Wednesday, 15 June 2016

വിലാപങ്ങൾ

വിലാപങ്ങൾ

മുഖമുയർത്തി ആകാശത്തിന്റെ ഉയരങ്ങളിലേക്കും
മിഴികൾ താഴ്ത്തി പാതാളത്തിന്റെ ആഴങ്ങളിലേക്കും ഞാൻ നോക്കി.

ആത്മാവിനു മേൽ വന്നു മൂടുന്ന   ചെതുമ്പലുകൾ.
അടരുകൾക്കുമേൽ അടരുകളായി
നിമിഷം തോറും കനക്കുന്ന
സങ്കടങ്ങൾ.

ഇലകൊഴിഞ്ഞ ശാഖകളും
ചിതലരിച്ച തായ്ത്തടിയും
ദാഹിച്ചു ചുണ്ടു പൊട്ടിയ വേരുകളും.

ഒരു പൂക്കാലം എന്നെങ്കിലും ഉണ്ടായിരുന്നതിന്റെ
ഇതൾബാക്കികൾ ഒന്നുമില്ല.

ശാഖോപശാഖകളിൽ പടർന്നു കയറിയ ഇത്തിൾക്കണ്ണികൾ 
യഥാകാലം
പച്ചയുടെ നീരോട്ടം തേടി
കുടിയേറി മറഞ്ഞിരിക്കുന്നു.
കാക്കക്കാലിനു തണലില്ലാത്ത
ചില്ലകളിൽ
ഒരു തൂവൽ ഇക്കിളിയാക്കിയ കാലവും മറന്നു

ഒരു മഴ പൊഴിഞ്ഞിരുന്നെങ്കിൽ!
വീണ്ടും തളിർക്കുമെന്ന് കൊതിച്ചല്ല
പൊഴിയുന്ന മഴയത്രയും
ശരീരത്തിൽ ഗർഭം ധരിച്ച്
വേദനയാൽ പുളഞ്ഞ്
തകർന്നടിഞ്ഞ്
അവസാനിക്കാനാണ്.
വേനൽ വരട്ടിയുണക്കുന്നതിനെ നിലംപരിശാക്കാൻ
മഴ തന്നെ കനിയണം.

ഈർച്ചവാളിനറുക്കുന്ന പോലെ
മെലിഞ്ഞ ചുള്ളിക്കെകൾക്കിടയിലൂടെ  അങ്ങോട്ടുമിങ്ങോട്ടും കടന്ന് 
കാറ്റ് മടുക്കുമ്പോൾ
അതിനൊളിച്ചിരിക്കാൻ
ഒറ്റയിലയുടെ നിഴൽ പോലുമില്ലല്ലോ

പഴയ സങ്കേതം തേടിവന്ന ദേശാടനക്കിളികൾ
വഴിപിഴച്ചോ എന്ന് തമ്മിൽ നോക്കി
ദിശ മാറ്റി.

എല്ലാ അപമാനങ്ങളുടെയും
ആധികളുടെയും
സൂക്ഷിപ്പുകാരാ
നിർബന്ധമായും
സൂക്ഷിക്കാൻ 
കെട്ടിയേല്പിച്ച മുതൽ
പലിശയക്കം
എത്രയോ മടങ്ങ് തിരികെ നൽകിയിരിക്കുന്നു.
സ്വീകരിക്കാൻ കൂട്ടാക്കാതെ 
അത്യാഗ്രഹിയായ
പലിശക്കാരനെപ്പോലെ
നീ പെരുമാറുന്നതെന്ത്?
പെരുകുന്ന മൂലധനം താങ്ങാനാവാതെ
എന്റെ നിലവറകൾ
തിങ്ങിനിറയുന്നു.
അതിമർദ്ദം മൂലം
ഖജനാവിന്റെ ഭിത്തികൾ തകരുന്നു
ഇത് മടക്കി വാങ്ങിയാലും.

അടയിരുന്നിട്ടും
പൊട്ടി വിരിയാതെ
ചീഞ്ഞുപോയ മോഹങ്ങളുടെ
ശിശു പ്രേതങ്ങളാണ് ചുറ്റും.
ചാപിളളകളുടെ വിലാപങ്ങൾ!
ഇഴഞ്ഞു നടക്കുകയും
ഉയർന്നുപറക്കുകയും ചെയ്യുന്ന കരച്ചിലുകൾ,
മുൻകാലുകൾ വായുവിലുയർത്തി
തല കുടഞ്ഞു ചീറുന്ന
സാഹസക്കനവുകൾ,
ജരബാധിച്ചു കടപുഴകിയ മരച്ചില്ലകളിൽ
വസന്തം വിടർത്തിയ
പ്രണയസ്വപ്നങ്ങൾ,
മഞ്ഞുമലകൾക്കും മുകളിൽ
കൊടുങ്കാറ്റും തിരമാലകളുമുയർത്തിയ
കാമത്തിന്റെ ജ്വാലകൾ,

ഗർഭത്തിൽ ചത്തൊടുങ്ങിയവ,
കാലം തികയാതെ പെറ്റു കൂട്ടിയവ,
ശിശുമാരണങ്ങളാൽ ഒഴിപ്പിച്ചെടുത്തവ.

പ്രേതങ്ങളുടെ ബാലശാപങ്ങൾ !!

വിരലുറയ്ക്കാതെ ഒഴുകുന്ന
കുഞ്ഞുകൈകളിൽ
തൂങ്ങിയാടുന്ന പൊക്കിൾക്കൊടിയിൽ തീർത്ത കൊലക്കുടുക്കുമായി
നീന്തിയും നടന്നുമല്ലാതെ
ഒഴുകുന്ന സൈന്യമായി അവ.

വെളിച്ചത്തിന്റ മുഖപടമണിഞ്ഞ
ഇരുട്ടിന്റെ കാവൽക്കാരാ
ഉയിർത്തെഴുന്നേൽപ്പിന്റെ
ശാപം തീണ്ടാത്ത
ഒരു കുരിശുമരണത്തിന്റെ മുക്തിയെങ്കിലും
എനിക്കുവിധിക്കൂ....

(മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത് )