Monday, 9 July 2012

സുമംഗലി

സുമംഗലി

ഇതു വറുതികാലം, എൻ പാടത്തു ഞാൻ വിത-
യേറ്റിയ കിനാക്കൾ കരിഞ്ഞകാലം.
ചിലകാലമൊക്കെ ഞാനിളവേൽക്കുമെൻപ്രണയ
 ശാഖിതൻ തണലും  കൊഴിഞ്ഞകാലം.
ഒരു മരുപ്പച്ച തൻ  നിഴൽ പോലുമില്ലാതെ
പാദങ്ങൾ വേവുന്ന  കെടുതികാലം.
ഹൃദയം പറിക്കുവാനലറും മരുക്കാറ്റി-
ലൊരു ചില്ല തേടിയെൻ ജന്തുസത്വം.
വരളുന്ന കൺകളിൽ പൊടിമണൽ തൂവിയി-
ട്ടോടുന്നു ചിരിയോടെ കർമ്മകാണ്ഡം.
കൺതുറക്കാതെ ഞാൻ കൈകളാൽ പരതവേ
വിധി നേർക്കു നീട്ടുന്നു തപ്ത ലോഹം.
കർമ്മദോഷങ്ങളോ കാളസർപ്പങ്ങളായ്
തീചീറ്റീ നേർക്കുന്നു കഷ്ടകാലം.
ഒരു സാന്ത്വനത്തിന്റെ ചെറു വിരൽ തേടുമെൻ
മനമാകെ മൂടുന്നു ശരമാരിയാൽ.
നിലതെറ്റിയോടവേ പുതയുന്നു പാദങ്ങൾ
ചതിയാം ചതുപ്പിൻ പതുപതുപ്പിൽ.
മരണമേ നിൻ നാമ ജപമാണു തെളിയുന്നു
ചുണ്ടിലും നെഞ്ചിൻ നെരിപ്പോടിലും.
ചിര ചുംബനത്തിന്റെ മുദ്രയെൻ നെറുകയിൽ
ചേർക്കൂ സുമംഗലിയാക്കുകെന്നെ.

                                                                (ആഗസ്റ്റ്‌ 2012)

2 comments: