പുഴപോലൊരു പെണ്ണ്
ഒഴുകുന്ന പുഴ പോലെ പെണ്ണ്‍.
ആപ്പുഴമാറില്‍
അലിയുന്ന വെയില്‍പോലെ പ്രണയം .
ചില്ലുചിന്നും പുഴയാഴത്തിലെ പരല്‍ -
കല്ലൊളി പെണ്ണിന്‍റെ കണ്ണില്‍.
പുഴയില്‍ തുളുമ്പുന്നു പെണ്ണിന്‍റെ നെഞ്ചിലും
കല്ലോലമോ പൊന്‍കിനാവോ!
മലയിറങ്ങിച്ചുരപ്പാത താണ്ടിക്കാട്ടു-
പൂവിന്റെ തേനില്‍ കുതിര്‍ന്ന്‍,
കന്മദപ്പൊട്ടിട്ടു കസ്തൂരി ഗന്ധത്തി-
ലാറാടിയാകെ മദിച്ച്,
ആയിരം കിങ്ങിണിച്ചാര്‍ത്തുള്ള നൂപുര -
ജാലങ്ങളൊന്നായ് കിലുക്കി ,
പോകും വഴിക്കൊരു കാട്ടുപുല്ലിന്‍ തണ്ടു
മെല്ലെയൊടിച്ചു കറക്കി,
പാവാട ഞൊറികള്‍ ചരിച്ചൊതുക്കിക്കാറ്റി-
ലളകങ്ങള്‍ പാറിപ്പറന്നേ,
ഒരു കരിമ്പാറയില്‍ നിന്നു മറ്റൊന്നിലേ
യ്ക്കാത്തകൌതൂഹലം ചാടി ,
പൊട്ടിച്ചിരിയായ് പതഞ്ഞു പാഞ്ഞെത്രയോ
സ്വപ്‌നങ്ങള്‍ മാറിലൊതുക്കി,
സ്വച്ഛയായ് പച്ചയായ്ഭൂമിയില്‍ സ്വന്തമായ്
സഞ്ചാര വീഥികള്‍ തേടി,
തെല്ലു വേഗത്തില്‍ ചിലപ്പോള്‍ പതുക്കെയും
ഒഴുകുന്നു മറയുന്നു പുഴയും ,
ആര്‍ക്കും പിടിതരാതാരെയോ മോഹിച്ചു
മായുന്നു മറയുന്നു ദൂരെ.
കട്ടിക്കരിങ്കല്‍ മതിലുകള്‍ തീര്‍ത്തു നാം
കെട്ടിയൊതുക്കാതിരിക്കൂ.
ഓമനിച്ചൊന്നു തലോടി നിന്നാല്‍ നിന്റെ
പാദം നനച്ചവള്‍ നില്‍ക്കും .
പിന്നാലെ കാലടിപ്പാടളന്നെത്തിടും
പണ്ടു ഭാഗീരഥി പോലെ .
നിറയുന്ന പെ ണ്ണാണ് പ്രണയമാണിപ്പുഴ
നെഞ്ചിലൊളിപ്പിച്ചു കാക്കൂ.
(ജനുവരി 2014)