എന്റെ മിഴികളിൽ ജലകണികകൾ
പെയ്യാൻ വിതുമ്പി നിൽക്കുന്നില്ല.
ഇടനെഞ്ചിലാളിപ്പടരുന്ന
രോഷാഗ്നിജ്വാലയിൽ
അതു വറ്റിവരണ്ടുപോയി.
ഭയത്തിന്റെ വള്ളിപ്പടർപ്പിൽ
കുടുങ്ങിപ്പോയ പേടമാനിനെ
കഴുതപ്പുലികൾ കൂട്ടം ചേർന്ന്
വേട്ടയാടും പോലെ,
അറവുകാരൻ വലിച്ചെറിഞ്ഞ എല്ലിൻ മുട്ടി
തെരുവു നായ്ക്കൾ ചേർന്ന്
കടിച്ചു കീറും പോലെ,
നിണമൊലിക്കുണ ദംഷ് ട്രകളുമായി
ആ പേപിടിച്ച കാട്ടുചെന്നായ്ക്കൾ
നിന്നെ കോർത്തുവലിച്ചു.
നീയെന്റെ മകളല്ല ,നേരനുജത്തിയുമല്ല,
എങ്കിലും എന്റെ ചേതന
നിന്നെ തൊട്ടറിയുന്നു.
നിന്റെ നോവുകൾ
എന്റെ പ്രാണനെ ദഹിപ്പിക്കുന്നു.
ഇരുളിലേയ്ക്കു വേച്ചുപോകുന്ന,
നിന്റെ ജീവന്റെ ഇടറുന്ന ചുവടുകൾ,
കർമ്മവീര്യത്തിന്റെ കരുത്തുനേടി
നിറയുന്ന ചൈതന്യത്തിലേയ്ക്ക്
തിരികയെത്തട്ടെ.
പ്രിയതമയായ കൂട്ടുകാരീ,
ഞാൻ നിന്നെ അറിയുന്നു.
നിന്നിൽ പതിഞ്ഞ മുറിപ്പാടുകൾ,
ചുരത്തുന്ന നിണമൊലിച്ചിറങ്ങുന്നത്,
എന്റെ ഹൃദയത്തിലാണ്.
നിന്നെ നെഞ്ചോടു ചേർത്തു പിടിയ്ക്കാൻ
ഇവിടെ ശേഷിക്കുന്നുണ്ട് ഞങ്ങൾ.
നെറിവിന്റെ അമൃതു വറ്റാത്ത പ്രജ്ഞയുള്ളവർ,
കനിവിന്റെ തേനിറ്റുന്ന കരളുള്ളവർ,
തമസ്സിന്റെ ആഴക്കയത്തിൽ
ഇനിയും പൂർണ്ണമായും ആണ്ടുപോകാത്തവർ.
വിഹ്വലതകളെ കുടഞ്ഞെറിഞ്ഞ്,
നീ ഉദിച്ചുയർന്നു നിലാവ് പരത്തൂ ഇനിയും.