല്ലതു നിത്യ സത്യവും സൗന്ദര്യവും
സ്വച്ഛമായ് സമ്മേളിക്കും സ്വർഗ്ഗമാകുന്നൂ ഭൂവിൽ.
ഇന്ദ്രിയാതീതപ്രജ്ഞാസാഗരഹ്രദങ്ങളില്‍
പരമാനന്ദം നല്‍കും മാത്രകള്‍ പുണരുവാന്‍
 കേവലം ശരീരങ്ങള്‍ക്കപ്പുറമമൂര്‍ത്തമമാം
ദേഹികള്‍ ചേരും  നിത്യ വിസ്മിതം മുഹൂര്‍ത്തമാം .
ശുദ്ധചിത്തനായ്  ക്ഷേത്രനടകൾ ഇറങ്ങുമ്പോൾ
കലയാണുള്ളിൽ തിരമാലകൾ വിടർത്തുന്നു.
സ്വർണ്ണഗോപുരച്ചുവർ ചിത്രങ്ങൾ ഘോഷിക്കുന്നു
പ്രണയം ത്യജിക്കലും ഏറ്റുവാങ്ങലുമത്രേ. 
സ്വന്തമാക്കുവാനല്ല പങ്കുവയ്ക്കുവാനല്ലോ
സാർവ്വലൗകികപ്രേമഭാവനയുണരുന്നു,

  (ജൂലയ്2014)