Thursday, 23 February 2012

യാത്ര

പടിയിറങ്ങുന്നു പ്രിയസഖീ കണ്ണുനീർ-
ച്ചാലുണങ്ങിയ നിൻ മുഖം നോക്കാതെ.
പാതി ചാരിയ വാതിലിൻ പിന്നിൽ നിൻ
നെഞ്ചകം പിടയ്ക്കുന്നതും കേൾക്കാതെ....

എത്ര സന്ധ്യകൾ പിന്നിട്ടൂ നാം നട-
ന്നടിയളന്നുള്ളൊരീ വഴിത്താരകൾ,
സ്നേഹ സാന്ത്വനം പങ്കിടാൻ തെല്ലിള-
വേൽക്കുവാൻ വന്നൊരാമ്പൽ കുളങ്ങര,
മിഴികളിൽ മനം തേടി സ്വയം മറ-
ന്നന്നു നാം നിന്ന പുത്തിലഞ്ഞിത്തറ,
പിന്തിരിഞ്ഞൊന്നു നോക്കാതെ നിൽക്കാതെ
പോകയാണു ഞാനോമനേ നേരമായ്.

ശ്യാമ നീല വനങ്ങൾ കടന്നു വെൺ-
മഞ്ഞുറങ്ങുന്ന ശൈലങ്ങൾ പിന്നിട്ടു,
ദൂരെ സാഗര വീചികൾക്കപ്പുറം,
നീലവാന യവനികയ്ക്കപ്പുറം,
പോകയാണെന്റെയോമനേ നേരമായ്
പിൻവിളിയ്ക്കാതെ യാത്ര തന്നീടുക.

2 comments: