Monday, 24 August 2015

സ്ത്രീകളും ശിവനും തമ്മിൽ

 സ്ത്രീകളും ശിവനും തമ്മിൽ

     വിവാഹിതരോ അല്ലയോ എന്ന വേര്‍തിരിവ് കൂടാതെ ഏതാണ്ടെല്ലാ സ്ത്രീപുരുഷന്‍മാര്‍ക്കും  മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പ്രണയസങ്കല്‍പം കാണും.
എന്റെ പുരുഷ സങ്കല്പങ്ങളുടെ പരിപൂര്‍ണതയും  പ്രണയസങ്കല്പങ്ങളുടെ സാഫല്യവുമായി ഞാന്‍ കണ്ടിരുന്നത് -കാണുന്നത്- ശിവനെ ആണ്. ശിവന്‍ എന്ന് പറയുമ്പോള്‍  സക്ഷാൽ  ശിവശങ്കരന്‍ തന്നെ ...മതബോധത്തിനുമെത്രയോ മേലെ നില്‍ക്കുന്ന കേവലമായ പ്രണയമാണ് പരമശിവനെ എന്റെ പ്രണയിയായി ഞാന്‍  സ്വീകരിച്ചതിനു പിന്നില്‍ ..അതിനു വൈകാരികമായ അനേകം കാരണങ്ങള്‍ ഉണ്ട് ...അര്‍ദ്ധശരീരം പകുത്തുനല്‍കിയ താഗോജ്ജ്വലമായ അനുരാഗവിശേഷവും, താരപരിവേഷങ്ങളില്ലാത്ത അതിസാധാരണമായ ലളിത ജീവിത ശൈലിയും, വരേണ്യതയുടെ പ്രഭാവലയമില്ലായ്മയും അങ്ങനെ പലതും. പിന്നെ സ്വാഭാവികമായും പൌരുഷം തുടിക്കുന്ന മുഖഭാവവും,  ചലനങ്ങളും, ആകര്‍ഷകമായ ശരീരഘടനയും .പിന്നെ കലാപരമായ മികവ്.സ്നേഹത്തിന്റെ സാഗരഗരിമ .ഇതെല്ലാം ശിവശങ്കരനെ എന്റെ ഇഷ്ടദേവനാക്കി ,പ്രണയത്തോളം എത്തുന്ന  (അല്ല പ്രണയം തന്നെയാണത്)  ആരാധന  ...

ബിരുദാനന്തര പഠനകാലത്താണ് ഈ പ്രണയം മുളച്ചു തുടങ്ങിയത്.മഹാരാജാസില്‍ എം എ യ്ക്ക് പഠിക്കുന്ന കാലത്ത് എറണാകുളത്തപ്പന്‍റെ അമ്പലത്തില്‍ (ടിഡിഎം ഹാളിനടുത്തുള്ള ശിവക്ഷേത്രം) സ്ഥിരം സന്ദര്‍ശകയായിരുന്നു ഞാന്‍ .ബി എഡിനു പഠിക്കുന്ന കാലഘട്ടത്തില്‍ തൃശൂര്‍ വടക്കുന്നാഥന്റെ സന്നിധിയിലും.   വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അദ്ദേഹത്തെ കണ്ടില്ലെങ്കില്‍ ഭയങ്കര നഷ്ടബോധമായിരുന്നു ..ഹിന്ദു സ്ത്രീകള്‍  അനുഷ്ഠിക്കുന്ന എല്ലാ ആചാരങ്ങളും, ശുദ്ധ വൃത്തികളും നോക്കിത്തന്നെയാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നതും..അത്  ജന്മം കൊണ്ട് അന്യമതസ്തയായിരുന്ന എന്റെ കരുതല്‍ ആയിരുന്നു.   സഹിഷ്ണുതയുടെ ഭാഗമായി ചെയ്തുപോന്നത്. ശാരീരികം മാത്രമാണ് ശുദ്ധി എന്നോ, ആര്‍ത്തവം സ്ത്രീയെ ആശുദ്ധയാക്കും എന്നോ അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സംവാദങ്ങളില്‍ എന്നും എതിര്‍ചേരിയില്‍ തന്നെയായിരുന്നു താനും .. എന്നിട്ടും അഹിന്ദുവായ ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ എന്റെ ഹിന്ദുസുഹൃത്തുക്കള്‍ ആരും ഒരിക്കല്‍പോലും ഒരെതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല ,വാസ്തവത്തില്‍ അവര്‍ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതിനെ പ്രോത്സാഹിപ്പിച്ചും ഇരുന്നു. വടക്കുന്നാഥക്ഷേത്രത്തിലെ കരിങ്കല്ലുപാകിയ  പ്രദക്ഷിണവഴികള്‍ ഇന്നും എനിക്ക് ഗൃഹാതുരത്വം തുളുമ്പുന്ന മധുരോദാരസ്മരണയാണ്.. വിവാഹത്തിന് ശേഷവും ഞാന്‍ ഇവിടെ പള്ളിക്കൂടത്തിനടുത്തുള്ള അമ്പലത്തിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും ഒക്കെ പോയി തൊഴുതിട്ടുണ്ട്.. പോകെപ്പോകെ ചില മുറുമുറുപ്പുകള്‍ സ്നേഹബുദ്ധ്യാ എന്നാ ഭാവേന ഉള്ള ഉപദേശങ്ങള്‍ ഒക്കെ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കേട്ടുതുടങ്ങി . 'അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല' എന്ന എഴുത്തുകൾ ക്ഷേത്ര കവാടങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഞാന്‍ ക്ഷേത്രദര്‍ശനം അവസാനിപ്പിച്ചു.. ഭയന്നിട്ടല്ല,  ഒരു മതാന്തരവൈരത്തിന്   കാരണമാകേണ്ട എന്ന് കരുതി.പക്ഷെ ഞാന്‍ തമാശ കലര്‍ത്തി എന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു നിങ്ങള്‍ ഭഗവാനെ തൊഴാന്‍ എന്നെ പുറത്തുനിര്‍ത്തി ക്ഷേത്രത്തിലെത്തുമ്പോൾ അങ്ങേര് യഥാര്‍ത്ഥ ഭക്തയെ തിരഞ്ഞ് മതില്‍ക്കെട്ടിനു പുറത്ത് എന്റെസമീപം എത്തിയിട്ടുണ്ടാവും എന്ന്. എന്റെ വിശ്വാസത്തിലെ എല്ലാ ഈശ്വരന്മാരും ഭക്തന്റെ അക്രീത ദാസന്മാര്‍ തന്നെ .. കൃഷ്ണന്‍ കുചേലന്റെ പാദസേവ ചെയ്തപോലെ ഏത് ഭഗവാനും ഭക്തന്റെ   പാദദാസന്‍  ആകും.


ഇത്രയും പറഞ്ഞുവന്നത്  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തില്‍ കണ്ടുവരുന്ന ഒരു എഴുത്തു കാരണമാണ്.  ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച ഒരു നിര്‍ദ്ദേശം.  ശിവക്ഷേത്രങ്ങളിലാണ്  പ്രായേണ കണ്ടിരിക്കുന്നത്. 'സ്ത്രീകള്‍ പന്ത്രണ്ടുരാതി കഴിഞ്ഞേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവൂ' എന്നാണ് ആ നിര്‍ദ്ദേശത്തിന്റെ സാരം.  മനസ്സിലാവാത്തവര്‍ക്ക് വേണ്ടി വിശദമാക്കാം .. സ്ത്രീകളുടെ ആര്‍ത്തവചക്രം ഒരു ചാന്ദ്രമാസം ആണ് (28 ദിവസം)  അപ്പോള്‍ ആര്‍ത്തവം തുടങ്ങി 12 രാത്രി കഴിഞ്ഞേ പെണ്ണുങ്ങള്‍ ശിവദര്‍ശനം നടത്താന്‍ യോഗ്യരാകൂ !!  വിശദമായി അന്വേഷിച്ചപ്പോള്‍ പന്ത്രണ്ടു രാത്രി മാത്രമല്ലനിര്‍ദ്ദേശം.   ആര്‍ത്തവചക്രംതീരുന്നതിനു 7  ദിവസം മുന്‍പുവരെ മാത്രവുമേ പ്രവേശനമുള്ളൂ എന്നറിഞ്ഞു.  അതായത് ഒന്നാം തിയതി ആര്‍ത്തവം തുടങ്ങിയാല്‍ 13 മുതല്‍  21 വരെ മാത്രം ....സ്ത്രീയുടെ ആര്‍ത്തവചക്രത്തിലെ സഫലകാലം എന്ന് വിളിക്കപ്പെടുന്ന സമയം .ഗര്‍ഭം ധരിക്കാന്‍ ഏറ്റം കൂടുതല്‍ സാധ്യതയുള്ള സമയം ..ലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ കാലം തന്നെ നിശ്ചയിച്ചത് ആരുടെ തന്ത്രമോ കുതന്ത്രമോ?  ശിവരേതസ്സല്ലേ  പ്രയോജനകരമായി  ഭവിക്കട്ടെ എന്നാവും!! എന്തായാലും പാവം ശിവന്‍ ഇതൊന്നും അറിഞ്ഞിട്ടുകൂടി ഉണ്ടാവില്ല, അതു തീര്‍ച്ച ...പാവം പെണ്ണുങ്ങളുടെ ആര്‍ത്തവ ദിന്നങ്ങള്‍ ഓര്‍ത്തു വയ്ക്കുകയല്ലാതെ മൂപ്പര്‍ക്ക്  വേറെഎന്തൊക്കെ ജോലികാണും!!  പാര്‍വതിയുടെ ചക്രം പോലും അദ്ദേഹം ഓര്‍ക്കുന്നുണ്ടോ ആവോ?
ആര്‍ത്തവ കാലത്തേ അശുദ്ധിയെക്കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധാലുക്കളായ പൂര്‍വികര്‍ അവര്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുവാന്‍ വേണ്ടി വിശ്വാസത്തിന്റെ, മതത്തിന്റെ ബാഹ്യാവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതാവും ...ഇന്നത്തെപ്പോലെ ഒട്ടിക്കുന്നതും പറ്റിക്കുന്നതും ഒന്നും നിലവിലില്ലാതിരുന്ന കാലത്ത് നേരെചൊവ്വേ ഒരു പഴന്തുണി പോലും ഒരുപക്ഷെ കിട്ടാനില്ലായിരുന്ന കാലത്ത്  വിശ്രമം കിട്ടട്ടെ പാവം പെണ്ണുങ്ങള്‍ക്ക് എന്ന് കരുതി വിധിച്ച അശുദ്ധിയുടെ സങ്കല്പം ഇന്നെവിടെ എത്തിനില്‍ക്കുന്നു?
പാവാടയോ, സാരിയോ, മുണ്ടും വേഷ്ടിയുമോ ഇട്ട നാരീമണികളെ മാത്രമേ ഗുരുവായൂര്‍ കൃഷ്ണന് പിടിക്കൂ എന്ന് കേട്ടിരുന്നു ഒരിടയ്ക്ക് ..ചൂഡിദാര്‍ ധരിച്ചാല്‍  കാലുകള്‍ രണ്ടും വേറെവേറെ ആയിപ്പോകും അത്രേ ,,കഷ്ടം ഇതിലും വലിയ ഒരാഭാസന്‍ ആയി എങ്ങനെ ഭഗവാനെ ചിത്രീകരിക്കും!  മലയാളി പിന്‍നടക്കുകയാണ് എന്ന് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്   ഓരോ മതവിഭാഗവും മത്സരിച്ച്, കാലഹരണപ്പെട്ട അന്ധവിശാസങ്ങളും, അനാചാരങ്ങളും ഈശ്വരന്മാരുടെയും മതങ്ങളുടെയും പേരില്‍ പുനസ്ഥാപിക്കാന്‍ ആരൊക്കെയോ കാണാമറയത്തിരുന്ന്‍ ചരടുകള്‍ വലിച്ചു.  ഇപ്പോഴും അത് തുടരുന്നു..ഹിന്ദുക്കള്‍ പാലിക്കേണ്ട ക്ഷേത്രാചാരങ്ങള്‍ പുസ്തകരൂപത്തില്‍  ധാരാളമായി  ലഭ്യമാകുന്നു .ചന്ദനം തൊടേണ്ടത്, ഭസ്മം തൊടേണ്ടത്,.കുങ്കുമം തൊടേണ്ടത് ഏതു വിരലുകൊണ്ട് ... ഇതൊക്കെയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ ...എത്ര പേരാണെന്നോ അതൊക്കെ വാങ്ങിവയ്ക്കുന്നത് . ഓരോ സമുദായത്തിനും വ്യത്യസ്തമായ സന്ധ്യാനാമ കീര്‍ത്തനങ്ങള്‍,  ചരമഗാനങ്ങള്‍..അങ്ങനെ പോകുന്നു . നമ്പൂതിരിയുടെയും, നായരുടെയും, ഈഴവന്റെയും, പുലയന്റെയും ശിവനും കൃഷ്ണനും വ്യതസ്തരാണോ?
ഇത് ഹിന്ദു മതത്തിന്റെ മാത്രം കാര്യമല്ല ..നാട്ടില്‍ നിലവിലുള്ള എല്ലാ മതങ്ങളും ഇതുതന്നെ ചെയ്യുന്നു ..ആര്‍ക്കുവേണ്ടി എന്നതാണ് ചോദ്യം.
ഭഗവാനുവേണ്ടിയോ വിശ്വാസികള്‍ക്ക് വേണ്ടിയോ അതോ  "നമുക്കും കിട്ടണം പണം" എന്നതോ?

ആര്‍ത്തവം സ്ത്രീയെ അശുദ്ധയാക്കുന്നതെങ്ങനെ? മാതൃത്വത്തിന്  ഒരു സ്ത്രീയെ ഒരുക്കുന്ന ശാരീരികപ്രക്രിയ മാത്രമായി അതിനെ കാണേണ്ടകാര്യമല്ലേ ഉള്ളൂ?  ദേവിമാരുടെ  ആര്‍ത്തവത്തെ ഉത്സവമാക്കി ഘോഷിക്കുന്ന, തീണ്ടാരിത്തുണി പ്രദര്‍ശനവസ്തുവായും പ്രസാദമായും ആഘോഷമാക്കുന്ന പതിവും നമ്മുടെ നാട്ടില്‍ നടപ്പിലുണ്ട്. മനുഷ്യസ്ത്രീയുടെ കാര്യം വരുമ്പോള്‍  എന്തെല്ലാം ചിട്ടവട്ടങ്ങളാണ്! എത്രയെത്ര അരുതുകളും വിലക്കുകളും ആണ്.  ശുദ്ധം ശരീരത്തിനോ മനസ്സിനോ വേണ്ടതെന്ന കാര്യമാണ് ആദ്യം തീരുമാനമാകേണ്ടത്.
എനിക്ക് പറയാനുള്ളത് എത്രയോ കാലം മുന്‍പേ മഹാനുഭാവനായ കവി പറഞ്ഞു വച്ചിരിക്കുന്നു
"ഇന്നലെ ചെയ്തോരബദ്ധം മൂഢർ-
ക്കിന്നത്തെ യാചാരമാവാം
നാളത്തെ ശാസ്ത്രമതാവാം
അതില്‍ മൂളായ്ക സമ്മതം രാജന്‍"

Wednesday, 12 August 2015

അന്ത്യോദകം

അന്ത്യോദകം


കാമമോഹങ്ങളൂയലാടുമെന്നുടലിന്റെ
തൃഷ്ണകൾ പനിച്ചൂടിൽ വിലയിച്ചൊടുങ്ങവേ
ഒന്നെണീറ്റിരിക്കുവാനാവാതെ കിടക്കയിൽ
തീവെയിൽതളർത്തിയ വള്ളിയായ് കിടന്നു ഞാൻ
അർദ്ധസുപ്തിയിൽ,കിനാവായിടാം, ഭ്രമാത്മക
സാന്ത്വനം തേടും ഹൃത്തിന്മോഹദൃശ്യവുമാവാം.
വന്നിരുന്നുവോ ദീനശയ്യയിലെൻപാർശ്വത്തിൽ
ചുള്ളിപോൽ കിടക്കുമെൻ കൈത്തലം തലോടിയോ
ഉമ്മവയ്ക്കുവാനാഞ്ഞിട്ടെന്തു നീ പിൻവാങ്ങി നിൻ
 കൺകളെൻ കവിൾത്തട്ടിൽ ചേർത്തു തെല്ലിരുന്നുവോ

'ആദ്യചുംബനത്തിന്റെ മധുരം പാഴാകുമോ
അർദ്ധബോധത്തിൽ ഞാനതറിയാതിരിക്കുമോ'
നിന്റെ ചിന്തകൾപോലുമെത്രയോസുതാര്യമെ-
ന്നോമനേ പ്രണയമിവ്വിധമാകുമോ തമ്മിൽ!
എത്ര പേമഴകളിൽ, എത്രമഞ്ഞലകളിൽ
തപ്തമാം പരശ്ശതമനിദ്രായാമങ്ങളിൽ
എത്രമേൽ കൊതിച്ചുഞാൻ തണുപ്പിൽ ചൂടും
ചൂടിൽ കുളിരും പകർന്നേകും നിന്റെ ചുണ്ടിണകളെ.
വന്നതേയില്ലാശകൾ തന്നതുമില്ലെൻ കാഴ്ച,
കേൾവിയും സ്പർശങ്ങളുമെത്രമേലനാഥമായ്
ഇന്നു നിൻ കണ്ണിൽ തീർത്ഥജലം, എൻ കൺപോളകൾ
തിരുമ്മിയടയ്ക്കുവാനെന്നപോൽ വിരൽകളും.

എത്രയോ കെടുകാലവർഷസന്ധികൾ താണ്ടി
പ്രണയം ധരിക്കയാൽ വൃദ്ധയായ് നിനക്കൊപ്പം
ഏറെ നല്ലതാം കാലം വരുവാൻ കൊതിച്ചുനാം
എത്തിയതൊടുവിലീദീനശയ്യയിൽ ചിത്രം!
എങ്കിലും നല്ലൂ തമ്മിൽ കയ്ചുപോയിടുംവണ്ണം
തളച്ചീലല്ലൊ ബന്ധപാശങ്ങളാലേ നമ്മൾ
ഓ ർക്കിലെത്രയൊ മെച്ചമിന്നുനിന്മടിയിലെൻ
പഞ്ജരം  വെടിഞ്ഞെത്രശാന്തയായ് വിടചൊല്ലാം
ഇനിയും നൽകാതെ നീ കാത്തുവച്ചതാമാദ്യ
ചുംബനം പകർന്നാലുമന്ത്യചുംബനമായി..

ആഗസ്റ്റ് 2015


Saturday, 8 August 2015

വിശപ്പ്


വിശപ്പാണീയിടെ വലയ്ക്കുന്നതെന്നെ.
എത്ര തിന്നാലും വയര്‍ നിറയുന്നതല്ലാതെ
കത്തലടങ്ങുന്നില്ല.
നേരവും കാലവും നോക്കാതെ
ചാടിവീണ് ആക്രമിക്കുകയാണ്.

അതിനെ കൊല്ലാന്‍
പട്ടിണി കിടന്നു നോക്കി.
അത് ഒളിച്ചിരുന്നു.
അത് തോറ്റെന്നു കരുതി.
ഞാന്‍ വീണ്ടും തിന്നുതുടങ്ങി
പുച്ഛച്ചിരി  ചിരിച്ചുകൊണ്ട്
ആദ്യ അപ്പക്കഷണത്തിനുമേല്‍
അത് ചാടിവീണു.
മല്‍പ്പിടുത്തങ്ങള്‍ വേണ്ടിവന്നില്ല;
എപ്പോഴേ തോറ്റിരുന്നു ഞാന്‍ .

 രാത്രിവിളക്കുകള്‍ അണയുമ്പോള്‍
അതിന്റെ മുരള്‍ച്ച കൂടിക്കൂടിവന്നു.
ചലനങ്ങളില്‍
ഇരപിടിയന്‍ പുലിയുടെ മെരുക്കം,
വചനങ്ങളില്‍
വൃദ്ധകാമുകന്റെ  കൌശലം.

രാത്രികളില്‍  ഉറക്കാതെ
അത് മുക്രയിട്ടുതുടങ്ങി
തോരാമാഴയുടെ കര്‍ക്കിടകത്തില്‍
ചുരമാന്തി അക്ഷമനായി
തീപാറുന്ന മീനത്തില്‍
ചുറ്റും തിളച്ചുതൂവി
മകരക്കുളിരില്‍
വാല് കാലുകള്‍ക്കിടയില്‍ തിരുകി
ഉറക്കം നടിച്ചു.
രാപ്പാതി പോകെ
മാര്‍ജാരപാദങ്ങളില്‍ നടന്ന്,
അജീര്‍ണ്ണം പിടിക്കുന്നത് ഗൌനിക്കാതെ
 എന്തും തിന്നുതുടങ്ങി.

കടമെടുക്കാത്ത തലോടലിന്റെ  ഒരു വറ്റും
ഒരു കണ്ണീര്‍ത്തുള്ളിയിലെ ഉപ്പും
തണുത്തുപോകാത്ത ഒരുമ്മയും ...
അത്രമതിയായിരുന്നു അതിന്....
ഉണ്ണുന്നവനും വിളമ്പുന്നവരും
അതറിയാതെപോയി !!!