Tuesday, 3 April 2012

കയ്പ്

"എന്തൊരു കയ്പാണമ്മേ! ഇനി ഞാൻ കുടിക്കില്ല
പോരുമിക്കഷായം." എന്നെന്മകനുരയ്ക്കവേ,
നെറ്റിയിൽ മുകർ,ന്നുണ്ണിത്തുടയിൽ താളം കൊട്ടി,
ചിണുങ്ങും ചിറിക്കോണിലൊലിക്കും കയ്പിൻ തുള്ളി,
സാരിയാൽ തുടച്ചുംകൊണ്ടിത്തിരി കൽക്കണ്ടത്തിൻ
തുണ്ടുകൾ കൈവെള്ളയിൽ വച്ചു ഞാൻ മെല്ലെച്ചൊല്ലീ.

"എത്രയോ കടു കയ്പു കുടിച്ചാളമ്മ! അല്ല ,
കയ്പുനീർ നിറഞ്ഞൊരീക്കടലേ നീന്തീടുന്നു,
കണ്ണുനീർ പോലും കയ്പിൻ ചാലായി ചിറിത്തുമ്പിൽ
നനവേറ്റവേ കുടിച്ചിറക്കി, കൽക്കണ്ടത്തിൻ
തുരുത്തായ് നീയെന്നുള്ളിൽ കുരുത്തു തുടങ്ങയാൽ
തിക്തസാഗരം നറും പാൽക്കടൽ പരപ്പായി.

എങ്കിലും കുഞ്ഞേ നിനക്കമ്മയാണമ്മിഞ്ഞതൻ
കൊതിയിൽ,മധുരത്തിൽ ,വെറുപ്പിൻ ചെന്ന്യായകം
കലർത്തീ ചതിക്കുവാൻ ആദ്യമായ് പഠിപ്പിച്ച
തറിവൂ, മറ്റാർക്കാനും ലാഭമായ് ഭവിക്കുവാൻ.

ഉറങ്ങും മുൻപേ നിനക്കെത്രയോകാതങ്ങളുണ്ട്
ഇനിയും താണ്ടാൻ പിച്ച വച്ചതേയുള്ളു മെല്ലെ!
കടു കാഞ്ഞിരത്തിന്റെ കയ്പു നീരൊപ്പം കാട്ടു
ഞെരിഞ്ഞിൽ കിടക്കയും, കണ്ണുനീർത്തടാകവും
പിന്നിടും വഴികളിലെത്രയോ ചതുപ്പുകൾ,!
പനിനീരിതളിനും പിന്നിലേ മുൾക്കാടുകൾ!

എങ്കിലും പൊന്നോമനേ കുഞ്ഞുകാൽ ചുവടൊന്നു
പിഴച്ചാൽ, കുഞ്ഞിക്കണ്ണിൽ നീർമണിതുളുമ്പിയാൽ
ആധിയാണമ്മയ്ക്കുള്ളിൽ കടലായ് പെരുകുന്നു,
ചൂഴവും കനൽക്കാറ്റിൻ ചൂളമായ് മുഴങ്ങുന്നു.

അറിയാം ,ഒരിക്കൽ നിൻ നെഞ്ചിലെത്താളം മിന്നൽ
പുത്തിടും മിഴിക്കോണിൽ കുടുങ്ങിപ്പിടഞ്ഞിടും,
ആദ്യരാഗത്തിൻശ്രുതി മീട്ടവേ ഹൃത്തന്ത്രികൾ
മുറുകിപ്പൊട്ടി ചുടുചോരവാർന്നൊലിച്ചിടും,
പിന്നെയും കാലം പോകെ നീതന്നെയാകും
മറ്റൊരുണ്ണിതൻ നാവിൽ നറുംതേൻകണമിറ്റിച്ചിടും.

മകനേ കഷായമല്ലമ്മതൻ ഹൃദയത്തിൻ
സങ്കടക്കടൽ വാറ്റിയെടുത്തോരമൃതമാം,
മധുരംതന്നും രക്തകുങ്കുമമണിയിച്ചും
പൊരുതാനല്ലോ നിന്നെ സജ്ജനാക്കുന്നു കുഞ്ഞേ.
വർത്തമാനത്തിൻ മൂർച്ച നിന്റെ നെഞ്ചകം കുത്തി-
പ്പിളർക്കും മുൻപീ കനൽത്തുള്ളികൾ കുടിക്ക നീ.

                                                                   (മാര്‍ച്ച്‌ 2012)

4 comments:

  1. ഇഷ്ടപ്പെട്ടു.. :)

    ReplyDelete
    Replies
    1. മടി തന്നെ, പിന്നെ പൊതുവെ കവിതയോട്‌ താൽപര്യം കുറവാണു. എനിക്ക്‌ വഴങ്ങില്ല.

      Delete
  2. ഒരു നല്ല കവിത വായിച്ചു..നന്ദി

    ReplyDelete