Tuesday, 17 December 2013

അമ്മയെ സ്നേഹിക്കയാൽ

അമ്മയെ സ്നേഹിക്കയാൽ

ഏറ്റം വിലപിടിച്ച പ്രാർഥന
ഇതായിരുന്നു.
"അമ്മ മരിക്കണേ
വേഗം  മരിക്കണേ"
അത്രമേലമ്മയെ സ്നേഹിക്കയാൽ
 താങ്ങുവാൻ വയ്യ
ചില കാഴ്ചകൾ
അത്രമേൽ കരുതുകയാൽ
ചില കേള്‍വികള്‍ കേൾക്കുവാനും.

ശയ്യാവലംബിനിയായി,
ചിരപുരാതനമാലിന്യങ്ങളിൽ കുഴഞ്ഞ്,
പിച്ചും പേയും മൊഴിഞ്ഞ്,
ഇരവുപകലറിയാതെ,
ദ്വന്ദ്വങ്ങളൊന്നുമറിയാതെ,
ശരണവും നിലവിളിയുമില്ലാതെ,
ഒച്ചകളെ കളിപ്പാട്ടങ്ങളാക്കി,
കാഴ്ചകളെ പ്രസാദമാക്കി,
അഹങ്കാരം ശമിച്ച്,
നിസ്സഹായത തിരിച്ചറിയാത്ത
നിഷ്കളങ്കയായി,
അമ്മ ചിരിക്കുമ്പോൾ ......
"ഈശ്വരാ മരിക്കണേ
വേഗം മരിക്കണേ
കനത്ത കേൾവികൾ
മറയ്ക്കണേ"

പ്രാപ്പിടിയന്‍റെ
നഖമുനകളില്‍ നിന്ന്
പറന്നുപിടിച്ച്,
ചൊറിയിലും ചിരങ്ങിലും പുരണ്ട
ചെളിക്കിടാങ്ങള്‍ ഞങ്ങളെ
വാരിയെല്ലോടു ചേർത്തമർത്തി,
വരണ്ട   മുലഞെട്ടുകൾ ചുരത്തി,
ഉമ്മ കൊണ്ട് തുടച്ച്,
സ്നേഹം പുതപ്പിച്ച്
തിളങ്ങുന്ന  മുത്താക്കി,
പുഞ്ചിരിക്കുന്ന പൂവാക്കി,
ഒരിക്കലും  തെറ്റാത്ത  സമയത്തിന്‍റെ തീവണ്ടികളില്‍
കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ഇറക്കി,
ചിലപ്പോൾ മൂർച്ചയുള്ള ഒരു കണ്മുനയാൽ,
അപൂർവ്വം  ചിലപ്പോൾ
ഒരു മൊഴിയമ്പിനാൽ രക്ഷിച്ച്,
സ്വയം കമ്പിളിയും വിശറിയുമായി,
ഒരു മൂളിപ്പാട്ടിൽ കൃതാർത്ഥതയൊതുക്കി
നടവഴിയോരം ചേർന്ന്
അങ്ങനെയങ്ങനെ
നടന്നുനീങ്ങുന്ന  അമ്മ.

കണ്ണിൽ പ്രണയത്തിന്റെ കുസൃതിയുമായി
വാത്സല്യത്തിന്റെ സാരിത്തുമ്പിനാൽ
അച്ഛന്റെ പുറത്തെ വിയർപ്പാറ്റുന്ന
പൊട്ടണിഞ്ഞ കുളിർക്കാറ്റ്,

നിലാവുപോലെ ചിരിച്ചുകൊണ്ട്
അന്നം വിളമ്പുന്ന,
കൈവണ്ണയിലെ കരി
 മറച്ചു പിടിക്കുന്ന വെണ്മ.
ആയമ്മ  ഉള്ളിൽ പീലിവിരിക്കയാൽ
കണ്ണ് മറ്റൊന്നും രേഖപ്പെടുത്തുന്നില്ല.
 മനമറിയാതെ ചുണ്ടു ജപിച്ചുപോകുന്നു.
'മരിക്കണേ
വേഗം  മരിക്കണേ
 ഇരുണ്ട കാഴ്ചകൾ മറയ്ക്കണേ"

തൂങ്ങിക്കിടക്കുന്ന ഇലത്തുമ്പ്
ഭാരമെന്നു കരുതും മുൻപ്,
നീരുവറ്റിചുരുണ്ട
ഈ കൊക്കൂണിൽനിന്ന്
അമ്മ ഒരു ചിത്രശലഭമായി പറന്ന്,
നിത്യഹരിതവനസ്ഥലിയിൽ എത്തി
പാറിക്കളിക്കട്ടെ,
"വിളിക്കണേ
വേഗം വിളിക്കണേ"

(ഡിസംബര്‍ 2013)

3 comments:

  1. പ്രാർത്ഥനയുടെ രക്ത ഗ്രൂപ്പ്‌ അമ്മ പോസിറ്റീവ് ആകട്ടെ

    ReplyDelete
  2. നിസ്സഹായ വാര്ധക്യങ്ങളെ കണ്ടിട്ടുണ്ടോ ബൈജു

    ReplyDelete
  3. കാണുവാൻ ഞാൻ എന്റെ യാത്രയിലാണ് എന്നാലും മരണം വര്ധക്യതിന്റെ കുത്തക അല്ല എന്നുള്ളതാണ് ആശ്വാസം

    ReplyDelete