Wednesday, 23 January 2013

ജ്ഞാനവും വിജ്ഞാനവും

ജീവിതത്തിൽ ചില നിമിഷങ്ങളിൽ
നാം വല്ലാതെ വിശുദ്ധീകരിക്കപ്പെടുന്നതായും
ഈശ്വരനോളമുയർന്നതായും (അതോ താഴ്ന്നതായോ!?)
നമുക്കു തോന്നാറില്ലേ?

ആ നിമിഷങ്ങൾ പലപ്പോഴും
നാം ആരോടെങ്കിലും
ഹൃദയപൂർവ്വം ക്ഷമിക്കുന്നതോ,
വിലപ്പെട്ടതോ പ്രിയപ്പെട്ടതോ ആയ എന്തെങ്കിലും
നിറഞ്ഞ മനസ്സോടെ
ആർക്കെങ്കിലും നൽകുന്നതോ,
അത്യന്തം സ്വയം അപമാനിക്കപ്പെട്ടുകൊണ്ട്
മറ്റൊരാളുടെ ഉയർച്ചക്കു കാരണമാകുന്നതോ
ആയ നിമിഷങ്ങളായിരിക്കാം......

വെട്ടിപ്പിടിച്ചതോ , കവർന്നെടുത്തതോ,
കാത്തു വച്ചതോ, പകപോക്കിയതോ
നമ്മിൽ സ്വയംനിന്ദ ജനിപ്പിച്ചേക്കാം ചിലപ്പോൾ.
കുറച്ചു കൂടി വളർന്നാൽ അതും
നിസ്സംഗതയോടെ നോക്കിക്കാണാം നമുക്ക്
 

Sunday, 13 January 2013

കാഴ്ച്ചയ്ക്കപ്പുറം

കാഴ്ച്ചയ്ക്കപ്പുറം

തന്ത്രികൾ അഴിഞ്ഞേപോയ
എന്റെ മൺ വീണ
മടിയിലിരുത്തി,നീ
തേഞ്ഞ വിരലുകൾ കൊണ്ട്
മീട്ടിപ്പാടുമ്പോൾ,
തീരാത്ത നോവുകൾ
പൂവുകളായ് മാറുന്നതും,
അനുരാഗത്തിന്റെ മഴവില്ലുകൾ
അവയിൽ തെളിഞ്ഞു മായുന്നതും കണ്ടില്ലേ!
ശൃതിലയതാളമാർന്ന രാഗവീചികൾ
പൂമ്പാറ്റകളായ്
ചുറ്റും പെയ്തിറങ്ങുന്നത്
കണ്ടില്ലേ!

കരിന്തിരി പുകയുന്ന
ഈ മൺ വിളക്കിൽ
നീ പകർന്ന സ്നേഹം
പുനർജന്മമായിരുന്നു.
എന്നാൽ ,
മുനിഞ്ഞു കത്തി   തെളിഞ്ഞു നിൽക്കുമ്പോൾ
ആരും അറിഞ്ഞിരുന്നില്ല
എന്റെ കുഴിമാടത്തിന്മേലായിരുന്നു
അതു എരിഞ്ഞിരുന്നതെന്ന്.

ഇത്തിരിക്കാഴ്ചവട്ടത്തിനപ്പുറത്തേക്ക്
കണ്ണു നീളാത്തവർ  നമ്മൾ.
ഒരു മിഴിനീർത്തുള്ളിക്കു പിന്നിൽ
ഒരു കണ്ണീർ ക്കടലുതന്നെ
ബാഷ്പമാക്കിയ
കനൽച്ചൂടറിയാത്തോർ,
തിരുമുറിവുകൾക്കു പിന്നിൽ
കീറിപ്പറിഞ്ഞ
മനസ്സു കാണാത്തവർ,
ഓരോ മഴത്തുള്ളിക്കുമുള്ളിൽ
ഭൂമിയുടെ വേവു കാണാത്തവർ.


Sunday, 6 January 2013

നിള*

നിള

നിളയെന്ന പേരാണെനിക്ക്,
നീല നിറമായിരുന്നന്നെനിക്ക്.
സ്നേഹാർദ്രമായി കൈത്തണ്ടിൽ തുടിക്കുന്ന
നീലഞരമ്പുകൾ പോലെ,
കാടിന്റെ നെഞ്ചിലെ നീരുറവിൽ നിന്നു
കൈവഴിയായ് ഞാൻ പിറന്നു.
കണ്ണീരു ചിന്നിയ പോലെ , നിലാവിന്റെ
ചില്ലു ചിതറിയ പോലെ,
നോവും കരച്ചിലും കയ്പും മധുരവും
നെഞ്ചിലൊളിപ്പിച്ചിരുന്നു.
പൊട്ടിച്ചിരിയായ് ചിതറി, ചിലമ്പുന്ന
പാദസ്സരങ്ങൾ കിലുക്കി,
കാറ്റിന്റെ കൈകളിൽ കൈ കോർത്തു രാക്കിളി-
പ്പാട്ടിലലിഞ്ഞു ഞാൻ  തേങ്ങി.
കർക്കിടകത്തിൽ കയർത്തും, തുലാക്കോളിൽ
ആകെ മദിച്ചും വിയർത്തും,
ചിങ്ങപ്പുലരിയിൽ വീണ്ടും തെളിഞ്ഞുമെൻ
ശാലീനരൂപം ധരിച്ചും,
ഭാവഭേദങ്ങൾ പകർന്നാടി യീവിശ്വ
 വേദിയിൽ നാട്യം തുടർന്നു.

നിളയെന്ന  പേരെനിക്കിന്നും.
നീലനിറമില്ലെനിക്കിന്നു തെല്ലും.
കുളിരും നിലാവും കരം കോർത്തു മേളിച്ച
തീരങ്ങൾ തീരാവ്രണങ്ങൾ.
ചലവും  പഴുപ്പും നിറഞ്ഞീച്ചയാർക്കുന്ന
മുറിവാണു ഞാനിന്നു ഭൂവിൽ.
മാന്തുന്നു വീണ്ടുമീമുറിവിലൂടെ യന്ത്ര
ഹസ്തങ്ങൾ തീരാത്ത വെറിയാൽ.
തുമ്പികൾ പാറാത്ത, മിന്നാമിനുങ്ങുകൾ
മിന്നിത്തിളങ്ങാത്ത തീരം.
മണലില്ല തീരത്തു ജലമില്ലമാറത്തു
വിഷമാണു വടുകെട്ടി നില്പൂ.
നിളയെന്ന പേരിന്റെ നേരോ,
തെളിവാർന്നൊരുയിരിന്റെ ചൂരോ,
ചേരാതെ 'പെൺകരി'യാടുന്നു ഞാൻ,  നിങ്ങൾ
മൃത്യുവെന്നെന്നെ വിളിയ്ക്കൂ.
നിളയല്ല ഞാനിനിമേലിൽ
നീലനിറമില്ലെനിക്കിന്നു തെല്ലും.

                                                                        (ജനുവരി 2013)