സമാധാനത്തോടെ മരിക്കണമെങ്കിൽ കടങ്ങളെല്ലാം വീട്ടിത്തീർക്കണം
മൂന്ന് ഉമ്മകളുടെ കടമുണ്ട് നിന്നോട്
പലപ്പോഴായി പല തരത്തിൽ തന്നു തീർത്തതാണ്.
മൂന്നിന് പകരം മൂവായിരമെങ്കിലും കാണും.
ചിലപ്പോൾ അതിനും മേലേ.
കയ്യിൽ കിട്ടുന്ന നേരത്തൊക്കെ സ്വരൂപിച്ച് വച്ച് പലതവണകളായിത്തന്നതാണ് .
തിരികെച്ചോദിക്കാനും
വീടുകയറി വിരട്ടാനും നീ വന്നില്ല.
കഴിയുമ്പോഴൊക്കെ പറ്റുന്നതു പോലെ
മടക്കിത്തന്നിരുന്നത് നിനക്കും അറിയുമല്ലോ
തന്നവയൊന്നും തിരികെ തരികയാണെന്ന് തോന്നിയതേയില്ല
നിനക്ക് വേണമായിരുന്നു
പലപ്പോഴും.
ചിലപ്പോഴൊക്കെ
എന്റെ കയ്യിൽ ഉണ്ടായിരുന്നു.
അത്ര മാത്രം
ഉമ്മകൾ മിച്ചമുണ്ടാവുകയില്ലല്ലോ
ചില പ്രത്യേക നിമിഷങ്ങളിൽ
ഒന്നിനു പിറകേ ഒന്നായോ
കൂട്ടത്തോടെയോ വിരിഞ്ഞു വരികയാണ്.
മണ്ണിനടിയിൽ നിന്ന് ഈയാമ്പാറ്റകൾ വരുന്ന പോലെ
അത്രമേൽ വാത്സല്യം കവിയണം
അനാസക്തമായ ഉമ്മകൾ പൂക്കണമെങ്കിൽ.
സ്റ്റേഹത്തിന്റെ ഇളം മധുരം
മുലപ്പാൽപ്പതപോലെ കിനിയണം.
നിന്നെയോർമ്മിക്കുമ്പോഴെല്ലാം
മുല ചുരക്കുന്നുവല്ലോ!
മുലപ്പാൽ നനവിൽ
നിറയെ നിറയെ ഉമ്മകൾ മുളച്ചുപൊന്തുന്നു.
നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവ,
കരുതി വയ്ക്കാനാവാത്തവ,
കരുതി വയ്ക്കുന്തോറും ആസക്തിയുടെ പുളിപ്പിൽ വീര്യം കൂടുന്നവ.
കൂട്ടി വച്ച് തിരികെത്തന്നവയെല്ലാം
പുളിച്ചു വീര്യം കൂടിയവയായിരുന്നോ.
ദന്തക്ഷതങ്ങൾക്കു
സീൽക്കാരങ്ങൾക്കും
പെരുമ്പറ കൊട്ടുന്ന നെഞ്ചിടിപ്പിനുമൊപ്പം
കുത്തിയൊലിച്ചു വന്നവ?
പോരാൻ നേരം,
നിദ്ര കൺപോളകളെയെന്ന പോലെ
മെല്ലെ ചേർത്തണച്ച്
നീ തന്ന
അതീവലോലമായ മൂന്ന് ഉമ്മകൾ.
കവിളരികിൽ
ചുണ്ടിന്റെ നേർത്ത കോണിൽ
അപ്പൂപ്പൻ താടിപോലെ പറ്റി നിൽക്കുന്നുണ്ടിപ്പഴും.
കടത്തിൽ മരിച്ചാലോ?
അസംഖ്യം
പൂമരങ്ങളായ് രൂപാന്തരം പ്രാപിച്ച്
നീ നടക്കുന്ന വീഥികളിൽ
പുനർജ്ജനിക്കും ഞാൻ.
പൊഴിഞ്ഞു വീഴുന്ന
ഇതൾച്ചുണ്ടുകൾ കൊണ്ട്
നിന്നെ ഉമ്മവച്ചു കൊണ്ടേയിരിക്കാൻ.