നിന്റെ മൗനം എന്നിൽ വർദ്ധക്യത്തിന്റെ ചെതുമ്പലുകൾ കിളിർപ്പിക്കുന്നു
കാഴ്ചകളെ പിൻവലിച്ച്
നീ ആന്ധ്യം വരിക്കുമ്പോൾ
മഴവില്ലുപോൽ പൊലിഞ്ഞു പോകുന്നു
എന്റെ രൂപഭംഗി.
നീ ബധിരനാകുമ്പോഴാകട്ടെ
വാക്കുകൾ
എന്റെ ബോധത്തിൽ നിന്ന് കുതറി
പാതാളത്തിന്റെ താഴ്ചകളോളം പോയൊളിക്കുന്നു.
ചർമ്മത്തിന്റെ സ്നിഗ്ദ്ധതയ്ക്കുമേൽ നീ നിരാസക്തിതിയുടെ മരവിപ്പു പുതയ്ക്കുമ്പോൾ
ഞാൻ ശിലയായ് ഉറഞ്ഞു പോകുന്നു.
രസനയും ഗന്ധവും
നീ ഛേദിക്കുമ്പോൾ
എന്റെ ശരീരം
നിരാർദ്രമായി,
നിർഗന്ധമായി
വെയിലുറഞ്ഞ ശിലാഖണ്ഡമാകുന്നു.
മമതകളിൽ നിന്ന്
നീ മുക്തനാകുമ്പോൾ
ഗ്രീഷ്മജ്വാലകൾ നക്കിയ
മുണ്ഡിതവനമാകുന്നു ഞാൻ.
എന്റെ സംവത്സരങ്ങൾ
മീനം മാത്രമായും
ദിനങ്ങൾ മധ്യാഹ്നം മാത്രമായും
മാറ്റിയെഴുതപ്പെടുന്നു.
ഭസ്മം പറക്കുന്ന ചുടല
എന്റെ ശരീരമാകുന്നു.
(വ്യാ)മോഹങ്ങൾ
നരകദാഹത്തിന്റെ ഗർത്തങ്ങളും .
ശേഷിക്കുന്ന മിന്നാമിന്നിക്കണിക ഊതിയൂതി
കാട്ടുതീ പോലെ
പച്ച തെളിച്ചു പടർത്താൻ
എന്നോട് പറയാതിരിക്കൂ.