Friday, 7 December 2012

ദൂരം

ദൂരം

ചിരമോഹനിദ്രയിൽ മുഴുകുമെൻ പ്രജ്ഞയ്ക്കു
കരയൊന്നു കയറുവാനെത്രകാലം!
ചിതറുമെന്നോർമ്മകൾക്കുണർവ്വിന്റെ നറുനിലാ-
ത്തെളിയിലേയ്ക്കെത്തുവാനെത്ര കാതം!

ശരിതെറ്റു ചേറിത്തിരിക്കാതെ ഞാനെന്റെ
കൺ വെളിച്ചത്തിന്റെ കുഞ്ഞുവട്ടം
വഴികാട്ടൂമോരടിപ്പാതയിൽ  നിൻ നിഴൽ
പിൻ ചെന്നു പിന്നിട്ടതെത്രദൂരം!

ചെറുവിരൽ ത്തുമ്പിന്റെ പിടി വിടാതെത്രയോ
ജന്മങ്ങൾ നിന്നു ഞാൻ നിന്റെ ചാരെ!
കനവെന്നറിഞ്ഞപ്പൊളിമചിമ്മിയുണരാതെ,
 മിഴിനിറഞ്ഞൊഴുകാതെ കാത്തുവച്ചു.

നിന്റെ ചൈതന്യമാം നിറതിങ്കളിൽ നിന്നു-
മൊഴുകിപ്പരന്നു ഞാൻ ഭൂമിയാകെ.
നീഹാരമായി ഞാൻ പെയ്തിറങ്ങീ നിന്റെ
പ്രണയം തുടിക്കും നിശാഗന്ധിയിൽ.

കാറ്റായലഞ്ഞതും,മുകിലായലിഞ്ഞതും
 മഴയായ് പൊഴിഞ്ഞതും നിന്നിലെത്താൻ.
ഇനിയെത്ര കാലമുണ്ടിളവേൽക്കുവാൻ നിന്റെ
പ്രണയമാം തണലിലേയ്ക്കെത്ര കാതം?,


4 comments:

  1. നല്ലകവിത നല്ല വായന സുഖം എന്നാലും എന്താണ് >>> ചേറി

    ശരിതെറ്റു ചേറിത്തിരിക്കാതെ ഞാനെന്റെ????

    ReplyDelete
  2. ഇനിയെത്ര കാലമുണ്ടിളവേൽക്കുവാൻ നിന്റെ
    പ്രണയമാം തണലിലേയ്ക്കെത്ര കാതം?,

    ReplyDelete
  3. ഇനിയെത്ര കാലമുണ്ടിളവേൽക്കുവാൻ നിന്റെ
    പ്രണയമാം തണലിലേയ്ക്കെത്ര കാതം?,

    ReplyDelete
  4. നല്ല വാക്കുകള്‍ നല്‍കി നീ , നല്ല ഭാവന നല്ല അവതരണം nice







    ,,... all the best wishes,,,,..

    ReplyDelete