Monday, 19 May 2014

ഉമ്മയുടെ ഭാഷ*

ഉമ്മയുടെ ഭാഷ

ഓരോ ഉമ്മയും ഓരോ പദം.
കോര്‍ത്തുവച്ചാല്‍    ഒരു കവിതയും .
നനുത്ത കുഞ്ഞിക്കാൽവെള്ള
ഉള്ളംകയ്യിൽ വച്ചോമനിച്ച്
നൽകുന്ന ഉമ്മ.
കൈവിരൽത്തുമ്പിൽ ഒട്ടിനിൽക്കുന്ന
 കുഞ്ഞുമ്മ.
വലംകൈകൊണ്ട് ചേർത്തണച്ച്
ഇടംകൈകൊണ്ട് തലോടി
നെറുകയിൽ അണിയിക്കുന്ന
ദീർഘമായ ഉമ്മ.
ഉറങ്ങുമ്പോൾ നെറ്റിയിൽ വീഴുന്ന പൂവുമ്മ.
കണ്ണുനീരൊപ്പുന്ന ചുണ്ടുകളിൽ
ഉമ്മയുടെ 'ലാവണ്യം'.
തുടുത്ത കവിൾത്തടത്തിൽ
അമർന്നു പതിക്കുന്ന
ചുവന്ന ഉമ്മകൾ.
പിൻകഴുത്തിൽ പാറിവീണ്
ചെവിയുടെ പിന്നിലേയ്ക്ക്
അരിച്ചു നീങ്ങുന്ന തൂവലുമ്മ.
കഴുത്തിലൂടെ പടർന്നു
മലമുകളിലേയ്ക്ക് കത്തിക്കയറുന്ന
തീപിടിച്ച ഉമ്മകൾ.
ഇഴഞ്ഞത്തി പുക്കിൾച്ചുഴിയിൽ വീണ്
നനഞ്ഞുപിടയുന്നവ.
കൊടുങ്കാറ്റിന്റെ സീൽക്കാരവുമായി
ആത്മാവിനെ കടപുഴുക്കുന്ന
വന്യമായ ഉമ്മ.
ചുണ്ടിലൂടെ പ്രാണൻ  വലിച്ചൂറ്റുന്ന
ഉമ്മയുടെ ചുഴലിക്കാറ്റ്.


ഒരോന്നും സ്വയം സംസാരിക്കുന്നവ
കാതുകൾകൊട്ടിയടച്ച്
കണ്ണുകൾ പൂട്ടിവച്ച്
നാസാരന്ധ്രങ്ങൾ അടച്ച്
ഹൃദയം മലർക്കെ തുറന്ന്
വിറയാർന്ന വിരൽത്തുമ്പുകൾ കൊണ്ട്
തൊട്ടറിയൂ
ഉമ്മയുടെ ഭാഷ അന്ധരുടേതാണ്.

                                                                  (മെയ് 2014)

Tuesday, 6 May 2014

പെൺപിറപ്പുകൾക്ക് പ്രിയമോടെ



ഒരു സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എത്രമാത്രം ഉയരത്തില്‍ എന്നതാണ് ആ സമൂഹത്തിന്റെ പുരോഗതിയുടെ മാനദണ്ഡം. ഇത് എന്റെ അഭിപ്രായമല്ല .ലോകം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പല മഹാന്മാരും പറഞ്ഞിട്ടുള്ളതാണ് .ഞാനും അതിനോട് യോജിക്കുന്നു. സ്തീത്വം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചു വരുന്ന ഒന്നല്ല അതായത് സ്ത്രീ നൂലില്‍ കെട്ടിയിറക്കിയ ഒരു അഭൌമ വസ്തുവല്ല ഭൂമിയുടെ ഓരോ മണല്ത്തരിയുടെയും സ്പന്ദങ്ങള്‍ അറിഞ്ഞ് ഭൂമിയില്‍ പാദം ചവിട്ടി തന്നെയാണ് അവള്‍ വളർന്നു പുഷ്പിച്ച് സ്ത്രീത്വത്തിന്റെ പരമകാഷ്ഠയായ മാതൃത്വത്തെ പ്രാപിക്കുന്നത് . ഒരു ശിശുവില്‍ നിന്നു പരിപൂർണ്ണ സ്ത്രീയിലേ യ്ക്കുള്ള അവളുടെ വളർച്ച യില്‍ പല പടവുകള്‍ ഉണ്ട് . ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടനവധി പരിണാമങ്ങളിലൂടെ അവള്‍ കടന്നുപോകും . ഈ പരിണാമദശയില്‍ അവള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ് . ശൈശവത്തിലും ബാല്യത്തിലും അവള്‍ എപ്രകാരം സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുതിരുമ്പോള്‍ അവളുടെ സ്വഭാവം. ഒരു പെൺകുട്ടി കടന്നുപോകുന്ന വിവിധ തലങ്ങള്‍ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്താല്‍ അവളുടെ സ്വഭാവത്തിലെ പല വ്യതിയാനങ്ങൾക്കും കാരണം കണ്ടെത്താം

ഒരു പിശുക്കും കൂടാതെ ധാരാളം സ്നേഹം കൊടുത്തു തന്നെ വേണം പെണ്കുുട്ടികളെ വളർത്താ ന്‍. കിട്ടിയത് നൂറിരട്ടിയായി തിരിച്ചുകൊടുക്കാന്‍ അവള്ക്കു സാധിക്കും. മാത്രമല്ല ആശാസ്യമല്ലാത്ത മറ്റു ബന്ധങ്ങളില്‍ ചെന്ന് പെടുവാനുള്ള സാധ്യത വളരെ കുറയുകയും ചെയ്യും. അവളെ അഭിനന്ദിക്കാനും അംഗീകരിക്കാനുമുമുള്ള ചെറിയ അവസരം പോലും നഷ്ടപ്പെടുത്തുകയും ചെയ്യരുത്. വീട്ടില്‍ കിട്ടാത്ത അംഗീകാരം മറ്റെവിടെ നിന്നെങ്കിലും കിട്ടിയാല്‍ അവള്‍ അങ്ങോട്ട്‌ ചായുക തികച്ചും സ്വാഭാവികം . പ്രത്യേകിച്ചും വൈകാരിക വളർച്ച യുടെ ഘട്ടങ്ങളില്‍. നന്നായി സംസാരിക്കുന്നതിനും, പെരുമാറുന്നതിനും, സുന്ദരിയായി നടക്കുന്നതിനും, നല്ല വസ്ത്രം ധരിക്കുന്നതിനും, പഠിക്കുന്നതിനും, കളിക്കുന്നതിനും അവളെ അഭിനന്ദിക്കണം.നീ പെണ്ണാണ് അടങ്ങിയൊതുങ്ങി ഇരിക്കണം നടക്കണം കിടക്കണം എന്ന് അവളെ പറഞ്ഞു പേടിപ്പിക്കരുത്. പെണ്ണായിപ്പോയത് ഒരു വലിയ അപരാധമായിപ്പോയി എന്ന തോന്നല്‍ ഉളവാകുന്ന തരത്തില്‍ ഒരിക്കലും മാതാപിതാക്കള്‍ കുടുംബങ്ങളില്‍ സംസാരിച്ചുകൂടാ.ശരീരവും അതിന്റെ പരിണാമങ്ങളും സ്വാഭാവികമായി ഉൾക്കൊള്ളാനും അഭിമാനിക്കാനും ഉള്ള പരിശീലനം ഒരു പെൺകുട്ടിക്ക് സ്വന്തം വീട്ടില്നി ന്നു കിട്ടിയിരിക്കണം . നാലു ചുറ്റും ലക്ഷ്മണ രേഖകൾ വരച്ച് അച്ഛനും അമ്മയും സഹോദരനും കാവലിരുന്നാൽ അവൾ സുരക്ഷിതയായിയിരിക്കും എന്നത് കേവലം മിഥ്യാധാരണയാണ്. ചുറ്റും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവൾ ബോധവതിയാകേണ്ടത് വളരെ അത്യാവശ്യമാണു്. അതിൽ നിന്നു രക്ഷപ്പെടാൻ ഉതകുന്ന വിവിധ മാർഗ്ഗങ്ങളും അവൾ അറിഞ്ഞിരിക്കണം. ആൺകുട്ടികളോട് ബന്ധം പാടില്ല എന്ന തെറ്റായ അറിവല്ല അവൾക്കു പകർന്നുകൊടുക്കേണ്ടത്; മറിച്ചു് എതിർലിംഗവുമായി സ്ഥാപിച്ചെടുക്കാവുന്ന സൗഹൃദങ്ങളുടെ നല്ല സാധ്യതകളെക്കുറിച്ച്, അത് അവളെ എങ്ങനെ പല അപകടങ്ങളിൽനിന്നു രക്ഷപ്പെടുത്തും എന്ന് അവൾ അറിഞ്ഞിരിക്കണം.

അനാവശ്യവും അനാശാസ്യവുമായ സ്പർശങ്ങളെക്കുറിച്ചും വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ, വിശേഷിച്ച് പെൺകുട്ടികൾ ബോധവതികൾ അവേണ്ടതുണ്ട്.അതു ആരിൽനിന്നായാലും അച്ഛൻ, ചേട്ടൻ, അമ്മാവൻ.,അധ്യാപകൻ, മതാധ്യക്ഷന്മാർ അങ്ങനെ ആരിൽനിന്നായാലും അതു അമ്മയോടു പറയാൻ ഉള്ള പരിശീലനം കൊച്ചുകുട്ടികൾക്ക് പോലും കിട്ടിയിരിക്കണം.
അരുതാത്ത ഒരു ചെറിയ സ്പർശം പോലും ഒരു പെൺകുട്ടിയിൽ വൈകാരികമായ വലിയ ആഘാതങ്ങൾക്കു കാരണമാകും. ലൈംഗിക ചുവയുള്ള സ്പർശം പിന്നീട് അവളിൽ ഒരുപക്ഷെ ലൈംഗികതയോടുള്ള അമിതമായ വിരക്തിയായോ അല്ലെങ്കിൽ അമിതമായ ആസക്തിയായോ മാറാം. രണ്ടും ഒരുപോലെ അപകടകരമാണ്. ഒരു സാധാരണ വിവാഹജീവിതമോ ലൈംഗിക ജീവിതമോ നയിക്കുന്നതിൽ അവൾ തീർത്തും പരാജയപ്പെടും. ഇനി വിവാഹവും ലൈംഗികതയും ഒഴിവാക്കിയാൽതന്നെ ഒരു സാധാരണ ജീവിതം തന്നെ നയിക്കാൻ അവൾക്കു കഴിയില്ല. സമൂഹത്തിലെ ഒരു പുരുഷനോടും മേലിൽ നോർമൽ ആയിപ്പെരുമാറാൻ അവൾക്കു സാധിക്കില്ല.

കേവലം നൈമിഷികമായ, വന്യമായ, ക്രൂരമായ, ആനന്ദത്തിനായി ചെലവഴിക്കുന്ന നിമിഷങ്ങൾ ഒരു മനുഷ്യവ്യക്തിയുടെ അവളുമായി ബന്ധപ്പെട്ട എത്രയോ മനുഷ്യാത്മാക്കളുടെ ജീവിതം താറുമാറാകാൻ കാരണമാകുന്നു?! നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സ്ത്രീയോ പെൺകുട്ടിയോ ആക്രമിക്കപ്പെടുന്നത് അവളുടെതന്നെ കുറ്റമായി കണക്കാക്കപ്പെടുന്നു!! അവളുടെ വസ്ത്രധാരണം, ശരീരത്തിന്റെ ആകൃതി, സംസാരരീതി, നോട്ടം, ശരീരഭാഷ, എന്നുവേണ്ട മാതാപിതാക്കളുടെ തൊഴിൽ, കുടുംബപ്പേര്, സഞ്ചരിക്കുന്ന സമയം, സ്ഥലം എല്ലാം ആക്ഷേപവിഷയമാകുന്നു.അല്ലാതെ അവളോടു മോശമായി പെരുമാറിയവൻ അല്ല കുറ്റക്കാരൻ. !!! പുരുഷൻമാർ അങ്ങനെയൊക്കയാണ് എന്ന നാറിയ ന്യായീകരണം ആദ്യം നിരത്തുന്നത് കുറേ പൂതനകൾ തന്നെയാണ് എന്ന് ഖേദപൂർവ്വം ഓർക്കുന്നു.

എന്നാണ് നമ്മുടെ പെൺകുട്ടികൾ തികച്ചും പക്ഷപാതപരവും ക്രൂരവുമായ ഈ നെറികെട്ട വിവേചനത്തിൽ നി പുറത്തുവന്ന് ശുദ്ധവായു ശ്വസിക്കുക?!!! എന്നാണ് അവർ തുല്യനീതി പുലരുന്ന ഒരു സംസ്കൃതസമൂഹത്തിൽ സ്വാതന്ത്ര്യത്തിന്റെ മധു നുകരുക? എന്നാണ് അവർ ഭീതിപൂണ്ട കണ്ണുകളും സ്വയമൊളിപ്പിക്കന്ന ശരീരവുമായല്ലാതെ സമൂഹത്തിൽ തലയുയർത്തി നടക്കുക? സ്ത്രീയായി ജനിച്ചുപോയതിൽ ഈശ്വരനെയും ജനിപ്പിച്ചവരെയും പ്രാകാതെ, അവരെ നന്ദിപൂർവ്വം അഭിമാനപൂർവ്വം സ്മരിക്കുക ?
കുറഞ്ഞപക്ഷം എന്നാണ് നമ്മുടെ പെൺകുട്ടികൾ കേവലമനുഷ്യരായി ജീവിക്കുക??????

Monday, 5 May 2014

ജീവന്റെ പുസ്തകം

പിഞ്ചിയ പാവാടതെല്ലുയർത്തി വിണ്ടു-
കീറിയ നഗ്നപാദങ്ങളൂന്നി,
ഒറ്റവെൺശംഖു കൊരുത്ത കരിനൂലു
കുഞ്ഞുകഴുത്തിലണിഞ്ഞുകൊണ്ടേ
വീണുപോകും വനവല്ലിപോലെ കൊച്ചു-
പെൺകൊടിയാളിവൾ മുന്നിൽ നിന്നു.
വന്നെത്തിനോക്കാൻ മടിച്ചപോലെ മെയ്യിൽ
യൗവ്വനപ്പൂക്കൾ പിണങ്ങി നില്പൂ
.
കാടിൻ പരഭാഗശോഭപോലെ തെല്ലു-
പാറിപ്പറന്ന മുടിയിഴകൾ
കൊഞ്ചും കരിവളച്ചന്തമോലും കരം
മെല്ലെയുയർത്തിയൊതുക്കിവച്ചു
ചായം പുരട്ടാത്ത കൈനഖങ്ങൾക്കിട-
യ്ക്കെത്രയ ഴുക്കു നിറഞ്ഞിരിപ്പൂ
ഉള്ളിൽക്കയറാ ൻ മടിച്ചവൾ വാതിലിൻ
പിന്നിൽ മറഞ്ഞുപുറത്തുനിൽപൂ
പച്ചിലച്ചാർത്തിനടിയിൽ നിന്നോമന-
പിച്ചകപ്പൂമൊട്ടുദിച്ചപോലെ
മയ്യണിയാത്തനീൾക്കണ്ണുകളിൽചിരം
കുഞ്ഞുതാരങ്ങൾ വിരിഞ്ഞുനില്പൂ
തെല്ലുമടിച്ചവൾ പിഞ്ഞിയകുപ്പായ
വക്കിൽ പരതും വിരൽകളോടെ
മെല്ലെമെല്ലെ മുഖം ചെറ്റുയർത്തി ദൈന്യ-
മേറുന്നനോട്ടമെൻ നേർക്കയച്ചു
ലജ്ജയാലാകാം വിറപൂണ്ടവാക്കുകൾ
"വല്ലതും നൽകുമോ വായിക്കുവാൻ"
"കുഞ്ഞേ കടന്നിങ്ങുപോരൂ മടിയാതെ
നിൻ രുചിപോലെ തിരഞ്ഞെടുക്കു"

ഏറെപ്പരതിയ കുഞ്ഞുവിരലുകൾ
ചെന്നുടക്കീ 'മഹാഭാരത'ത്തിൽ
മൂകമാം ഭാഷയിൽ തെല്ലുമുഖംതിരി-
ച്ചെൻ നേർക്കു സമ്മതമോരുന്നുവോ
"നന്നായ് വരും നല്ലതൊന്നു തന്നെ കണ്ടു-
വച്ചു നീ 'മർത്ത്യകഥാനുഗാനം'
പഞ്ചേന്ദ്രിയങ്ങൾ തുറന്നേ പിടിച്ചതിൽ
സഞ്ചരിക്കൂ: മനം സാരഥിയായ്
നിന്നെതെളിക്കട്ടെ, നിൻ തേരുരുളുകൾ
കർമ്മമാർഗ്ഗത്തിൽ ചരിച്ചിടട്ടെ
ഓരോമനുഷ്യജന്മങ്ങൾക്കുമുള്ളിലേ
സംഗരവേദിയിൽ കെട്ടിയാടും
വേഷപ്പകർച്ചകൾ കണ്ടറിയൂ സ്വയം
കാണിയാകൂ കളിക്കാരിയാകൂ
ജീവന്റെ പുസ്തകമാണുനീ കൈവച്ച-
തെന്നറിയൂ ജീവനായി മാറൂ!

                                                          (മെയ് 2014)