Tuesday, 5 November 2013

എനിക്കു് നിന്നോടു പറയാനുള്ളത്

ഒരു കുഞ്ഞു സൂര്യനുണ്ടെന്റെയുള്ളിൽ ശ്യാമ-
മേഘമായ് നീ മറയ്ക്കായ്ക.
പുഷ്പസുഗന്ധിയാം കാറ്റു ഞാൻ വന്മല-
യായി നീ മാറാതിരിക്കൂ.

പൊട്ടിവിരിയുവാൻ വെമ്പുന്ന  മൊട്ടു ഞാൻ
തല്ലിക്കൊഴിക്കാതിരിക്കൂ.
മാരിവില്ലിൽ പൂത്ത വർണ്ണമാകുന്നു ഞാൻ
ഇരുളായ് വിഴുങ്ങാതിരിക്കൂ.

തേനുണ്ടുപൂക്കളിൽ പാറും ചിറകോലു-
മഴകെന്നു നീയെന്നെയറിയൂ.
കൗതുകം തെല്ലൊന്നു മങ്ങിയാൽ പത്രങ്ങൾ
പിച്ചിപ്പറിക്കാതിരിക്കൂ.

നിന്നെ നോക്കിപ്പുഞ്ചിരിക്കുന്ന പൂവു ഞാൻ
നുള്ളാതിരിക്കൂ ദലങ്ങൾ.
നിൻന്മനം തേടുന്ന സംഗീതമാണു  ഞാൻ
 വാതിൽ വലിച്ചടയ്ക്കായ്ക.

ജന്മങ്ങളായി ഞാനൊഴുകുന്നു പുഴയായി
നിൻ പ്രേമസാഗരം തേടി.
നീ തിരസ്കാരത്തിൻ കന്മതിൽ കൊണ്ടതു
വഴിതിരിച്ചീടായ്ക  ദൂരെ

നിൻ വഴി കാക്കും വെളിച്ചമാകുന്നു ഞാൻ
ഊതിക്കെടുത്താതിരിക്കൂ.
ഒരു കനലായ് നിന്നിലെരിയുന്നു ഞാൻന്നിന്നിൽ
 കണ്ണീർ നിറയ്ക്കായ്കയെന്നിൽ.




4 comments:

  1. Penned from the heart, expressing the true feeling of attachment. Keep it up Geeta

    ReplyDelete
  2. നന്നായിരിക്കുന്നു. വൃത്തത്തിൽ സ്വയം തളച്ചിടാതെ പുതിയ സാധ്യതകൾ തേടി നോക്കൂ..

    ReplyDelete
  3. ശ്രമിക്കാം സുരേഷ്

    ReplyDelete