Friday, 5 April 2013

ആൽക്കെമിസ്റ്റ്

പെയ്യാത്തതെന്തേ മഴത്തുള്ളി  നീയെന്റെ
പൊള്ളുന്ന നെഞ്ചിൻ കനൽ വിരിപ്പിൽ!
നീർമണിതുള്ളിത്തുളുമ്പാതെ നിൽക്കുന്ന
നീൾമിഴിയാഴത്തടാകങ്ങളിൽ!
മലകേറി മറയുന്ന, മരുഭൂമി താണ്ടുന്ന
പഥികനാകുന്നു ഞാൻ  കരിമേഘമേ,

മുതുകത്തു പേറുന്ന ഭാണ്ഡമുണ്ടായതിൽ
ഭൂതകാലത്തിന്റെ കദനമല്ലോ.
ഇടനെഞ്ചിലാകെ തിണർത്തൊരീപ്പാടുകൾ
വർത്തമാനത്തിന്റെ ചാട്ടനീറ്റൽ.
കാഴ്ച്ചകൾ കവിയുമീയതിരെഴാ മണലാഴി
ഞാനേ കടക്കേണ്ടുമാധിക്കടൽ.

ജന്മങ്ങളെത്രയായ് നിധി തേടിയലയുന്നു
മരുഭൂമി പേറുന്ന ഹൃദയങ്ങളിൽ.
സ്വപ്നങ്ങളൊക്കെയും സ്വർണ്ണമായ്ത്തീർക്കുന്ന
പ്രണയം തിരഞ്ഞേ നടക്കുന്നു ഞാൻ.
ഒരുകണം പോലും  പതിക്കാത്തതെന്തെന്റെ
ചില്ലുപാത്രത്തിന്റെ  ശൂന്യതയിൽ!

                                                                               (മെയ് 2013)